
തിരുവനന്തപുരം:സേനയിലെ ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസുദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ 19പൊലീസ് ജില്ലകളിൽ 'ഡിസ്ട്രിക്റ്റ് പൊലീസ് വെൽനസ് സെന്ററുകൾ' സ്ഥാപിക്കാൻ ഡി.ജി.പി ഉത്തരവിറക്കി. മാനസിക സംഘർഷമുള്ളവർക്ക് രഹസ്യമായി ഇവിടെ ചികിത്സ തേടാം. മാനസികാരോഗ്യപ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകി മാനസികപിന്തുണയുറപ്പാക്കും. ലഹരിക്ക് അടിമകളായവരെയും കുടുംബ-സാമ്പത്തിക പ്രശ്നങ്ങളുള്ളവരെയും സഹായിക്കും. വിദഗ്ദ്ധചികിത്സയ്ക്കായി ആശുപത്രികളിലേക്കും ലഹരിമുക്ത കേന്ദ്രങ്ങളിലേക്കും റഫറൽസംവിധാനവുമുണ്ട്. പൊലീസ് വെൽഫെയർ ബ്യൂറോയാവും ചെലവുകൾ വഹിക്കുക.
ജോലിയിലെ പിരിമുറുക്കവും സമ്മർദ്ദവും കാരണം ആത്മഹത്യകൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' 'സ്വയം ഒടുങ്ങി പൊലീസ് ' എന്ന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കൗൺസലിംഗിന് പൊലീസുകാർ തിരുവനന്തപുരത്ത് എത്തേണ്ടതിന്റെ പ്രായോഗികപ്രശ്നങ്ങൾ പരമ്പരയിൽ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ജില്ലകളിൽ 'വെൽനസ് സെന്ററുകൾ' ആരംഭിക്കുന്നത്.
സെന്ററിൽ ചികിത്സ തേടുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും. കോഡ് രൂപത്തിലായിരിക്കും വിവരങ്ങൾ രേഖപ്പെടുത്തുക. ചികിത്സാവിവരങ്ങൾ ഔദ്യോഗിക സർവീസ്റെക്കാഡുകളുമായി ബന്ധപ്പെടുത്തില്ല. കുടുംബാംഗങ്ങൾക്കും കൗൺസലിംഗുണ്ടാകും. നിശ്ചിതഇടവേളകളിൽ തുടർപരിശോധനകളുമുണ്ടാവും. ഓരോ സെന്ററിലും സെന്റർഹെഡ്, സൈക്കോളജിസ്റ്റ്, വെൽനസ് കോ-ഓർഡിനേറ്റർ എന്നിവരുണ്ടാവും. ജില്ലാപൊലീസ് മേധാവി നിർദ്ദേശിക്കുന്ന ഇൻസ്പെക്ടറായിരിക്കും സെന്റർഹെഡ്. സെന്ററിന്റെ പ്രവർത്തനം മൂന്നുമാസത്തിലൊരിക്കൽ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി വിലയിരുത്തും. സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി ഇതിലൊന്നിൽ പി.ജിയും എം.ഫിലുമുള്ളവരെ സൈക്കോളജിസ്റ്റായി നിയമിക്കും. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, കൗൺസലിംഗ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിലൊന്നിൽ ബിരുദമുള്ള പൊലീസുദ്യോഗസ്ഥനാവും
കോ-ഓർഡിനേറ്റർ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും നിയമനം.
8വർഷത്തിനിടെ ആത്മഹത്യ ചെയ്തത്:130പൊലീസുകാർ
ചികിത്സയ്ക്ക് 2ദിവസം ഡ്യൂട്ടിലീവ്
ചികിത്സയ്ക്കെത്തുന്നവരുടെ സ്വകാര്യത ഉറപ്പാക്കും. ചികിത്സതേടിയയാളുടെ പേരും ആരോഗ്യനിലയും കുടുംബവിവരങ്ങളും രഹസ്യമായിരിക്കും. ഇത് വ്യക്തിയുടെ സമ്മതമില്ലാതെ സഹപ്രവർത്തകർക്കോ മേലുദ്യോഗസ്ഥർക്കോ കൈമാറരുത്.
സെന്ററിലെത്തുന്നവർക്ക് 2ഡ്യൂട്ടിലീവ് നൽകും. രഹസ്യസ്വഭാവം ലംഘിക്കുന്നത് ഗുരുതരമായ തെറ്റായി പരിഗണിക്കും. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കാരണമാവും. ചികിത്സതേടിയത് ഒരുശിക്ഷാ നടപടിയിലും പരിഗണിക്കരുത്.
അടിയന്തര ആവശ്യങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി 24മണിക്കൂറും ഹെൽപ്പ് ലൈനുണ്ടാവും. റിലാക്സേഷൻ ടെക്നിക്കുകൾ, ഫാമിലിതെറാപ്പി, ആംഗർമാനേജ്‌മെന്റ്, തർക്കപരിഹാരപരിശീലനം, കോഗ്നിറ്റീവ് തെറാപ്പി എന്നിവയുണ്ട്.
''സേനാംഗങ്ങളുടെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിന് വെൽനസ് സെന്റർ സഹായിക്കും. ദീർഘമായ ജോലിസമയം, അക്രമങ്ങൾ, ദാരുണസംഭവങ്ങൾ എന്നിവ അഭിമുഖീകരിക്കുന്നതിനാലുളള മാനസികസമ്മർദ്ദം ഇല്ലാതാക്കേണ്ടതുണ്ട്''
-റവാഡചന്ദ്രശേഖർ,
പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |