
കാസർകോട്: കരുത്തും കരവിരുതുംകൊണ്ട് പുരുഷന്മാർ ആധിപത്യം ഉറപ്പിച്ചിരുന്ന മരപ്പണിയിൽ ഉളികൊണ്ട് സ്വന്തം കൈയൊപ്പ് ചാർത്തുകയാണ് കാസർകോട് ബോവിക്കാനത്തെ സ്നേഹ. കുട്ടിക്കാലത്ത് കൗതുകം കൊണ്ടു തുടങ്ങിയതാണ് അച്ഛന്റെ പാതയിലൂടെയുള്ള യാത്ര. ചെറിയ പ്രായത്തിൽ മരക്കഷ്ണങ്ങൾ എടുത്തു കൊടുക്കാൻ ഒപ്പം കൂടിയതാണ്. പതുക്കെ ഉളിയും ചുറ്റികയും കൈയിലെടുത്തു. അച്ഛൻ തടഞ്ഞില്ല, പകരം പ്രോത്സാഹിപ്പിച്ചു. അങ്ങനെ മരപ്പണി പഠിച്ചു.
ആറാം ക്ലാസ് മുതൽ സ്കൂൾ ശാസ്ത്രമേളകളിൽ മരപ്പണിയിൽ മത്സരിച്ച ഏക പെൺകുട്ടിയായിരുന്നു സ്നേഹ. ഹൈസ്കൂൾ ശാസ്ത്രമേളയിൽ എത്തിയപ്പോൾ, മത്സരിച്ച 40 കുട്ടികളിൽ ഏക പെൺകുട്ടിയായി. എല്ലായിടത്തും സമ്മാനങ്ങൾ നേടി.
ക്രമേണ തടിപ്പണിയെ ജീവിതത്തോട് ചേർത്തുവച്ചു. ബിരുദവും സൈബർ സെക്യൂരിറ്റി ഡിപ്ലോമയും കൈയിലുണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിന്റെ തിരക്കിലാണ് ഈ 22കാരി. 30 വർഷമായി മരപ്പണി ചെയ്യുന്ന പിതാവ് ശശിധരനാണ് ഗുരു.
കണക്കു പിഴയ്ക്കരുത്
മരങ്ങൾ ഉളി കൊണ്ട് സൈസ് ആക്കി എടുത്ത് കൃത്യമായ അളവിൽ സ്നേഹ തന്നെ ഉരുപ്പടികൾ പണിയും. എല്ലാം കണക്കിന്റെ വിസ്മയമാണെന്നും ചെറിയ പിഴവുപോലും പൂർണത നഷ്ടപ്പെടുത്തുമെന്നും സ്നേഹ പറയുന്നു. പഠിച്ച സ്കൂളും വീടും എല്ലാം കൊവിഡ് സമയത്ത് മരത്തിൽ ചെറുരൂപങ്ങളായി നിർമ്മിച്ച് വിസ്മയിപ്പിച്ചിരുന്നു. പ്ലസ് ടു പഠിക്കുന്ന സമയത്ത് മരപ്പണിക്ക് ഇടവേള നൽകിയെങ്കിലും ബിരുദവും സൈബർ സെക്യൂരിറ്റിയിൽ ഡിപ്ലോമയും നേടി വീണ്ടും മരപ്പണി തുടരുന്നു. സംശയം തോന്നിയാൽ എന്തിനും ഏതിനും കൂടെ നിൽക്കാൻ അച്ഛൻ ശശിധരൻ ഒപ്പമുണ്ട്. പഠിച്ച മേഖലയിൽ ജോലി ലഭിച്ചാലും പ്രാണനായ മരപ്പണി ഉപേക്ഷിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സ്നേഹ. അമ്മ സ്മിതയും പിന്തുണയുമായി ഒപ്പമുണ്ട്.
ആണുങ്ങൾ മാത്രമുള്ള ഈ രംഗത്തേക്ക് എത്തിയപ്പോൾ സന്തോഷം തോന്നി, ഒരു പെണ്ണ് ആയതിനാൽ നല്ല സപ്പോർട്ടാണ് ലഭിക്കുന്നത്.
-സ്നേഹ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |