കോട്ടയം : ട്രെയിനിൽ ടിക്കറ്റില്ല, കെ.എസ്.ആർ.ടി.സി സർവീസുകൾ പരിമിതം. ഇനി സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് വച്ചാലോ കൊള്ള നിരക്കും. പക്ഷേ, നാട്ടിലെത്തിയല്ലേ പറ്റൂ. കുടുംബാംഗങ്ങൾക്കൊപ്പം പൂജാവധി ആഘോഷിക്കാൻ എത്തുന്ന മറുനാടൻ മലയാളികളെ പിഴിയുകയാണ് സ്വകാര്യ ബസ് ലോബി. സാധാരണ ദിവസത്തേക്കാൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. അവസാന നിമിഷം സർവീസ് റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നെന്ന പരാതിയുമുണ്ട്. ബംഗളൂരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലാണ് സ്ഥിതി രൂക്ഷം. വിദ്യാർത്ഥികളും, ഐ.ടി ജീവനക്കാരുമാണ് ഏറെയും യാത്രക്കാർ. ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ട്രെയിൻ കുറവാണെന്നതും സ്വകാര്യ ബസ് കൊള്ള തടസമില്ലാതെ തുടരാൻ സഹായിക്കുന്നു. കോട്ടയം വഴി തിരക്കേറിയ ദിവസങ്ങളിൽ ബംഗളൂരുവിലേക്ക് 35 ലേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സിയാകട്ടെ ആറെണ്ണം മാത്രം. ചെന്നൈയിലേക്ക് 6 മുതൽ 10 വരെയും, മംഗലാപുരത്തേക്ക് പത്തിലേറെയും സ്വകാര്യ ബസ് സർവീസുകളുണ്ട്.
പണം മതി, സൗകര്യങ്ങൾ കുറവ്
വലിയ നിരക്ക് ബുക്ക് ചെയ്യുന്ന ബസുകളിൽ പലതിലും യാത്രാസൗകര്യങ്ങളും കുറവാണ്. എ.സി ബസുകളിൽ മുഷിഞ്ഞ കമ്പിളികൾ നൽകുക, എ.സി സംവിധാനം കൃത്യമായി പ്രവർത്തിക്കാതിരിക്കുക, സമയനിഷ്ഠ പാലിക്കാതിരിക്കുക തുടങ്ങിയവ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ബസ് നിറുത്തുന്നത് സുരക്ഷയില്ലാത്ത ഇടങ്ങളിലാണ്. വൃത്തിഹീനമായ ടോയ്ലെറ്റുകളും.
''അന്യസംസ്ഥാന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ആരംഭിക്കണം, സ്വകാര്യ ബസുകളുടെ നിരക്ക് വർദ്ധനയും സർവീസ് റദ്ദാക്കലും നിയന്ത്രിക്കണം, സുരക്ഷയും സൗകര്യവും ഉറപ്പാക്കണം.
-(ദീർഘദൂര യാത്രക്കാർ)
അവധി കഴിഞ്ഞ് മടങ്ങുന്നവർക്കും നിരക്കുവർദ്ധനയിൽ നിന്ന് രക്ഷയില്ല
നിരക്ക് ഉയർത്തുമ്പോൾ നൽകാൻ യാത്രക്കാർ നിർബന്ധതരാകുന്നു
അധിക സർവീസുകൾ ഒരുക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് വീഴ്ച
ബംഗളൂരു - കോട്ടയം നിരക്ക്
സ്വകാര്യ ബസ് 1500 - 3500
കെ.എസ്.ആർ.ടി.സി 1000-2500
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |