കുന്നത്തുകാൽ: ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യരിൽ പ്രമുഖനായ മഹാകവി കുമാരനാശാന്റെ സ്മരണയുണർത്തി, അരുവിപ്പുറത്ത് ചണ്ഡാലഭിക്ഷുകിയുടെ ശില്പം പൂർണതയിലേക്ക്. ആശാന്റെ അനശ്വര കൃതിയാണ് ചണ്ഡാലഭിക്ഷുകി.
അരുവിപ്പുറത്ത് ഗുരുദേവൻ വിശ്രമിച്ചിരുന്ന മന്ദിരത്തിനു സമീപത്തെ കിണറിനോട് ചേർന്നാണ് ശില്പം. ചണ്ഡാല യുവതിയിൽ നിന്ന് ബുദ്ധ ഭിക്ഷു ദാഹജലം സ്വീകരിക്കുന്ന അനശ്വര മുഹൂർത്തമാണ് സിമന്റ് ശില്പമായി രൂപപ്പെടുന്നത്. ചണ്ഡാലഭിക്ഷുകി രചിക്കുമ്പോൾ കുമാരനാശാൻ ഭാവനയിൽ കണ്ടത് ഈ കിണറാണെന്നും പറയപ്പെടുന്നു. ഗുരുദേവനൊപ്പം സമയം ചെലവഴിച്ചിരുന്ന വേളകളിൽ കുമാരനാശാൻ തങ്ങിയിരുന്നത് ഇതേ മന്ദിരത്തിലാണ്.
1903ൽ എസ്.എൻ.ഡി.പി യോഗം രജിസ്‌റ്റർ ചെയ്തപ്പോൾ ആദ്യ സെക്രട്ടറിയാകാനുള്ള നിയോഗം ഗുരുദേവൻ നൽകിയത് കുമാരനാശാനാണ്. ഈ ചരിത്ര നിയോഗവും
ഗുരുദർശനം ഉൾക്കൊണ്ട് ജാതിയുടെ അർത്ഥമില്ലായ്‌മ സ്വന്തം കൃതികളിൽ ഇതിവൃത്തമാക്കിയതും എക്കാലവും ഓർമ്മിക്കപ്പെടണം. അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ ഈ ആഗ്രഹമാണ് സഫലമാവുന്നത്.
സ്വാമി സാന്ദ്രാന ഈ ആശയം പങ്കുവച്ചപ്പോൾ, മുണ്ടക്കയത്തുള്ള ഡോ. അനിയനും ഭാര്യയും ചെലവ് വഹിക്കാൻ സന്നദ്ധരായി. രണ്ടുലക്ഷം രൂപയാണ് ചെലവ്. 1.3 ലക്ഷം രൂപ കൈമാറി. മൂന്നുമാസം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. കുറ്റിച്ചൽ സ്വദേശികളായ ഷമികുമാറും ഹർഷനുമാണ് ശില്പികൾ. പെയിന്റിംഗ് മാത്രമാണ് ഇനി ശേഷിക്കുന്നത്.
ആറ് അടി ഉയരം
ബുദ്ധഭിക്ഷുവിന്റെ കൈക്കുമ്പിളിലേക്ക് ദാഹജലം പകരുന്ന ചണ്ഡാലയുവതിയുടെ ശില്പത്തിനു ആറടി ഉയരമുണ്ട്. മുട്ടുകാലിലിരുന്ന് ജലപാനം ചെയ്യുന്ന ബുദ്ധഭിക്ഷുവിന്റെ ശില്പത്തിനു നാലരയടിയാണ് ഉയരം. ഒക്ടോബർ അവസാനം അനാവരണം നടത്താനാണ് ആലോചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |