
തൃശൂർ: പീറ്ററിനൊരു ഷർട്ടുണ്ട്. നിറം മങ്ങാത്ത, ബട്ടൻസ് ഇളകാത്ത ഒരു പച്ച ഷർട്ട്. പഴക്കം: 56 വർഷം! ഈ 76ാം വയസിലും പീറ്ററിന്റെ ശരീരപ്രകൃതിക്കും ഷർട്ടിനും കാര്യമായ മറ്റമില്ല.
കഥ ഇങ്ങനെ: തൃശൂർ കുരിയച്ചിറ സ്വദേശിയായ പീറ്റർ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് ചേരാനിരിക്കുന്ന കാലം. പിതാവ് ടി.ജെ.ജോൺ ഒരു ഷർട്ടുവാങ്ങാൻ പണം നൽകി. കർഷക കുടുംബത്തിൽപ്പെട്ട പീറ്റർ തൃശൂരിലെ ഒരു ഷോപ്പിൽ നിന്നു പച്ചനിറത്തിലുള്ള തുണിവാങ്ങി തയ്പിച്ചു. അത് പതിവായി ഉപയോഗിച്ചിട്ടും നിറം മങ്ങിയില്ല. കേടുപാടുമില്ല. രണ്ടുവർഷം മുൻപ് എൻജിനിയറിംഗ് ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷത്തിനും ഇതേ ഷർട്ട് ധരിച്ചാണ് പോയത്. ഇത് ആ പഴയ ഷർട്ട് അല്ലേടാ... എന്ന് കൂട്ടുകാർ ചോദിച്ചു. ശരീരപ്രകൃതിക്ക് മാറ്റംവരാത്തതു കൊണ്ടുകൂടിയാണ് ഷർട്ട് ഉപയോഗിക്കാനാകുന്നതെന്ന് പീറ്റർ. 1970ൽ തയ്പിച്ച ഈ ഷർട്ട് തന്നെയാണ് വിവിധ ജോലികളിൽ പ്രവേശിക്കാനെത്തുമ്പോഴും ധരിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിക്കുമ്പോഴും ഒപ്പമുണ്ടായിരുന്നു ഈ ഭാഗ്യഷർട്ട്. ഗോവയിലെ ദാമോദർ ബൾക്ക് കാരിയേഴ്‌സ്, ഹോങ്കോംഗിലെ മെർക്കുറി ഷിപ്പിംഗ്, സിംഗപ്പൂരിലെ കപാൽ ഷിപ്പ് മാനേജ്‌മെന്റ്, കൊച്ചിയിലെ ട്രേഡ് ഷിപ്പിംഗ് തുടങ്ങി നിരവധി കമ്പനികളിൽ ചീഫ് എൻജിനിയറായി പ്രവർത്തിച്ചിട്ടുണ്ട്. മുക്കം എം.എ.എം.ഒ കോളേജിൽ റിട്ട. കെമിസ്ട്രി അദ്ധ്യാപിക ബെൻസി എം.തോമസാണ് ഭാര്യ. മൂന്ന് ആൺമക്കളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |