
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതോടെ അമേരിക്ക വീണ്ടും പലിശ വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ തകർന്നടിഞ്ഞു. 10 വർഷ യു.എസ് ബോണ്ടുകളുടെ യീൽഡ് രണ്ട് പതിറ്റാണ്ടിനിടെയിലെ ഉയർന്ന തലത്തിലെത്തിയതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതാണ് തിരിച്ചടിയായത്. ഇന്നലെ ഒരവസരത്തിൽ സ്വർണ വില ഔൺസിന് 150 ഡോളർ കുറഞ്ഞ് 4,130 ഡോളറിലെത്തി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 2,640 രൂപ കുറഞ്ഞ് 1,09,320 രൂപയായി. രണ്ട് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 230 രൂപയും ഉച്ചയ്ക്ക് 100 രൂപയും കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 96 കടന്നതും ഇന്ത്യയിൽ വിലയിടിവ് ശക്തമാക്കി. അടുത്ത ദിവസം പുറത്തുവരുന്ന അമേരിക്കൻ പണപ്പെരുപ്പ-തൊഴിൽ കണക്കുകൾ സ്വർണ വിലയെ ദിശ നിർണയിക്കുന്നതിൽ പ്രധാനമാകുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. വിലയിലെ ചാഞ്ചാട്ടം തുടരാനാണ് സാദ്ധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |