SignIn
Kerala Kaumudi Online
Sunday, 24 May 2026 7.20 PM IST

പൂക്കളുടെ സുഗന്ധം മുതൽ കറുപ്പ് നിറം വരെ; ഭക്ഷണപ്രേമികൾ അറിഞ്ഞിരിക്കേണ്ട എട്ട് നാടൻ അരിയിനങ്ങൾ

-indian-rice-varieties-

ചോറ് എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ബാസ്മതി ആയിരിക്കും. എന്നാൽ, ബാസ്മതി ഉൾപ്പെടെയുള്ള അരിയിനങ്ങൾ വിപണി കീഴടക്കുന്നതിന് മുൻപ് ഇന്ത്യയിലുടനീളം തനതായ രുചിയും മണവുമുള്ള നിരവധി നാടൻ അരിയിനങ്ങൾ കൃഷി ചെയ്തിരുന്നു. ഇത്തരത്തിൽ പൂക്കളുടെ സുഗന്ധമുള്ളവ മുതൽ കറുപ്പ് നിറത്തിലും കടും ചുവപ്പ് നിറത്തിലുമുള്ള എട്ട് നാടൻ അരിയിനങ്ങളെ പരിചയപ്പെടാം.


1. ജോഹ അരി

അസമിൽ കൃഷി ചെയ്യുന്ന പൈതൃകവും സവിശേഷവുമായ ഒരു സുഗന്ധമുള്ള അരി ഇനമാണിത്. ഇത് സാധാരണ അരിയേക്കാൾ വളരെ ചെറുതും ഉരുണ്ടതുമാണ്. വെന്തു കഴിഞ്ഞാൽ മൃദുവായിരിക്കുമെങ്കിലും ഒട്ടിപ്പിടിക്കില്ല. പുലാവ്, പായസം തുടങ്ങിവ പാചകം ചെയ്യുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ഫുഡ് പാനൽ മേധാവിക്ക് ജോഹ അരി സമ്മാനമായി നൽകിയതോടെ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.


2. ഗോബിന്ദോഭോഗ്

പശ്ചിമബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായും ഉത്സവങ്ങളുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്ന അരിയാണ് ഗോബിന്ദോഭോഗ്. വെണ്ണയുടെ മണമാണ് ഇതിന്റെ പ്രധാന സവിശേഷത. ബംഗാളിലെ ക്ഷേത്രങ്ങളിൽ ദൈവങ്ങൾക്ക് നിവേദ്യം തയാറാക്കാൻ പരമ്പരാഗതമായി ഈ അരിയാണ് ഉപയോഗിക്കുന്നത്. 2017-ൽ ഗോബിന്ദോഭോഗിന് ജിഐ ടാഗ് ലഭിച്ചിരുന്നു.


3. ചക്-ഹാവോ

മണിപ്പൂരിൽ കൃഷിചെയ്യുന്ന കറുത്ത നിറമുള്ള അരിയിനമാണ് ചക്-ഹാവോ. പാചകം ചെയ്യുന്നതിന് മുൻപ് കറുപ്പ് നിറമാണെങ്കിലും വെന്തുകഴിഞ്ഞാൽ പർപ്പിൾ നിറമായിരിക്കും ഇതിന്. ചക്-ഹാവോയ്ക്ക് 2020ൽ ജിഐ ടാഗ് ലഭിച്ചിരുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ ആരോഗ്യപ്രേമികൾക്ക് ഇത് പ്രിയങ്കരമാണ്.


4. മാപ്പിള്ളൈ സാംബ

തമിഴ്‌നാട്ടിൽ നിന്നുള്ള പോഷകസമൃദ്ധമായ പരമ്പരാഗത ചുവന്ന അരിയിനമാണ് മാപ്പിള്ളൈ സാംബ.ആദ്യകാലത്ത് യുവാക്കൾക്ക് കായിക മത്സരങ്ങളിൾ പങ്കെടുക്കാനുള്ള കരുത്തും ഊർജ്ജവും ലഭിക്കാൻ ഈ അരി നൽകിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. തവിട്ടുനിറമുള്ള ഈ അരി ദോശമാവ്, കഞ്ഞി, ഇഡ്ഡലി എന്നിവയുണ്ടാക്കാൻ മികച്ചതാണ്.


5. കാലനമക്

ബുദ്ധഭഗവാന്റെ ചരിത്രവുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അരിയിനങ്ങളിൽ ഒന്നാണിത്. ഇതിന്റെ കറുത്ത തവിട് കാരണമാണ് കറുത്ത ഉപ്പ് എന്നർത്ഥം വരുന്ന കലാനമക് എന്ന പേര് ലഭിച്ചത്. 2012ലാണ് ഇതിന് ജിഐ ടാഗ് ലഭിച്ചത്.


6. ഞവര അരി

ആയുർവേദത്തിൽ രണ്ടായിരത്തിലേറെ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന കേരളത്തിന്റെ തനത് ഔഷധ അരിയാണിത്. ചുവപ്പ് നിറമുള്ള ഇതിന് ഒരു പ്രത്യേക മണമാണ്. സാധാരണ ഒരു ആഹാര പദാർത്ഥം എന്നതിലുപരി ഒരു മികച്ച ഔഷധമായാണ് ഞവരയെ കണക്കാക്കുന്നത്. സോറിയാസിസ്, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗാവസ്ഥകൾക്ക് ഇത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

7. അംബേമോഹർ

മഹാരാഷ്ട്രയിലെ ഈ ചെറിയ അരിയിനത്തിന് മാമ്പൂവിന്റെ സുഗന്ധമാണ്.മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. സാധാരണ അരിയെ അപേക്ഷിച്ച് ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

8. കാവുനി

തമിഴ്‌നാട്ടിൽ കൃഷിചെയ്യുന്ന അരിയിനമാണ് കാവുനി. മുൻകാലങ്ങളിൽ രാജകുടുംബങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ അരി 'റോയൽ റൈസ്' എന്നും അറിയപ്പെടുന്നു. കടും കറുപ്പ് നിറമാണ് ഇതിന്റെ പ്രത്യേകത. ശർക്കരയും തേങ്ങയും ചേർത്ത് തയാറാക്കുന്ന കാവുനി അരിസി സ്വീറ്റ് എന്ന പരമ്പരാഗത പലഹാരം തമിഴ്‌നാട്ടിൽ വളരെ പ്രശസ്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RICE, INDIA, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY