കാട്ടാക്കട: 34 വർഷം മുമ്പ് അയ്യപ്പനും സുരേഷും കാട്ടാക്കട ടെമ്പോ സ്റ്റാൻഡിൽ കണ്ടുമുട്ടി. ഇരുവരും നിസാര കൂലിക്ക് ജാേലി ചെയ്യുന്ന പന്ത്രണ്ടു വയസുള്ള ക്ളീനർമാർ. ഉറ്റ സൗഹൃദത്തിൽ അവർ പടുത്തുയർത്തിയത് ഒരു ഡസനിലേറെ വാഹനങ്ങൾ സ്വന്തമായുള്ള അശ്വതി ട്രാവൽസ്. കിട്ടുന്ന കൂലിയിൽ മിച്ചം പിടിച്ച് ഒരിടത്ത് നിക്ഷേപിച്ച് സമ്പാദ്യം തുടങ്ങിയതാണ്.
ഒരു ദിവസവും വേർപിരിഞ്ഞുള്ള ജീവിതം അവർക്കില്ല. എവിടെപ്പോയാലും ഒരു ബുള്ളറ്റിൽ. വേഷവും ഒന്ന്. ചെരുപ്പുപോലും ഒരേ മാേഡൽ. ആ ഒത്തൊരുമ വിവാഹത്തിലും ഉണ്ടായി. 2009 ഒക്ടോബർ 21ന് ഇരുവരും വിവാഹിതരായി. താമസമാക്കിയത് ഇരുവരും ചേർന്ന് നിർമ്മിച്ച വീട്ടിൽ.
കണ്ടല കരിങ്ങൽ കമല വിലാസത്തിൽ അയ്യപ്പനും (46) വീരണകാവ് മൈലോട്ടുമൂഴി കടയറ പുത്തൻവീട്ടിൽ സുരേഷ് കുമാറും (46) ദാരിദ്ര്യത്തോട് പടവെട്ടിയാണ് ഈ നിലയിലെത്തിയത്. ആദ്യം ഒരു ടെമ്പോ സ്വന്തമാക്കി. അത് ഓടിച്ചു വരുമാനമുണ്ടാക്കി. വാഹനങ്ങൾ രണ്ടായി... മൂന്നായി...
ഭാര്യമാരും ഒരുപോലെ
വിവാഹിതരായപ്പോഴും അകലാൻ പാടില്ലെന്ന് അവർ നിശ്ചയിച്ചു. ഭാര്യമാർക്കൊപ്പം താമസിക്കാൻ കാട്ടാക്കട കൊമ്പാടിക്കലിൽ "അശ്വതി " എന്ന വീട് പണിതു. ഭർത്താക്കന്മാർ പുലർത്തുന്ന ഐക്യം ഭാര്യമാർക്കുമുണ്ട്. അയ്യപ്പന്റെ ഭാര്യ സിനിയും സുരേഷിന്റെ ഭാര്യ ശരണ്യയും എവിടെയും ഒരുമിച്ചേ പോകാറുള്ളു, ഒരേവേഷത്തിൽ. അയ്യപ്പന്റെ മകൻ അമ്പാടി എ.എസ്.നായരും (15), സുരേഷിന്റെ മകൾ അശ്വതി എസ്.നായരും (15) പഠിക്കുന്നത് മാറനല്ലൂർ ഡി.വി.എൻ.എൻ.എച്ച്.എസ്.എസിൽ. ഒരേ ക്ലാസിൽ ഒരേ ഡിവിഷനിൽ. മക്കളും സൗഹൃദത്തിന്റെ മധുരം നുകർന്ന് ജീവിക്കണമെന്നാണ് അയ്യപ്പന്റെയും സുരേഷിന്റെയും ജീവിത സ്വപ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |