കടൽ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും കടലിന്റെ ആഴങ്ങളിലേയ്ക്കിറങ്ങണമെന്ന് ആഗ്രഹിക്കാത്തവരും ചുരുക്കമായിരിക്കും. എന്നാൽ വെറുതെ ആഗ്രഹിക്കുക മാത്രമല്ല, അതിനായി കഠിനപ്രയത്നം ചെയ്ത് ചരിത്രനേട്ടം സ്വന്തമാക്കിയ ഒരു മലയാളി പെൺകുട്ടിയുണ്ട്. പറഞ്ഞുവരുന്നത് അടുത്തിടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞ പാലക്കാട് പട്ടാമ്പി കരുവൻപടിയിലെ കെ വി അതുല്യയെ കുറിച്ചാണ്.
വെറും ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കുമപ്പുറം കടലിനെ അതിന്റെ ആഴങ്ങളിൽ ചെന്ന് തൊട്ടറിഞ്ഞവൾ. ദൃഢനിശ്ചയവും മനഃകരുത്തുകൊണ്ട് ഈ 28കാരി സ്വന്തമാക്കിയത് രാജ്യത്തെ ആദ്യത്തെ വനിതാ കൊമേഷ്സ്യൽ ഡൈവർ എന്ന ചരിത്ര നേട്ടമാണ്. കടലിനടിയിലൂടെയുള്ള വലിയ ഓയിൽഗ്യാസ് പൈപ്പ് ലൈനുകൾ, ഇന്റർനെറ്റ് കേബിളുകൾ എന്നിവയ്ക്ക് കേടുപാടുകൾ വന്നാൽ അറ്റ കുറ്റപ്പണികളും വെൽഡിംഗുമെല്ലാം വെള്ളത്തിനടിയിൽ പോയി ചെയ്യുകയാണ് അതുല്യയുടെ ജോലി. ഇപ്പോഴിതാ ഈ മേഖല തിരഞ്ഞെടുക്കാനുണ്ടായ കാരണങ്ങളും കടലാഴങ്ങളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങളും കേരള കൗമുദി ഓൺലൈനുമായി പങ്കുവച്ചിരിക്കുകയാണ് അതുല്യ.
കുട്ടിക്കാലം മുതൽ പൊലീസാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ സ്കൂൾ പഠനക്കാലത്ത് സ്പോർട്സിലെല്ലാം നല്ല ആക്ടീവായിരുന്നു. സിവിൽ സർവ്വീസ് ലക്ഷ്യംവച്ച് മെറ്റീരിയൽസ് കളക്ട് ചെയ്ത് വീട്ടിലിരുന്ന് പഠിച്ചിരുന്നു. എന്നാൽ തൃശ്ശൂർ സെന്റ്മേരീസ് കോളേജിലെ ബിരുദ പഠനകാലത്ത് ജെൻഡർ സ്റ്റഡീസ് ക്ലാസെടുക്കാൻ എത്തിയ അദ്ധ്യാപികയുടെ വാക്കുകളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. പുരുഷന്മാരാണ് ഡൈവിംഗ് മേഖലയിലേയ്ക്ക് വരുന്നതെന്നും എന്തുകൊണ്ടാണ് സ്ത്രീകൾ ഇപ്പോഴും സുരക്ഷിതമായ ജോലികൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ധ്യാപിക പറഞ്ഞതോടെയാണ് ഞാനും മാറി ചിന്തിച്ചു തുടങ്ങിയത്.
അഞ്ചുവർഷം മുൻപാണ് ഞാൻ സ്കൂബ ഡൈവിംഗ് ചെയ്ത് തുടങ്ങിയത്. കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ കാണാനും വിനോദത്തിനുമാണ് സ്കൂബ ഡൈവിംഗ്. അന്ന് കേരളത്തിൽ ഈ കോഴ്സ് ചെയ്തിരുന്ന ഏക പെൺകുട്ടി ഞാൻ മാത്രമായിരുന്നു. പൊതുവെ പുരുഷന്മാർ തിരഞ്ഞെടുക്കുന്ന മേഖലയാണ് സ്കൂബ ഡൈവിംഗ്, പ്രത്യേകിച്ച് കേരളത്തിൽ. എന്നാൽ അന്ന് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഞാൻ ഈ മേഖല തിരഞ്ഞെടുത്തു. രാത്രിയെന്നും പകലെന്നുമില്ലാതെ സ്കൂബ ഡൈവിംഗ് ചെയ്തു. കടലിന്റെ ആഴങ്ങളെ തൊട്ടറിഞ്ഞു. ഇതോടെയാണ് ജോലിയും ഈ മേഖലയിൽ മതിയെന്ന് തീരുമാനിച്ചത്.
കോവളത്തും ആൻഡമാനിലും കൊച്ചിയിലെ അക്വലിയോ ഡൈവ് സെന്ററിലും സ്കൂബ ഡൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിലെ ജാക്ക് ഡൈവ് ചെസ്റ്റ് അക്കാദമി സ്ഥാപകനെ കണ്ടുമുട്ടുന്നത്. എന്റെ താൽപ്പര്യംകണ്ട് അവർ എനിയ്ക്ക് ദക്ഷിണാഫ്രിക്കയിൽ കൊമേഴ്‌സ്യൽ ഡൈവിംഗിൽ സൗജന്യ പരിശീലനം നൽകി. മൂന്നുമാസത്തെ കോഴ്‌സ് പൂർത്തിയാക്കി അങ്ങനെ 2025 ജൂലായ് മാസം ഇന്റർനാഷണൽ മറൈൻ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കോഴ്‌സിന്റെ സർട്ടിഫിക്കറ്റും ലഭിച്ചു. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേഴ്‌സ്യൽ ഡൈവർ എന്ന നേട്ടം ഞാൻ സ്വന്തമാക്കിയത്.
ഈ നേട്ടത്തിലേയ്ക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞ നിമിഷം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. എന്റെ അവസാന ഡൈവ് 50 മീറ്ററായിരുന്നു. കടലിന്റെ ആഴത്തിലെത്തി തിരിച്ചുവരുന്നതുവരെയുള്ള ആ യാത്രയാണ് എന്നെ ഈ ഒരു റെക്കോർഡിന് അർഹയാക്കിയത്. എന്നെ സംബന്ധിച്ച് ആ നിമിഷം ഒരേസമയം വിഷമവും സന്തോഷവും അഭിമാനവും എല്ലാം നിറഞ്ഞതായിരുന്നു. ഇപ്പോഴും എങ്ങനെയാണ് ആ നിമിഷത്തെ വിശദീകരിക്കേണ്ടതെന്ന് എനിയ്ക്ക് അറിയില്ല. അന്ന് എനിയ്ക്ക് ഇന്ത്യയേക്കാൾ കൂടുതൽ അംഗീകാരം ലഭിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്.
ആദ്യത്തെ കടൽ യാത്രയുടെ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. പാലക്കാട് കടലില്ലാത്തതിനാൽ കടലിനെ കുറിച്ച് എനിയ്ക്ക് വലിയ ധാരണയൊന്നും ഇല്ലായിരുന്നു. അങ്ങനെയുള്ള ഞാനാണ് കടലിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കടലിലെ ഓരോ കാഴ്ച്ചയും എനിയ്ക്ക് അത്ഭുതമായിരുന്നു. കടലെന്ന് പറയുന്നത് ഒരു കളർബോക്സ് പോലെയാണ്. അത്രയും മനോഹരമായ കാഴ്ച്ചയാണ് കടലിനുള്ളിലേത്. അതുതന്നെയാണ് എന്റെ പ്രചോദനവും. മാത്രമല്ല ആ ദിവസമാണ് കരയിലെ പോലെ കടലിലും ഡിവൈസുകളിലൂടെയാണെങ്കിൽപോലും എനിയ്ക്ക് ശ്വസിക്കാനായത്. അത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു.
ഏറ്റവും കൂടുതൽ എന്നെ പിന്തുണച്ചത് എന്റെ കുടുംബം തന്നെയാണ്. അദ്ധ്യാപികയുടെ വാക്കുകേട്ട നിമിഷം മുതൽ ഞാൻ ഈ മേഖലയേയും കോഴ്സിനെയും കുറിച്ച് കൃത്യമായി പഠിച്ചിരുന്നു. ശേഷമാണ് വീട്ടിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലായി. ധൈര്യമായി മുന്നോട്ടുപോകാനാണ് എന്നോട് അച്ഛനും അമ്മയും ചേച്ചിയും അനുജനും പറഞ്ഞത്.
എന്റെ അച്ഛൻ ഒരു ഡ്രൈവറാണ്. അത്രയും സാധാരണക്കാരായ മാതാപിതാക്കളുടെ പിന്തുണ ലഭിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായി. കോഴ്സ് പഠിക്കാൻ പോയപ്പോൾ ദിവസവും അവർ എന്നെ വിളിക്കുമായിരുന്നു. എന്റെ കടലിലെ വിശേഷങ്ങൾ ക്ഷമയോടെ കേൾക്കും. അവരുടെ പിന്തുണ തന്നെയാണ് എന്റെ നേട്ടത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം.
ഒരു ഡൈവറെന്ന് നിലയിൽ നമ്മൾ ആദ്യം നോക്കേണ്ടത് ആ ദിവസത്തെ കാലാവസ്ഥയാണ്. ഇതിനുശേഷം മാത്രമേ യാത്രപോലും തീരുമാനിക്കുകയുള്ളൂ. കടലിലേയ്ക്ക് ഇറങ്ങുന്നതിന് മുൻപ് നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും വേണം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കടലിനുള്ളിൽവച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്. മെഡിക്കൽ പരിശോധനകൾ ചെയ്ത് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. പിന്നെ പ്രധാനമായും വേണ്ടത് ആത്മധൈര്യമാണ്.
ഇന്ത്യയിൽ കൊമേഷ്സ്യൽ ഡൈവർ തൊഴിൽസാദ്ധ്യത വളരെ കുറവാണ്. ഇനിയുണ്ടെങ്കിൽ തന്നെ ശമ്പളം കുറവായിരിക്കും. വിദേശത്ത് തന്നെയാണ് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത്.
ഇന്നത്തെക്കാലത്ത് എല്ലാവരും പുതിയ ചിന്താഗതിക്കാരാണ്. മാതാപിതാക്കൾ, കുട്ടികൾ അങ്ങനെ എല്ലാവരും കുറച്ചുകൂടി അപ്ഡേറ്റഡാണ്. ഒരുപാട് വ്യത്യസ്തമായ കാര്യങ്ങൾ യുവതലമുറ ചെയ്യുന്നുണ്ട്. വ്യത്യസ്തമായ മേഖലകളിലും കുട്ടികൾ കഴിവ് തെളിയിക്കണം. ഒരിക്കലും മാതാപിതാക്കൾ കുട്ടികളെ നിർബന്ധിച്ച് ഒരു മേഖലയും തിരഞ്ഞെടുപ്പിക്കരുത്. മറിച്ച് അവരുടെ അഭിരുചികൾ മനസിലാക്കി പിന്തുണ നൽകണം. അല്ലാതെ മാതാപിതാക്കളുടെ ഇഷ്ടം കുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കരുത്.
ഏതുകാര്യവും ഇഷ്ടപ്പെട്ട് ചെയ്താൽ അവിടെ കഷ്ടപ്പാടുണ്ടാകില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം ചെയ്യണമെന്നാണ് എനിയ്ക്ക് പുതുതലമുറയോട് പറയാനുള്ളത്. ചെയ്യുന്ന ജോലിയിലും യാതൊരു മടിയും തോന്നാതെ സന്തോഷത്തോടെ മുന്നോട്ടുപോകാൻ സാധിക്കണമെങ്കിൽ ഇഷ്ടപ്പെട്ട മേഖല തന്നെ തിരഞ്ഞെടുക്കണം. അതിനുള്ള പിന്തുണ മാതാപിതാക്കൾ നൽകുകയും വേണം.
Meet Atulya, Indias first female commercial diver, as she shares her inspiring journey deep-sea experiences challenges and the passion that drives her unique career beneath the ocean.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |