SignIn
Kerala Kaumudi Online
Monday, 13 July 2026 3.41 AM IST

മത്തിക്ക് 350,​ അയലയ്ക്ക് 400 രൂപ; മീൻ വില കുതിക്കുന്നതിന് പിന്നിൽ

fish
മീൻകറി

കാളികാവ്: ചിക്കനും മീനിനും വില പറപറക്കുന്നു. രണ്ടുമാസത്തോളമായി ഇരട്ടിയിലേറെ വർദ്ധനയാണ് ചിക്കനും മീനിനും ഉണ്ടായിട്ടുള്ളത്.

കേരളത്തിൽ ട്രോളിംഗ് നിരോധനമുള്ളതിനാലാണ് മീനിന് വില കൂടിയതെങ്കിൽ കോഴിത്തീറ്റയുടെ വില വർദ്ധനവ് കാരണം ചെറുകിട ഫാമുകൾ പലതും അടച്ചിട്ടതാണ് ചിക്കൻ വില കൂടാൻ കാരണമായി പറയപ്പെടുന്നത്.

ആറുമാസം മുമ്പ് 50 കിലോ തീറ്റപാക്കിന് 1,500 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 2,500 രൂപയായി. ഇതോടെ കോഴിവളർത്തൽ ലാഭകരമല്ലാതായതാണ് ചെറുകിടഫാമുകൾ അടച്ചിടാൻ കാരണം.

ലൈവ് ചിക്കന് 175 രൂപയും ഇറച്ചിക്ക് 260 രൂപയുമാണ് ഇപ്പോഴത്തെ വില.

ചിക്കൻവില പിടിച്ചു നിറുത്തുന്നതിനായി സർക്കാരിന്റെ കീഴിലുള്ള കേരള ചിക്കനും വിലകൂട്ടി. 285 രൂപയാണ് വില.

കോഴിത്തീറ്റക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമാണ് വിലകൂടാൻ കാരണമായത്. ചോളം, സോയ, കടലപ്പിണ്ണാക്ക് എന്നിവയുടെ വില വൻതോതിൽ വർദ്ധിച്ചതായി കോഴിത്തീറ്റ നിർമ്മാതാക്കൾ പറയുന്നു.

കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും ലഭിക്കുന്നത് ഇപ്പോഴും തമിഴ് നാട്ടിൽനിന്നാണ്. വില നിശ്ചയിക്കുന്നതും തമിഴ്‌നാട് ലോബിയാണ്. സംസ്ഥാനത്തെ ചെറുകിട ഫാമുകളിൽ പലതും പ്രവർത്തനം നിറുത്തിയതോടെ തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ കോഴി ഇറക്കി ലോബി ലാഭം കൊയ്യുകയാണ്.

ഇപ്പോഴത്തെ നില തുടർന്നാൽ രണ്ടാഴ്ചക്കുള്ളിൽ ചിക്കൻ വില മുന്നൂറ് കടക്കുമെന്ന് വ്യാപാരികൾ പറയുന്നു.പൊതു വിപണിയിലെ വിലയേക്കാൾ വില കുറച്ച് വിൽപ്പന നടത്തുന്നതിനും വിലനിയന്ത്രിക്കുന്നതിനുമാണ്

കേരള ചിക്കൻ തുടങ്ങിയതെങ്കിലും അതിന്റെ ഗുണവും ലഭിക്കുന്നില്ല.

മേലേക്ക് മീൻവില

  • മീനിന്റെ വില കയറുന്നതിന് യാതൊരു നിയന്ത്രണവുമില്ല.സർക്കാർ ഏജൻസികൾക്ക് ഇതിൽ ഇടപെടാനുമാവില്ല.
  • ഇന്ന് മത്തിക്ക് കിലോക്ക് 200 ആണെങ്കിൽ നാളെ 300 എന്ന അവസ്ഥയിലാണ് വിലനിലവാരം.
  • ട്രോളിംഗ് നിരോധമുള്ളതിനാൽ തമിഴ് നാട്,ഗോവ,ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് മീൻ കൂടുതലായെത്തുന്നത്. ചെലവ് കൂടുന്നതിനാൽ വിലയും കൂടുന്നു.
  • സാധാരണക്കാരന്റെ ഐറ്റമായ മത്തിക്ക് 300-350, അയല 360-400, ചൂര 280-350,കൂന്തൾ 350-420, നത്തോലി 200-240,ആവോലി 600-650, നെയ്മീൻ 750-800, ചെമ്മീൻ 350-450 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില നിലവാരം.
  • ഈ മാസാവസാനത്തോടെ ട്രോളിംഗ് തീരുന്നതോടെ മീൻ അൽപ്പം താഴോട്ടു വരും.എന്നാൽ ചിക്കൻ വില അടുത്തൊന്നും കുറയാനിടയില്ലെന്നാണ് വിപണി സൂചന.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA