
തന്റെ പ്രിയങ്കരനായ അദ്ധ്യാപകന് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എഴുതുന്ന കത്ത്
എത്രയും പ്രിയപ്പെട്ട നമ്പ്യാർ മാഷേ,
ഈ കുറിപ്പെഴുതുമ്പോൾ എന്റെ കണ്ണ് നിറയുന്നു. അങ്ങിപ്പോൾ സ്വർഗത്തിലിരുന്ന് അത് കാണുന്നുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒമ്പതാം ക്ലാസിലെ ബാക്ക് ബെഞ്ചിലിരുന്ന് നോവൽ വായിച്ച എന്നെ ശകാരിച്ചത് ഓർമ്മയുണ്ടോ? 'ഞാൻ തൊണ്ടപൊട്ടി പഠിപ്പിക്കുമ്പോൾ അതു ശ്രദ്ധിക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. വൈകിട്ട് നാലിന് നീ സ്റ്റാഫ് റൂമിൽ വരണം." -അങ്ങ് അന്ന് ക്ഷോഭത്തോടെ പറഞ്ഞു.
അടിക്കാനാവും എന്ന് ഭയന്ന് സ്റ്റാഫ് റൂമിൽ എത്തുമ്പോൾ മാഷ് സ്കൂൾ ലൈബ്രറിയിലെ ഷെൽഫ് തുടയ്ക്കുന്നു. എന്നെ കണ്ട് മാഷ് പറഞ്ഞു: 'ഇതാണ് ഇവിടത്തെ ലൈബ്രറി. നിനക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. നല്ല പുസ്തകങ്ങൾ വേണ്ടിവന്നാൽ പറഞ്ഞാൽ മതി, വാങ്ങിവയ്ക്കാം. വീട്ടിൽ കൊണ്ടുപോയി വായിക്കണം. ക്ലാസിലിരുന്ന് വായിക്കരുത്." ഞാനപ്പോൾ അവിടെനിന്ന് കരഞ്ഞു. പിന്നീട് ജില്ലാ, സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ പ്രസംഗമത്സരത്തിനും ഉപന്യാസ മത്സരത്തിനും സ്വന്തം പോക്കറ്റിൽ നിന്ന് പൈസയെടുത്ത് എന്നെ കൊണ്ടുപോയതും ഈ ഹൃദയത്തിലുണ്ട്. ഇന്നലെ കോഴിക്കോട് ഐ.ഐ.എമ്മിൽ പരിശീലന ക്ളാസിൽ ഇരിക്കുമ്പോഴും ഒരുനിമിഷം ഞാൻ അങ്ങയെ ഓർത്തു. നിറകണ്ണോടെ ഈ അദ്ധ്യാപകദിനത്തിൽ അങ്ങയുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു. അങ്ങയെപോലുള്ള അദ്ധ്യാപകരാണ് ഇന്നും ഞങ്ങളെപോലുള്ള തലമുറകളെ പ്രചോദിപ്പിക്കുകയും നേരെ നയിക്കുന്നതും. നല്ല പുതിയ തലമുറകളെ സൃഷ്ടിക്കുന്നത്. ഈ ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും എന്റെ ഹൃദയവന്ദനം.
സ്വന്തം, വി.ഡി.സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |