SignIn
Kerala Kaumudi Online
Saturday, 05 September 2026 3.36 AM IST

തലസ്ഥാനത്തിന്റ മുഖം മാറും; വരുന്നത് രാജ്യത്തെ ഏറ്റവും ആധുനിക മെട്രോ,​ ചെലവ് 8000 കോടി

metro
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ മെട്രോറെയിൽ പദ്ധതിക്കുള്ള ഡി.പി.ആർ സർക്കാർ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് അയച്ചേക്കും. രാജ്യത്തെ ഏറ്റവും ആധുനിക മെട്രോയാണ് തിരുവനന്തപുരത്ത് വരുന്നത്. മെട്രോയ്ക്കൊപ്പം മറ്റ് ഗതാഗത സംവിധാനങ്ങളും കൂട്ടിച്ചേർക്കുന്ന ഏകോപിത നഗരഗതാഗതം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറും.

റോഡ്-റെയിൽ-വിമാന-ജലഗതാഗത മാർഗങ്ങൾ സംയോജിപ്പിക്കുന്നത് വലിയ മാറ്റത്തിനാണ് വഴിതുറക്കുക. തമ്പാനൂർ,മെഡിക്കൽകോളേജ്, ടെക്നോപാർക്ക്,വിമാനത്താവളം,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ തലസ്ഥാനത്തിന്റെ കണക്ടിവിറ്റിയും കൂട്ടും. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസരിച്ചുള്ളതാണ് പദ്ധതിരേഖ. ഭൂമിയേറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയാണുള്ളത്. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിൽ മെട്രോട്രാക്ക് സ്ഥാപിക്കും. എല്ലാസ്റ്റേഷനുകളിലും പാർക്കിംഗും ഫീഡർ സർവീസുമുണ്ടാവും. അത്യാധുനിക സാങ്കേതികവിദ്യയും കോച്ചുകളും ഉൾപ്പെടുത്തും. കൊച്ചിയിലേതുപോലെ മീഡിയം മെട്രോയാകും ഇവിടെയും.

മെട്രോയുടെ ഭാഗമായി പാപ്പനംകോട്ടും ആനയറയിലും വലിയ സൗകര്യങ്ങളൊരുങ്ങും. കഴക്കൂട്ടത്ത് മെട്രോയാർഡുമുണ്ടാവും. മെട്രോതുടങ്ങുന്ന പാപ്പനംകോട് ഒരു ഇന്റർമോഡൽ ഹബ്ബായി വികസിപ്പിക്കും. നെയ്യാറ്റിൻകര,ബാലരാമപുരം,പാറശാല എന്നിവിടങ്ങളിലെ യാത്രക്കാർക്ക് സ്വന്തം വാഹനം അവിടെ പാർക്ക് ചെയ്ത് മെട്രോയിൽ തുടർയാത്രയാവാം. ഇതോടെ നഗരത്തിലേത്തുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകും.

ആനയറയിലെ മൾട്ടിമോഡൽ ഹബിൽ മെട്രോ, റോഡ്,റെയിൽ,വ്യോമ,ജലഗതാഗതം എന്നിവയെ ബന്ധിപ്പിക്കും. ദേശീയപാത,കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ,തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,പാർവതി പുത്തനാറിലെ ജലപാത എന്നിവയോടുള്ള സാമീപ്യമാണ് ആനയറയ്ക്ക് ഗുണകരമായത്.

ഭാവിയിൽ പാർവതീപുത്തനാറിലൂടെ വാട്ടർ മെട്രോ സർവീസ് തുടങ്ങാനും മെട്രോയുമായി സംയോജിപ്പിക്കാനും പദ്ധതിയുണ്ട്. കഴക്കൂട്ടത്ത് 20 ഏക്കറിലാണ് അറ്റകുറ്റപ്പണിക്കുള്ള മെട്രോയാർഡ്. സ്റ്റേഷനുകളിൽ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും എലിവേറ്ററുകളുമുണ്ടാവും. വിപുലമായ പാർക്കിംഗ് സൗകര്യവും സജ്ജമാക്കും. പദ്ധതി നേമംവരെ നീട്ടണമെന്ന് രാജീവ്ചന്ദ്രശേഖർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരം ചുറ്റി 31 കി. മി പാത

31കി.മി പാത പാപ്പനംകോട് നിന്നാണ് തുടങ്ങുന്നത്. കരമന,തമ്പാനൂർ,സെക്രട്ടേറിയറ്റ്,പാളയം,പട്ടം,മെഡിക്കൽ കോളേജ്,ഉള്ളൂർ,ശ്രീകാര്യം,കഴക്കൂട്ടം, ടെക്നോപാർക്ക്,ആക്കുളം,കൊച്ചുവേളി,വിമാനത്താവളം,ഈഞ്ചയ്‌ക്കൽ റൂട്ടാണ്. 8000കോടിയാണ് നിർമ്മാണചെലവ് കണക്കാക്കിയിരിക്കുന്നത്.

ബ്ലോക്കില്ലാതെ വേഗയാത്ര,​ചെലവും കുറയും

മെട്രോ വരുന്നതോടെ റോഡിലെ തിരക്കിൽപ്പെടാതെ എ.സിയിൽ അതിവേഗയാത്രയ്ക്ക് സൗകര്യമൊരുങ്ങും.

സമീപ ജില്ലകളിൽ നിന്നെത്തുന്നവർക്ക് കഴക്കൂട്ടത്തും പാപ്പനംകോട്ടുമിറങ്ങി നഗരത്തിലെത്താം

വിമാനത്താവളത്തിൽനിന്ന് റെയിൽവേ,ബസ് സ്റ്റേഷനുകളിലേക്ക് കണക്ടിവിറ്റിയാവുന്നത് പ്രവാസികൾക്കും ഗുണം.

ഫീഡർസർവുള്ളതും കുറഞ്ഞ യാത്രാചെലവുമായതിനാൽ ജനങ്ങൾക്ക് ഉപകാരപ്രദവുമായിരിക്കും.

മെട്രോ,സിറ്റിബസുകൾ,ജലഗതാഗത സംവിധാനം എന്നിവയിൽ ഒറ്റ ടിക്കറ്റിൽ യാത്രചെയ്യുന്ന ഇന്റഗ്രേറ്റഡ് ടിക്കറ്റിംഗ് വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM METRO, METRO PROJECT, MODERN METRO KERALA, THIRUVANANTHAPURAM DEVELOPMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA