തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഏലം കൃഷിക്ക് പാട്ടത്തിന് കൊടുക്കുന്ന സർക്കാർ ഭൂമിയിൽ വ്യാപക ക്രമക്കേടും അഴിമതിയും. സർവേ നമ്പർ തിരുത്തി ഏലമലക്കാടിന്റെ ഭാഗമല്ലാതാക്കി മറിച്ചു വിറ്റു.
ഇത്തരം 600ലേറെ കേസുകൾ കണ്ടെത്തി. ഏക്കറിന് 40 മുതൽ 70 ലക്ഷം വരെ വിലയ്ക്കാണ് മറിച്ചു വില്പനയെന്നാണ് സൂചന. ഏലമലക്കാടിലെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്.
പാട്ടഭൂമിയിൽ ഏലം കൃഷിയും തൊഴിലാളികൾക്ക് പാർപ്പിടവും മാത്രമേ പാടുള്ളൂ. ഏലത്തോട്ട പാട്ടം നടപടികൾക്ക് മാത്രമായി കുമളിയിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസ് ലക്ഷങ്ങൾ കൈപ്പറ്റി എല്ലാത്തിനും കണ്ണടയ്ക്കുകയാണ്.
പാട്ടം പുതുക്കി നൽകാനുള്ള അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ ആ വഴിക്ക് സർക്കാരിന് വൻ നഷ്ടവും സംഭവിക്കുന്നു. ലാൻഡ് റവന്യൂ കമ്മിഷണർ നിയോഗിച്ച ആറംഗ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.
പാട്ടത്തിന് വേണ്ടി 2021 മുതൽ ലഭിച്ച 380 അപേക്ഷകൾ രജിസ്റ്ററിൽ പോലും രേഖപ്പെടുത്താതെ 50 വീതമുള്ള കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുകയാണ്. പാട്ടം പുതുക്കാൻ 2022 മുതൽ ലഭിച്ച 1606 അപേക്ഷകളിൽ ഫയലുകളാക്കി മാറ്റിയത് 648 എണ്ണം മാത്രം.
ഉദ്യോഗസ്ഥ ഒത്താശ
പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി താലൂക്കുകളിലെ 31 വില്ലേജുകളിലായി ഏലം കൃഷിക്ക് അനുയോജ്യമായി 1,07,197 ഹെക്ടർ ഭൂമിയാണ് വേർതിരിച്ചിട്ടുള്ളത്. ഇതിൽ 10,770 ഹെക്ടർ മാത്രമാണ് പാട്ടത്തിന് വിട്ടുകൊടുത്തിട്ടുള്ളത്. കാലാവധി കഴിയുന്ന മുറയ്ക്ക് പാട്ടം പുതുക്കി നൽകുന്ന ജോലിയാണ് സെറ്റിൽമെന്റ് ഓഫീസിനുള്ളത്. പാട്ടം പുതുക്കാൻ സെന്റ് ഒന്നിന് അര ലക്ഷം മുതൽ ഒരു ലക്ഷം വരെ പടിവാങ്ങി വീതം വയ്ക്കുന്നു. 20 ജീവനക്കാരാണുള്ളത്. ഫീൽഡ് ജോലികൾ നിർവ്വഹിക്കേണ്ട രണ്ട് ഡെപ്യൂട്ടി തഹസീൽദാർമാർ, മൂന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർമാർ, രണ്ട് വില്ലേജ് അസിസ്റ്റന്റുമാർ എന്നിവർ വർഷങ്ങളായി അഡ്വാൻസ് ടൂർ ഡയറി തയ്യാറാക്കുകയോ മേലധികാരിക്ക് സമർപ്പിക്കുകയോ ചെയ്തിട്ടില്ല.
സർക്കാരിന് നഷ്ടം,
പാട്ടക്കാരന് നേട്ടം
20 വർഷത്തേക്ക് ഒരു ഹെക്ടറിന് 5000 രൂപ പ്രീമിയവും പ്രതിവർഷം 250 രൂപ പാട്ടത്തുകയുമാണ് സർക്കാരിന് കിട്ടുക. ഒരേക്കർ ഏലത്തോട്ടത്തിൽ നിന്നു കിട്ടുന്നത് 500 കിലോ ഏലം. ഇപ്പോഴത്തെ മാർക്കറ്റ് പ്രകാരം (₹2500 /കിലോ) ഒരേക്കറിൽ നിന്ന് പാട്ടക്കാരന് കിട്ടുന്നത് 12.5 ലക്ഷം രൂപ. ഉത്പാദന ചെലവ് കഴിഞ്ഞുള്ള ലാഭം 6.25 ലക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |