SignIn
Kerala Kaumudi Online
Saturday, 24 October 2026 2.24 PM IST

വാഹനങ്ങളിൽ നിർണായക മാറ്റം, അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം നടപ്പിലാക്കുന്നു; മാറ്റം 2032 ഒക്ടോബർ 1 മുതൽ

braking-system
പ്രതീകാത്മക ചിത്രം

യാത്രാ വാഹനങ്ങളിൽ 'അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം' (AEBS) ഘട്ടംഘട്ടമായി നടപ്പിലാക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർദ്ദേശിച്ചു. കരട് ചട്ടങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ, 2032 ഒക്ടോബർ 1 മുതൽ എം1 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങളിലും ഈ സുരക്ഷാ സാങ്കേതികവിദ്യ നിർബന്ധമാക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. 2030 ഒക്ടോബർ 1 മുതൽ നിർമ്മിക്കുന്ന എം1 വിഭാഗത്തിലുള്ള എല്ലാ പുതിയ മോഡലുകളിലും AEBS സംവിധാനം ഉണ്ടായിരിക്കും. ഡ്രൈവറുടെ സീറ്റ് ഒഴികെ എട്ടിൽ കൂടുതൽ സീറ്റുകളില്ലാത്ത യാത്രാ വാഹനങ്ങളാണ് എം1 വാഹനങ്ങൾ.

ഇന്ത്യയിലെ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന വിപുലമായ ഭേദഗതികളുടെ ഭാഗമാണ് ഈ നിർദ്ദേശം. കരട് വിജ്ഞാപനം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ഇതിനകം ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾക്ക് പാലിക്കേണ്ട നിബന്ധനകൾ നേരത്തെ തന്നെ നടപ്പിലാക്കണമെന്ന് ഈ കരട് വ്യവസ്ഥ ചെയ്യുന്നു.

എഇബിഎസ് പ്രവർത്തിക്കുന്നത് എങ്ങനെ?

നിരീക്ഷണം, അലർട്ടുകൾ, ഭാഗിക ബ്രേക്കിംഗ് എന്നിങ്ങനെ ഘട്ടംഘട്ടമായ പ്രക്രിയയിലൂടെയാണ് എഇബിഎസ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ മുൻവശത്ത് ഘടിപ്പിച്ചിട്ടുള്ള റഡാറും വിൻഡ്ഷീൽഡ് ക്യാമറകളും ഉപയോഗിച്ച് മുന്നിലുള്ള മറ്റു വാഹനങ്ങളുടെ അകലവും വേഗതയും സിസ്റ്റം നിരന്തരം നിരീക്ഷിക്കുന്നു. കൂട്ടിയിടിക്കാനുള്ള സാധ്യതയും അതിനെടുക്കുന്ന സമയവും ഇത് മുൻകൂട്ടി കണക്കാക്കുന്നു.

ഒരു കൂട്ടിയിടിക്കുള്ള സാദ്ധ്യത കണ്ടെത്തിയാൽ ഡ്രൈവറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ശബ്ദം, വൈബ്രേഷൻ മുന്നറിയിപ്പുകൾ, ഡാഷ്‌ബോർഡിൽ വിഷ്വൽ അലർട്ടുകൾ എന്നിവ നൽകുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും ഡ്രൈവർ പ്രതികരിച്ചില്ലെങ്കിൽ, വേഗത്തിലുള്ള പ്രതികരണത്തിനായി സിസ്റ്റം സജ്ജമാവുകയും പിന്നിലുള്ള വാഹനങ്ങൾക്ക് വേഗം കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പായി ചെറിയ തോതിൽ ബ്രേക്ക് പ്രയോഗിക്കുകയും ചെയ്യുന്നു. അപകടം ഉറപ്പാകുന്ന സാഹചര്യത്തിൽ അത് ഒഴിവാക്കാനോ ആഘാതം ഗണ്യമായി കുറയ്ക്കാനോ വേണ്ടി സിസ്റ്റം സ്വയം പരമാവധി ഓട്ടോണമസ് ബ്രേക്കിംഗ് ഫോഴ്സ് പ്രയോഗിക്കുന്നു. അപകട സാദ്ധ്യത കുറയ്ക്കാൻ ഏറെ സഹായകരമാകുന്ന ഈ അത്യാധുനിക സംവിധാനമാണ് പുതിയ വാഹനങ്ങളിൽ നിർബന്ധമാക്കാൻ ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADVANCED EMERGENCY BRAKING SYSTEM, AEB SYSTEM INDIA, VEHICLE SAFETY RULES, NEW VEHICLE REGULATIONS 2032, AUTOMATIC EMERGENCY BRAKING SYSTEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE