
തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കിയ മലയാളി പെൺകുട്ടികൾ അന്താരാഷ്ട്ര വേദിയിലേക്ക്.
. ഹൈദരാബാദിൽ വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് പതിനാലുകാരായ കാത്‌ലൻ മേരി ജീസനും നവിക ഡി.നായരും അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഈ ഡിസംബറിൽ പ്യൂർട്ടോറിക്കയിൽ നടക്കുന്ന ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
മാള ഹോളി ഗ്രേയ്സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് കാത്‌ലിൻ . കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയാണ് നവിക.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ പരിശീലനം നൽകുന്ന ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബോട്ടിക്സിലെ സിനർജി ടീം അംഗങ്ങളാണ് ഇരുവരും. ഇതാണ് ഇരുവരെയും ഒന്നിപ്പിച്ചത്.
പ്രാചീന ഡാറ്റകളും അറിവുകളും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കാത്‌ലിനും നവികയും ഈ പ്രോജക്ടിലേക്ക് എത്തിയത്. പരമ്പരാഗതമായി മാസങ്ങൾ വേണ്ടിവരുന്ന അതിസൂക്ഷ്മമായ പ്രവൃത്തിയാണ് താളിയോല സംരക്ഷണം. ഈ പ്രതിസന്ധിക്ക് റോബോട്ടിക്സിന്റെയും നിർമിത ബുദ്ധിയുടെയും സാദ്ധ്യതകളിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഇവർ.
'സ്മൃതി 1.0'
ഇവർ വികസിപ്പിച്ച 'സ്മൃതി 1.0' എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ താളിയോല സംരക്ഷണം പൂർത്തിയാക്കാൻ സാധിക്കും. താളിയോലകൾക്ക് കേടു വരാത്തവിധം പ്രത്യേക കൺവെയർ സംവിധാനത്തിലൂടെ പൊടിയും അഴുക്കും നീക്കം ചെയ്യും. തുടർന്ന് ദീർഘകാല സംരക്ഷണത്തിനുള്ള ലേപനങ്ങൾ പുരട്ടും. ഹൈ റസല്യൂഷൻ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളുടെ ഓരോ സൂക്ഷ്മ വശവും ഡിജിറ്റലായി ഒപ്പിയെടുക്കും. പ്രാചീന ലിപികളെ വായിച്ചെടുത്ത് എഡിറ്റ് ചെയ്യാവുന്ന കംപ്യൂട്ടർ ടെക്സ്റ്റ് ഫയലാക്കി മാറ്റാൻ ഇതിലെ എ.ഐ എൻജിന് സാധിക്കും. സ്‌കാൻ ചെയ്ത വിവരങ്ങൾ ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനിലൂടെ ലോകമെമ്പാടുമുള്ള ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും തത്സമയം ലഭ്യമാക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |