SignIn
Kerala Kaumudi Online
Friday, 24 July 2026 3.41 PM IST

'ഇങ്ങനെ മുന്നോട്ടുപോകാൻ അനുവദിക്കില്ല, പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കണം'; കേന്ദ്രത്തോട് സുപ്രീം കോടതി

supreme-court
സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വീഴ്‌ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമിപ്പിച്ചു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്‌ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തെ വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും കോടതി അറിയിച്ചു. പരീക്ഷാ നടപടികൾ പൂർണമായും സുതാര്യവും ചിട്ടയായതുമാണെന്ന് ഉറപ്പുവരുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി. പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കുന്നതിനെക്കുറിച്ച് കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കിയാൽ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതിന്റെ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. വിഷയത്തിൽ സമഗ്രമായ കാഴ്‌ചപ്പാട് കോടതിക്ക് മുന്നിൽ അവതരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് കേസ് ഈ മാസം 27ലേക്ക് മാറ്റി.

അതേസമയം, ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർക്കശമായ നിയമഭേദഗതികൾ കൊണ്ടുവരുന്നതിനായി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച നടക്കുമെന്നാണ് റിപ്പോ‌ർട്ട്. സംഘടിതമായ തട്ടിപ്പുകൾ നടത്തുന്നവർക്ക് നിലവിലുള്ളതിനെക്കാൾ കടുത്ത ശിക്ഷയും വൻതുക പിഴയും ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യം. 2024ൽ പാസാക്കിയ പബ്ലിക് എക്‌സാമിനേഷൻ ആക്‌ടിൽ ഭേദഗതികൾ വരുത്താനാണ് നീക്കം.

English Summary

The Supreme Court criticized the Centre over NEET exam irregularities and urged reforms to make exams more transparent and secure. The court asked for details on shifting to fully computer-based exams and data protection measures. The government is also considering stricter laws and penalties to prevent question paper leaks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, COMPUTER BASED EXAMS, CENTRAL GOVERNMENT, EXAM MALPRACTICE, NEET EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360