SignIn
Kerala Kaumudi Online
Monday, 25 May 2026 5.28 PM IST

മഴയത്ത് വാഹനമെടുക്കുംമുമ്പ് ജീവന്റെ സുരക്ഷയ്ക്കായി 'അകലം' പാലിക്കാം; ഈ അബദ്ധങ്ങൾ ഒരിക്കലും ചെയ്യരുത്

auto

കേരളത്തിൽ കാലവർഷം സജീവമായാൽ റോഡപകടങ്ങളുടെ എണ്ണം കുതിക്കുന്നതാണ് ട്രെൻഡ്. റോഡിലെ വെള്ളക്കെട്ടും കാഴ്ച മറയ്ക്കുന്ന കനത്ത മഴയും തെന്നുന്ന പ്രതലങ്ങളുമാണ് ഡ്രൈവർമാർക്ക് വെല്ലുവിളി ഉയർത്തുന്നത്. മുൻകരുതൽ എടുക്കുന്നതിലെ അഭാവവും അശ്രദ്ധയുമാണ് മഴക്കാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. ഈ സാഹചര്യത്തിൽ, മഴക്കാല യാത്രകൾ എങ്ങനെ സുരക്ഷിതമാക്കാം, വാഹനങ്ങളുടെ ഫിറ്റ്നസ് എങ്ങനെ ഉറപ്പാക്കാം, അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നിവയെക്കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുകയാണ് പ്രമുഖ റോഡ് സുരക്ഷാ വിദഗ്ധൻ ഉപേന്ദ്ര നാരായണൻ. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു.

ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ
നമ്മുടെ സംസ്ഥാനത്തെ എല്ലാ റോഡുകളും ബിറ്റുമിൻ മെക്കാഡം ആസ്ഫാൽറ്റ് കോൺക്രീറ്റ് എന്ന ആധുനിക തരത്തിലുള്ള ടാറിംഗ് ആണ് ചെയ്തിരിക്കുന്നത്. ഒരു മിറർ ഫിനിഷിന് തുല്യമാണിത്. സ്മൂത്തായി വാഹനങ്ങൾക്ക് കടന്നുപോകാം. യാത്രാ സുഖം വർദ്ധിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കുറയും. എന്നാൽ ഇതിന്റെ മുകളിലൂടെ വെള്ളം ഒഴുകുന്ന സമയത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

അതിൽ ആദ്യത്തേത് വാഹനങ്ങളുടെ ടയർ കണ്ടീഷനാണ്. കട്ടയുള്ള ടയർ വേണം മഴക്കാലത്ത് ഉപയോഗിക്കാൻ. വേനൽകാലത്ത് ഓടിത്തേഞ്ഞ് മൊട്ടയായ ടയർ ഒരു കാരണവശാലും മഴക്കാലത്ത് ഉപയോഗിക്കരുത്. വാഹനം തെന്നിമാറാൻ ഇത് കാരണമാകും. രണ്ടാമത്തേത് ബ്രേക്കിംഗ് എഫിഷ്യൻസിയാണ്. വെള്ളത്തിന്റെ മുകളിലൂടെയാണ് വാഹനം ഓടുന്നതെങ്കിൽ ഇടയ്ക്കിടെ ബ്രേക്ക് ചവിട്ടരുത്. വേഗത കുറയ്ക്കാൻ ആക്സലേറ്ററിൽ നിന്ന് കാലെടുത്താൽ മാത്രം മതിയാകും. ഈ സമയത്ത് വാഹനം സ്വയം ഒരു ഗ്രിപ്പ് ഉണ്ടാക്കിയെടുത്ത് റോഡിന്റെ ഉപരിതലത്തിൽ നിലനിർത്തും. ബ്രേക്ക് തുടർച്ചയായി ചവിട്ടിയുള്ള ഡ്രൈവിംഗ് രീതി മഴക്കാലത്ത് ഒരിക്കലും ചെയ്യരുത്. ഇതോടൊപ്പം ഇൻഡിക്കേറ്റർ, ബ്രേക്ക്, പാർക്കിംഗ് തുടങ്ങിയവയുടെ ലൈറ്റുകൾ പ്രവർത്തന ക്ഷമമാക്കണം. വൈപ്പർ ബ്ലേഡുകൾ മഴക്കാലത്തിന് മുമ്പ് തന്നെ മാറ്റാൻ ശ്രമിക്കുക.

ടയറുകളും ബ്രേക്കും
മഴക്കാലത്തിന് മുമ്പ് വാഹനം 'പ്രീ മൺസൂൺ ചെക്ക്' ഉറപ്പാക്കണം. വർക്ക്ഷോപ്പിലെത്തി നിങ്ങളുടെ മേൽനോട്ടത്തിൽ വേണം ഇത് ചെയ്യാൻ. ഒരിക്കലും ചൈനീസ് നിർമ്മിത, യൂസ്ഡ് ടയറുകൾ വാങ്ങിക്കരുത്. യൂസ്ഡ് ടയറുകൾ അനേകം കിലോമീറ്ററോടി ലൈഫ് നഷ്ടപ്പെട്ട ടയറുകളാണ്. ഇന്ത്യൻ മേക്ക് ടയറുകൾ വില കുറച്ച് വിപണികളിൽ ലഭ്യമാണ്. മദ്ധ്യഭാഗത്തായി 'ഗ്രൂ' ഉള്ള ടയറുകൾ വേണം വാങ്ങാൻ. ഇത്തരം ടയറുകളാണ് മഴക്കാലത്ത് അനുയോജ്യം. ബ്രേക്കിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ലൈനറുകൾ പരിശോധിക്കണം. ലൈനറുകളുടെ പൊടി ബ്രേക്ക് ഡ്രമ്മുകളിലുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. ഡിസ്‌ക് ബ്രേക്കുകളാണെങ്കിൽ അതിന്റെ പാഡ് തേഞ്ഞിട്ടുണ്ടെങ്കിൽ മാറ്റുക. ബ്രേക്ക് ഓയിലുകൾ കൃത്യമായി വരുന്നുണ്ടോ എന്നതടക്കം മഴക്കാലത്ത് പരിശോധിക്കുക.

കാഴ്ചാപരിധി
കനത്ത മഴയുള്ള സമയത്ത് കാഴ്ചപരിധി വളരെ കുറവായിരിക്കും. ഇത് പരിഹരിക്കാൻ, വാഹനങ്ങളുടെ എയർ കണ്ടീഷനിംഗ് സംവിധാനം വിൻഡ്ഷീൽഡിലേക്ക് അടിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ. മൂടൽ മഞ്ഞ് സമയത്താണെങ്കിൽ മഞ്ഞ നിറത്തിലുള്ള ഒരു ഫോഗ് ലാമ്പ് വാഹനത്തിന്റെ മുൻഭാഗത്തായി ക്രമീകരിക്കുക. ഇത് സ്‌പോട്ട് ലൈറ്റെന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ. സ്പ്രഡ് ചെയ്യുന്ന രീതിയിലാണെങ്കിൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ആർടിഒയുടെ അനുവാദത്തോടെ നമ്മുടെ വാഹനങ്ങളിൽ ഇത് പിടിപ്പിക്കാൻ സാധിക്കും.

upendra-narayanan
ഉപേന്ദ്ര നാരായണൻ

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ?

നമ്മുടെ നാട്ടിൽ മഴവെള്ളം പെട്ടെന്ന് റോഡിലേക്ക് ഒലിച്ച് ഫ്ളഡ് ആകുന്ന ഒരു പ്രശ്നമുണ്ട്. വെള്ളക്കെട്ട് രൂപാന്തരപ്പെടുന്നത് രണ്ട് കാരണങ്ങളെ തുടർന്നാണ്. ഒന്നാമത്, ഡ്രൈനേജ് ആണ്. റോഡിലെ ഡ്രൈനേജുകൾ വൃത്തിയാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഏപ്രിൽ, മേയ് മാസത്തിലാണ് ചെയ്യേണ്ടത്. അത് ചെയ്യാത്തത് മൂലം ഡ്രൈനേജ് മിക്കതും ബ്ലോക്ക് ആയിരിക്കും. അപ്പൊ റോഡിൽ പെയ്യുന്ന മഴ മുഴുവൻ ഈ ഡ്രൈനേജിനകത്ത് വന്ന് നിറയുകയും, അത് ഓവർഫ്‌ളോ ചെയ്യുന്നത് റോഡിലേക്ക് ആയിരിക്കും.

അതുകൂടാതെ ചില പുരയിടങ്ങളിൽ നിന്ന്, പൊക്കത്തിലുള്ള പുരയിടങ്ങളിൽ നിന്ന് വെള്ളം കുത്തനെ ഒലിച്ചിറങ്ങി ഡ്രൈനേജ് ഫില്ലാക്കും. അതുകൂടാതെ അതിന്റെ സർപ്ലസ് വെള്ളം വരുന്നത് ഈ പറഞ്ഞ ബിറ്റുമിന്റെ പുറത്ത്, അതായത് കാര്യേജ് വേയിലേക്ക് ഒഴുകി ഒലിക്കുമ്പോൾ വണ്ടികൾ സ്‌കിഡ് ചെയ്യും. പിന്നെ ഒരു ഫ്ളഡ് അവിടെ ഉണ്ടാവുകയാണ്, അപ്പൊ അത് വളരെ ശ്രദ്ധിച്ചോടിക്കേണ്ട ഒരു വിഷയമാണ്. ചിലയിടത്തൊക്കെ സഡൻ ഫ്ളഡ് വരുമ്പോൾ നമ്മുടെ വാഹനം നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകും. അതുകൊണ്ട് അപ്രതീക്ഷിതമായ എന്തിനെയും പ്രതീക്ഷിച്ചു വേണം മഴക്കാലത്ത് വാഹനം ഓടിക്കാൻ.

സ്റ്റിയറിംഗ് വീലിൽ നമ്മുടെ രണ്ടു കൈയും ബലമായിട്ട് പിടിച്ചിരിക്കണം. വണ്ടി ഒന്ന് തെന്നി മാറുകയാണെങ്കിൽ പാനിക് ആകാതെ, ബ്രേക്ക് ജെന്റിലായി ചവിട്ടി ആക്സിലേറ്ററിൽ തന്നെ കൺട്രോൾ ചെയ്ത് വണ്ടി നിയന്ത്രണത്തിലാക്കണം. അതാണ് ഈ വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ട മര്യാദ. കഴിവതും ഇടതുവശം ചേർന്നു പോകണം. വെള്ളക്കെട്ട് എവിടെയാണെന്നുള്ളത് മുന്നേ പോയ വണ്ടിയുടെ ട്രാക്ക് നോക്കിക്കൊണ്ട് നമ്മൾ സൂക്ഷിച്ചു ഓടിക്കണം. ഒരു കാരണവശാലും നദികൾ അല്ലെങ്കിൽ തോടുകൾക്ക് കുറുകെ മഴക്കാലത്ത് വണ്ടി ഓടിക്കരുത്. കാര്യം നാം മുന്നേ കാണുന്ന രീതിയിൽ ആയിരിക്കില്ല, ചിലപ്പോൾ അടിയിലെ ഒഴുക്ക് കട്ടിയായിരിക്കും. നമ്മുടെ വാഹനത്തെ പുഷ് ചെയ്ത് ആഴത്തിലേക്ക് കൊണ്ടുപോകാൻ ഇത് കാരണമാകും. അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്.

സേഫ് ഡിസ്റ്റൻസ്
മഴക്കാലത്ത് നമ്മൾ വാഹനങ്ങൾ തമ്മിലുള്ള സേഫ് ഡിസ്റ്റൻസ് (സുരക്ഷിത അകലം) വർദ്ധിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നമ്മൾ 60 കിലോമീറ്റർ സ്പീഡിൽ ഡ്രൈ സർഫേസിൽ (ഉണങ്ങിയ റോഡിൽ) കൂടി ഓടിക്കുകയാണെങ്കിൽ സഡൻ ബ്രേക്ക് ചെയ്താൽ ഒരു എട്ട് മീറ്ററിനകത്ത് വണ്ടി നിൽക്കും. എന്നാൽ റോഡിൽ വെള്ളമുള്ള അവസ്ഥയാണെങ്കിൽ അത് ചിലപ്പോൾ 15 മീറ്ററിന് മേലെ പോകും. സ്‌കിഡ് ചെയ്തു പോകാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് കഴിവതും മഴക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ സേഫ് ഡിസ്റ്റൻസ് പാലിക്കുക. മുന്നേ പോകുന്ന വണ്ടിയുടെ ബമ്പറിന്മേൽ കൊളുത്തി ഇട്ടേക്കുന്നത് പോലെ പോകരുത്.

മറ്റൊരു കാര്യം ചില വാഹനങ്ങൾക്ക് പലപ്പോഴും ബ്രേക്ക് ലൈറ്റ് കാണില്ല. പ്രത്യേകിച്ചും ബസുകൾക്ക്. അത് റോഡിന്റെ നടുവിൽ ആളെ കയറ്റാനും ഇറക്കാനും നിർത്തും, അപ്പൊ നാം ഈ മഴയത്ത് കാഴ്ച മങ്ങിയ സ്ഥലത്തുകൂടി ഓടിക്കുമ്പോൾ ഈ ബസിനെ നമ്മൾ കണ്ടെന്ന് വരില്ല. അല്ലെങ്കിൽ അത് നിർത്തിയേക്കുന്നത് ബ്രേക്ക് ലൈറ്റ് കത്താത്തതുകൊണ്ട് നമ്മൾ നിർത്തിയേക്കുകയാണെന്ന് മനസിലാവില്ല. 60 കിലോമീറ്റർ സ്പീഡിൽ പോകുമ്പോൾ 10 മീറ്ററെങ്കിലും സേഫ് ഡിസ്റ്റൻസ് കീപ്പ് ചെയ്യണം. 80 കിലോമീറ്റർ ആണെങ്കിൽ അത് 12 മീറ്ററും 100 കിലോമീറ്റർ ആണെങ്കിൽ 15 മീറ്ററും ഡിസ്റ്റൻസ് കീപ്പ് ചെയ്യുക. സ്പീഡ് കൂടുംതോറും സേഫ് ഡിസ്റ്റൻസ് നമ്മൾ കൂട്ടിക്കൊണ്ടു വേണം ഓടിക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO, AUTONEWS, LIFESTYLE, AUTO, CAR, KERALA RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY