SignIn
Kerala Kaumudi Online
Friday, 04 September 2026 1.35 AM IST

കിലോഗ്രാമിന് 80 രൂപയ്ക്ക് വാങ്ങിയ സാധനത്തിന് ഇപ്പോൾ 280 കൊടുക്കണം,​ തിരിച്ചടിയായത് ജ്യൂസ് കടകൾക്ക്

juice-1

കൊച്ചി: അടുക്കളയിലെ പതിവ് കൂട്ടുകാരായ ചെറുനാരങ്ങയ്ക്കും ഇഞ്ചിക്കും പൊള്ളുന്ന വില. വില കുത്തനെ ഉയർന്നതോടെ ചെറുകിട കടകളിൽ ചെറുനാരങ്ങ കിട്ടാനില്ല. ജൂലായിൽ കിലോഗ്രാമിന് 80 - 90 ആയിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോൾ 250- 280 രൂപ വരെയാണ് വില. കിലോഗ്രാമിന് 160 മുതൽ 200 രൂപ വരെ വർദ്ധന.

ഓണക്കാലത്ത് വില 120 രൂപയ്ക്കടുത്ത് എത്തിയെങ്കിലും പിന്നീട് താഴുമെന്നായിരുന്നു പ്രതീക്ഷ. ഓണം കഴിഞ്ഞിട്ടും വിലയിൽ കുറവുണ്ടായില്ല.

ഏതാനും മാസം മുമ്പ് 120 - 140 രൂപയായിരുന്ന ഇഞ്ചിക്ക് 180 രൂപ വരെയാണ് വില. കിലോഗ്രാമിന് 40 മുതൽ 60 രൂപ വരെയാണ് കൂടിയത്. 30 ശതമാനം വർദ്ധനവ്. ഓണക്കാലത്ത് കിലോഗ്രാമിന് 90 രൂപ വരെ എത്തിയിരുന്ന അച്ചാർ നാരങ്ങയുടെ വില 50 രൂപയായി കുറഞ്ഞിട്ടുണ്ട്.

ഉയർന്ന വിലയ്ക്ക് വാങ്ങി വിൽക്കുമ്പോൾ സാധനം വിറ്റഴിക്കാനാകില്ലെന്ന ആശങ്കയിൽ ചെറുകിട കച്ചവടക്കാർ പലരും കുറഞ്ഞ അളവിൽ മാത്രമാണ് ചെറുനാരങ്ങ എടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ഉത്പാദനവും വരവും കുറഞ്ഞു

ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്രപ്രദേശും തമിഴ്നാടുമാണ് കേരളത്തിലേക്ക് ചെറുനാരങ്ങ എത്തിക്കുന്നത്. തമിഴ്നാട്ടിലെ പുളിയങ്കുടിയിലും മറ്റ് പ്രദേശങ്ങളിലും കൃഷിയുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ചുള്ള വരവ് അവിടെ നിന്നുമില്ല. പുളിയങ്കുടിയിൽ ചെറുനാരങ്ങ കിലോഗ്രാമിന് 180 മുതൽ 190 രൂപ വരെയാണ് വില. ഗതാഗതച്ചെലവും മറ്റ് വിപണിച്ചെലവുകളും ചേർന്നാണ് കേരളത്തിലെ വില 200 രൂപ കടക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ കനത്ത മഴയും മോശം കാലാവസ്ഥയുമാണ് ഇഞ്ചിക്കൃഷിയെ ബാധിച്ചത്.

തിരിച്ചടി ജ്യൂസ് കടകൾക്കും

വിലക്കയറ്റത്തിന്റെ ആഘാതം നേരിടുന്നത് ജ്യൂസ് കടകളാണ്. നാരങ്ങാവെള്ളം ഉൾപ്പെടെയുള്ള പാനീയങ്ങൾ തയ്യാറാക്കാൻ ദിവസേന വലിയ തോതിൽ ചെറുനാരങ്ങ ആവശ്യമാണ്. വില ഇരട്ടിയിലേറെയായതോടെ നാരങ്ങാവെള്ളത്തിന്റെ വില കൂട്ടേണ്ടിവരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

നിലവിലെ വിലയിൽ ചെറുനാരങ്ങ വാങ്ങി പഴയ നിരക്കിൽ ജ്യൂസ് വിൽക്കുന്നത് വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടാക്കും. വില കൂട്ടിയാൽ ഉപഭോക്താക്കൾ കുറയാനും സാദ്ധ്യത.

വരവ് സാധാരണ നിലയിലാകുന്നതോടെ ചെറുനാരങ്ങയുടെ വില കുറയുമെന്നാണ് പ്രതീക്ഷ. വില കൂടിയതിനാൽ ചെറുകിട കച്ചവടക്കാർ എടുക്കുന്നില്ല

അഷ്റഫ് കെ.കെ

വ്യാപാരി

എറണാകുളം മാർക്കറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEMON PRICE, GINGER PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA