മലയാളികൾക്ക് ദിവസത്തിൽ ഇടയ്ക്കിടെ ഒരു ചായ നിർബന്ധമാണ്. ചായയ്ക്കൊപ്പം ഒരു കടികൂടിയുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ? ബേക്കറികളിൽ നിന്നും വാങ്ങുന്ന പഴംപൊരിയും വടയും അച്ചപ്പവും മുറുക്കുമൊക്കെയാണ് സാധാരണ ചായയ്ക്കൊപ്പമുള്ള കടി. എന്നാൽ ഇനിയല്പം മാറ്റി പിടിക്കാം. ഒരു സവാള കയ്യിലുണ്ടെങ്കിൽ വീട്ടിൽ തന്നെ നല്ല റെസ്റ്റേറന്റ് സ്റ്റൈലിൽ രുചിയുള്ള മസാല ഓണിയൻ റിംഗ്സ് തയ്യാറാക്കാം. പുറത്ത് സൂപ്പർ ക്രിസ്പിയും അകത്ത് നല്ല സ്വാദുമുള്ള മസാല ഓണിയൻ റിംഗ്സ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആദ്യം വട്ടത്തിൽ അരിഞ്ഞ സവാളയിൽ നിന്ന് റിംഗ്സ് വേർതിരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രമെടുത്ത് അതിലേയ്ക്ക് കടലമാവ്, ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, കസ്തൂരി മേത്തി, ചാറ്റ് മസാല, ചെറുതായി അറിഞ്ഞ മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടിയുള്ള പരുവത്തിലാക്കണം. തയ്യാറാക്കിവച്ച മസാലയിൽ സവാള റിംഗ്സ് മുക്കി ബ്രെഡ് പൊടിയിൽ പൊതിയണം. ഇതിന് ശേഷം ചൂടായ എണ്ണയിലേയ്ക്കിട്ട് സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കണം. രുചികരമായ മസാല ഓണിയൻ റിംഗ്സ് തയ്യാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |