SignIn
Kerala Kaumudi Online
Thursday, 15 October 2026 1.36 AM IST

തുലാവർഷം ഇന്നെത്തും

rain

തിരുവനന്തപുരം: ദുർബലമായി പെയ്തൊഴിഞ്ഞ കാലവർഷത്തിനു പിന്നാലെ ഇന്നു മുതൽ തുലാമഴ പെയ്തുതുടങ്ങും. ഒരാഴ്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ ശക്തമായിരിക്കും. ഉച്ചകഴിഞ്ഞ് ഇടിയോടുകൂടിയ മഴയ്ക്കാണ് സാദ്ധ്യത.
അറബിക്കടലിൽനിന്നു തെക്കുപടിഞ്ഞാറൻ ദിശയിലേക്കുള്ള കാറ്റാണ് കേരളത്തിൽ കാലവർഷം എത്തിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കു കിഴക്കൻ കാറ്റാണ് തുലാവർഷ സാഹചര്യമൊരുക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദ പാത്തി എന്നിവ മഴ സാദ്ധ്യത കൂട്ടുന്നു. എന്നാൽ, എൽനിനോ സ്വാധീനം മൂലം ഡിസംബർ വരെയുള്ള തുലാവർഷകാലയളവിൽ പൊതുവെ മഴ ദുർബലമാകാനാണ് സാദ്ധ്യത. കാലവർഷത്തിലെ മഴക്കുറവ് 28% ആയിരുന്നു.

4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.മി.മീ വരെ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കരുതുക, ഇടിമിന്നലിനെ
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രതവേണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. മിന്നലേറ്റയാളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹമുണ്ടാകില്ല. അതിനാൽ ഉടൻ പ്രഥമശുശ്രൂഷ നൽകി വൈദ്യസഹായം ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA