
ഇന്നത്തെക്കാലത്ത് മുടിയിൽ ഷാംപൂ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. മുടിയിലെ അഴുക്ക് അകറ്റാനും മുടി സ്‌മൂത്ത് ആകാനുമാണ് മിക്കവരും ഷാംപൂ ഉപയോഗിക്കുന്നത്. എന്നാൽ ഷാംപൂവിലുള്ള കെമിക്കലുകൾ മിക്കവർക്കും മുടി കൊഴിച്ചിലിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകാറുണ്ട്. എന്നാൽ വെറും രണ്ട് സാധനങ്ങൾകൊണ്ട് ഷാംപൂവിന്റെ അതേ ഇഫക്‌ട് ഉള്ള ഒരു കൂട്ട് വീട്ടിൽ തന്നെയുണ്ടാക്കിയാലോ?
ഒരു തണ്ട് കറ്റാർവാഴ, ഒരു മുട്ട എന്നിവയാണ് ഈ കൂട്ട് തയ്യാറാക്കാൻ ആവശ്യം. കറ്റാർവാഴ മുറിച്ചെടുത്തതിനുശേഷം അതിലെ മഞ്ഞക്കറ ഒരു തുണികൊണ്ട് തുടച്ചുകളയുകയോ കറ പോകുന്നതുവരെ മുറിച്ച കറ്റാർവാഴ മാറ്റി വയ്ക്കുകയോ ചെയ്യണം. ഇനി ഒരു സ്‌പൂൺ ഉപയോഗിച്ച് കറ്റാർവാഴയുടെ അകത്തുള്ള ജെൽ മുഴുവനായും എടുക്കണം. ഇതിലേയ്ക്ക് മുട്ട വെള്ള ചേർക്കണം (മുട്ട മുഴുവനായും ചേർക്കുകയുമാകാം).
ഇതിലേയ്ക്ക് കുറച്ച് വേപ്പില കൂടി ചേർക്കുന്നത് തലയിലെ ചൊറിച്ചിലും മറ്റും അകറ്റാൻ സഹായിക്കും. മാത്രമല്ല മുട്ട ചേർക്കുന്നതുകൊണ്ടുണ്ടാവുന്ന ഗന്ധം അകറ്റാനും നല്ലതാണ്. ഇനി കറ്റാർവാഴ ജെല്ലും മുട്ട വെള്ളയും വേപ്പിലയുണ്ടെങ്കിൽ അതും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കണം. ഇത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനുശേഷം കഴുകികളയാം. ഉണങ്ങിക്കഴിഞ്ഞാൽ ഷാംപൂ പുരട്ടിയതിനേക്കാളും സ്‌മൂത്തായും ബലമായും മുടി കിടക്കുന്നത് കാണാം. മുടി പൊട്ടിപ്പോകുന്നതും ഈ കൂട്ട് ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |