SignIn
Kerala Kaumudi Online
Saturday, 06 June 2026 10.08 AM IST

ബൈക്കും സ്കൂട്ടറും ഓടിക്കുമ്പോൾ രണ്ടുകൈയും ഹാൻഡിലിൽ തന്നെവേണം, ഇല്ലെങ്കിൽ കിട്ടാൻപോകുന്നത് ഉഗ്രൻ പണി; പുത്തൻ പരിഷ്കാരങ്ങൾ വരുന്നു

two-wheeler

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹാൻഡിലിൽ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം കാണിക്കുന്നവരെയും ചീറിപ്പായുന്നവരെയും പൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ രണ്ടുകൈയും ഹാൻഡിലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന 'ഹാൻഡ്സ് ഫ്രീ' എന്ന സാങ്കേതിക വിദ്യയാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ട്രാഫിക്ക് പൊലീസിന്റെയോ ക്യാമറയുടെയോ കണ്ണുവെട്ടിച്ച് ഇതിൽ നിന്ന് രക്ഷപ്പെടാമെന്നും കരുതേണ്ട. നിർമാണവേളയിൽ ഈ സാങ്കേതിക വിദ്യ വാഹനങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്താനാണ് നീക്കം. ത്രിതല സുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.

പുതിയ സാങ്കേതിക വിദ്യ വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നതോടെ രണ്ടുകൈകളും ഹാൻഡിലിൽ കൃത്യമായി വയ്ക്കാതെ എൻജിൻ സ്റ്റാർട്ടാവില്ല. ഇനി സ്റ്റാർട്ടായി വണ്ടി ഓടിത്തുടങ്ങിയശേഷം ഹാൻഡിലിൽ നിന്ന് കൈയെടുക്കുന്നു എന്നിരിക്കട്ടെ. എട്ടുസെക്കൻഡ് കഴിഞ്ഞിട്ടും കൈകൾ തിരികെ വച്ചില്ലെങ്കിൽ വാഹനത്തിന്റെ വേഗം തനിയെ കുറഞ്ഞുതുടങ്ങും. അല്പം കഴിയുന്നതോടെ വാഹനം നിൽക്കും. സുരക്ഷിതമായ നിലയിലായിരിക്കും വേഗത കുറയുന്നത്. അതിനാൽ അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത പരമാവധി ഇല്ലാതാക്കും.

ഇനി ഒരുകൈ മാത്രമാണ് ഹാൻഡിലിൽ നിന്നെടുക്കുന്നതെങ്കിൽ മൂന്ന് സെക്കൻഡിനുള്ളിൽ ഡിസ്‌പ്ലേയിൽ മുന്നറിയിപ്പ് തെളിയും. ഒപ്പം ഓഡിയാേ അലർട്ടും ലഭിക്കും. ഇത് അവഗണിക്കുന്നതോടെ വാഹനവേഗം കുറഞ്ഞുതുടങ്ങും. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.

ഗതാഗത മന്ത്റാലയത്തിന് കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്​റ്റാൻഡേഡ്സ് കമ്മി​റ്റിയാണ് ഇതിനുള്ള കരട് തയാറാക്കിയത്. വാഹനനിർമാതാക്കളുടെ പ്രതിനിധികളും ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ ഇരുചക്രവാഹനങ്ങളുടെ വിലയിൽ ചെറിയതോതിലുള്ള വർദ്ധന ഉണ്ടാവാൻ ഇടയുണ്ട്. രണ്ടായിരം രൂപയ്ക്കുള്ളിലായിരിക്കും വർദ്ധനവെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO, AUTONEWS, LIFESTYLE, CENTRAL GOVERNMENT, BIKE STUNTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY