കൽപ്പറ്റ: മുറ്റത്തും വരാന്തയിലും മട്ടുപ്പാവിലും പടിക്കെട്ടുകളിലുമെല്ലാം പച്ചപ്പിന്റെ വസന്തം തീർക്കുകയാണ് കൽപ്പറ്റ ടൗൺഷിപ്പിലെ വൺ ബി 24 നമ്പർ വീട്ടിൽ താമസിക്കുന്ന മുഹമ്മദ് കുട്ടി. പച്ചക്കറിച്ചെടികളും പൂച്ചെടികളും നിറഞ്ഞ വീട് കാണുന്നവർക്ക് മനസ്സിന് കുളിർമയേകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
വീട്ടിലേക്ക് നടന്നുകയറാനുള്ള ഇടം ഒഴികെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം തന്റെ ഇഷ്ടകൃഷി ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. മക്കൾക്കും പേരക്കുട്ടികൾക്കും വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ ചെടികൾ നട്ടുവളർത്തിയും നനച്ചും പരിപാലിച്ചും സമയം ചെലവഴിക്കുന്നു. സ്വന്തം കുടുംബത്തിന് മാത്രമല്ല, അയൽവാസികൾക്കും വീട്ടിലെത്തുന്നവർക്കും കൃഷിയിൽ നിന്നുള്ള പച്ചക്കറികൾ പങ്കുവെക്കാനും മുഹമ്മദ് കുട്ടി ശ്രദ്ധിക്കുന്നു.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 12 സെന്റ് സ്ഥലവും വീടും പ്രിയപ്പെട്ട കൃഷിയുമെല്ലാം നഷ്ടപ്പെട്ടെങ്കിലും കൃഷിയോടുള്ള സ്നേഹം അദ്ദേഹം കൈവിട്ടില്ല. ടൗൺഷിപ്പിൽ ലഭിച്ച വീട്ടിലും പച്ചപ്പ് നിറച്ച് പുതിയ ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണ് മുഹമ്മദ് കുട്ടി.
ഭാര്യ സൈനബിയും മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്ന അദ്ദേഹത്തിന് കൃഷി വെറുമൊരു വിനോദമല്ല, ജീവിതത്തിന്റെ ഭാഗമാണ്. പരിമിതമായ സ്ഥലത്തും മനസുവച്ചാൽ പച്ചക്കറികൾ വിളയിക്കാമെന്ന സന്ദേശം പകരുകയാണ് ഈ കർഷകമനസ്സ്. നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയുടെ പച്ചപ്പ് വിരിയിക്കുന്ന മുഹമ്മദ് കുട്ടിയുടെ ഉദ്യാനം ടൗൺഷിപ്പ് ജീവിതത്തിലെ മനോഹരമായൊരു മാതൃകയാണ്.
Mohammed Kutty of Kalpetta township has transformed his house into a vibrant green space, cultivating vegetables and flowers across his verandah, terrace, and stairs. Despite losing his previous home and farm in a landslide, he continued his passion for farming. He provides poison-free vegetables for his family and shares them with neighbors, demonstrating successful urban gardening in limited space.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |