ചിറ്റൂർ: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കള്ളുത്പാദനത്തിൽ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജില്ലാതലത്തിലുള്ള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് അപേക്ഷ നൽകാം. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം കണക്കിലെടുത്തായിരിക്കും പരിശീലനം ആരംഭിക്കുക.
കള്ളുചെത്തുമായി ബന്ധപ്പെട്ട പ്രയോഗിക പരിശീലനത്തിനൊപ്പം പരിസ്ഥിതിസൗഹൃദ വിളവെടുപ്പ് രീതികളും പഠിപ്പിക്കും. രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ, ചെത്തുന്ന മരങ്ങളുടെ സംരക്ഷണം, ആവാസവ്യവസ്ഥയുടെ പരിപാലനം തുടങ്ങിയ വിഷയങ്ങൾക്കും പരിശീലനത്തിൽ പ്രാധാന്യം നൽകും. കള്ളുത്പാദന രംഗത്ത് ഉപയോഗിക്കാവുന്ന നൂതന സങ്കേതികവിദ്യകളും ഉപകരണങ്ങളും പരിചയപ്പെടാനും അവസരമൊരുക്കും. തൊഴിൽ സുരക്ഷയും ഉത്പന്നത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പരിശീലനരീതികൾ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് 15 വർഷത്തിനിടെ കള്ളുചെത്തു തൊഴിലാളികളുടെ എണ്ണം 25,000ത്തിൽനിന്ന് 5,000 ആയി കുറഞ്ഞതായാണ് കണക്ക്. കള്ളുത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. പുതിയ തലമുറയെ ചെത്ത് തൊഴിലിലേക്ക് കൊണ്ടുവരുന്നതിനും നിലവിലുള്ള തൊഴിലാളിക്ഷാമം കുറയ്ക്കുന്നതിനും പരിശീലന പരിപാടി സഹായകമാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് രണ്ട് ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലേക്കും ചിറ്റൂരിൽ നിന്നാന്ന് കള്ള് കൊണ്ടു പോകുന്നത്. കള്ള് ചെത്തുന്നതിലും കടത്തികൊണ്ടു പോകുന്നതിലും വലിയ കൃത്രിമങ്ങൾ നടക്കുന്നതായ പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. പുതിയ സംവിധാനം പ്രയോഗികമായാൽ ഇത്തരം പരാതികൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
The Toddy Workers Welfare Fund Board is launching a one-month training course to attract young people to the toddy-tapping industry. The initiative aims to address labour shortages while ensuring quality, safety and hygiene in toddy production.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |