SignIn
Kerala Kaumudi Online
Thursday, 15 October 2026 2.18 AM IST

വെട്ടിക്കാടുണ്ട് അടക്കാ പൈൻ, വംശനാശം നേരിട്ട വൃക്ഷം

READ ENGLISH VERSION
pine2

കൊച്ചി: വെട്ടിക്കാട് തടി ഡിപ്പോ, ബ്രിട്ടീഷുകാർ കിഴക്കൻ കാടുകളിൽ നിന്ന് തടിവെട്ടി സൂക്ഷിക്കാൻ സ്ഥാപിച്ചത്. 10 ഏക്കറോളമുള്ള ഡിപ്പോ പരിസരം അത്യപൂർവ മരങ്ങൾ വളരുന്ന സുന്ദര വനമാണ്. ഏറെക്കുറെ വശംനാശം വന്ന അടക്കാ പൈൻ ഉൾപ്പെടെയുണ്ടിവിടെ.

എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ മൂവാറ്റുപുഴയാറിന്റെ തീരത്താണ് വെട്ടിക്കാട് ഡിപ്പോ. വനം വകുപ്പിന്റെ ഏറ്റവും പഴയ ഡിപ്പോകളിലൊന്ന്. ആരംഭിച്ച വർഷമേതെന്ന രേഖയില്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനമോ 20-ാം നൂറ്റാണ്ടിന്റെ ആദ്യമോ ആകാമെന്ന് വനം വകുപ്പ് പറയുന്നു. 1924ലെ മഹാപ്രളയത്തിൽ വെള്ളം പൊങ്ങിയതിന്റെ നിരപ്പ് കെട്ടിടത്തിൽ രേഖപ്പെടുത്തിയത് മാഞ്ഞിട്ടില്ല.

100ലേറെ വർഷം പഴക്കമുള്ള വെട്ടി, കാഞ്ഞിരം, മഹാഗണി, നാട്ടുമാവുകൾ എന്നിവയും പ്രധാന ആകർഷണമാണ്. വനപാലകർ നട്ടുപിടിപ്പിച്ച മരവുരി, കരിമരം, നാങ്കു, ബീഡിയിലമരം, നീർമാതളം തുടങ്ങി 50 ഇനം മരങ്ങളുണ്ട്.

ഓഫീസ് മന്ദിരം പൈതൃകസ്‌മാരകമായി സംരക്ഷിക്കുന്നു. കേരളീയ വാസ്തുവിദ്യയും കൊളോണിയൽ ശൈലിയും ഒത്തുചേരുന്ന മേൽക്കൂരയും തൂണുകളുമാണ്.

അടക്കാ പൈൻ

വാറ്റിക ചിനൻസിസ് (Vatica chinensis) എന്ന് ശാസ്ത്രനാമമുള്ള അടക്കാ പൈൻ പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും മാത്രമാണ് വളരുന്നത്. ചെറുപൈൻ, പയിനിപ്പശ, വെള്ളപൈൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശ്രീലങ്കയിൽ വംശനാശം സംഭവിച്ചവയുടെ പട്ടികയിലാണ്. 30 മീറ്റർ വരെ ഉയരത്തിലും മൂന്ന് മീറ്റർ വരെ വ്യാസത്തിലും വളരും. എപ്പോഴും പച്ചപ്പുള്ള അടയ്ക്കാ പൈൻ പണ്ട് പല കാവുകളിലുമുണ്ടായിരുന്നു. ആയുർവേദ മരുന്ന് നിർമ്മിക്കാൻ ഇതിന്റെ ഇലയും കറയും ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കായ്കൾക്ക് ജാതിക്കയോട് സാദൃശ്യമുണ്ട്.

വി.ഡി. സതീശന്റെ പിതാവ്

മുൻ ഓഫീസർ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അച്‌ഛൻ ദാമോദര മേനോൻ വെട്ടിക്കാട് ഡിപ്പോ ഓഫീസറായിരുന്നു. 1975നും 1980നുമിടയിലാണ് അദ്ദേഹം ജോലി ചെയ്‌തതെന്ന് മുൻ ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളത്തിലെ സ്വാഭാവിക വനങ്ങളിൽ പോലും കാണാൻ കഴിയാത്ത അടക്കാ പൈൻ സംരക്ഷിക്കുന്നത് ഡിപ്പോയുടെ വലിയ അഭിമാനമാണ്

-ഡോ. ജി. പ്രസാദ്

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VETTIKAD DEPOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA