കൊച്ചി: തൃശൂർപൂരം വെടിക്കെട്ടിന്റെ പ്രകമ്പനങ്ങൾ വടക്കുന്നാഥ ക്ഷേത്രസമുച്ചയത്തിന്റെ നിലനില്പിന് ഭീഷണിയാണെന്ന പരാതി വിശദമായി പരിശോധിക്കാൻ ഹൈക്കോടതി. പൈതൃക മന്ദിരമായ ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ വിട്ടുവീഴ്ചപാടില്ലെന്ന് വ്യക്തമാക്കിയ കോടതി ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ, തൃശൂർ പൂരം എക്സിബിഷൻ കമ്മിറ്റി എന്നിവരെ സ്വമേധയാ കക്ഷിചേർത്തു.
കഴിഞ്ഞവർഷത്തെ വെടിക്കെട്ട് പുരാവസ്തുവകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തോടു ചേർന്നാണ് നടത്തിയതെന്നും ഇത് ഗോപുരങ്ങൾക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നും ആരോപിച്ച് എൻ.കെ. മോഹൻദാസെന്ന ഭക്തൻ ഓംബുഡ്സ്‌മാന് പരാതി നൽകിയിരുന്നു. ഓംബുഡ്സ്‌മാൻ അതു ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. വെടിക്കെട്ടിൽ സംഘാടകരുടെ ഭാഗത്ത് നിയമലംഘനമുണ്ടെങ്കിൽ നടപടിയെടുക്കാനും അമ്പലത്തിന് കേടുപാടുണ്ടാക്കിയാൽ നഷ്ടംതിരിച്ചുപിടിക്കാനും വ്യക്തമായ മാർഗരേഖ ആവശ്യമാണെന്ന് ജസ്റ്റിസ് വി. രാജാവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.
വെടിക്കെട്ടുമൂലം ഗോപുരങ്ങളുടെ ഓടുകൾ തകരുകയും കെട്ടിടങ്ങൾക്ക് വിള്ളലുണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് ദേവസ്വം അസിസ്റ്റന്റ് എൻജിനിയറുടെ റിപ്പോർട്ടിലുണ്ട്. സ്ഫോടനത്തിന്റെ പ്രകമ്പനംമൂലം ക്ഷേത്രത്തിന്റെ ഘടനയ്ക്ക് എത്രത്തോളം ആഘാതമുണ്ടായെന്ന് ശാസ്ത്രീയമായി പരിശോധിക്കാൻ ബോർഡിന് വൈദഗ്ദ്ധ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തുവകുപ്പിനെ കക്ഷിചേർത്തത്.
വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങളുടെ അളവ്, അവ പൊട്ടിക്കേണ്ട ദൂരം, സുരക്ഷാ മുൻകരുതലുകൾ എന്നിവയിൽ മാർഗനിർദ്ദേശമുണ്ടാകണം. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊച്ചിൻ ദേവസ്വംബോർഡ് വലിയതുക ചെലവാക്കുന്നുണ്ട്. എന്നാൽ പൂരത്തിന്റെ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇതിൽ പങ്കുചേരുന്നില്ലെന്ന ഓംബുഡ്സ്‌മാന്റെ നിരീക്ഷണം കോടതി ഗൗരവമായെടുത്തു. ഹർജി 23ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |