
പ്രമേഹരോഗമുള്ളവരും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും കൂടുതലും തിരഞ്ഞെടുക്കുന്നത് ഗോതമ്പ് ആണ്. അരിയാഹാരം കൂടുതലായി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നും പ്രമേഹത്തിനും പൊണ്ണത്തടിക്കുമൊക്കെ കാരണമാകുമെന്നുമാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ അരിയോട് നോ പറഞ്ഞ് ഗോതമ്പ് തിരഞ്ഞെടുക്കുകയാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർ ചെയ്യുന്നത്. എന്നാൽ ഗോതമ്പ് അമിതമായാലും പ്രശ്‌നമാണ്. പതിവായി ഗോതമ്പ് മാത്രം കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഗോതമ്പ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. ഗോതമ്പിൽ അടങ്ങിയിട്ടുള്ള ഗ്ളൂട്ടണെയാണ് പേടിക്കേണ്ടത്. ഗോതമ്പ് അമിതമായി കഴിക്കുന്നത് വായുകയറുക, വയറുവേദന, മലബന്ധം തുടങ്ങിയവയ്ക്ക് കാരണമാകും. ഗോതമ്പ് കഴിച്ചതിനുശേഷം മേൽപ്പറഞ്ഞവ അനുഭവപ്പെടുകയാണെങ്കിൽ അത് അലർജിയുടെ ലക്ഷണവുമാകാം. ഗോതമ്പ് കൂടുതൽ കഴിക്കുന്നത് എക്‌സിമ പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കും ചർമ്മത്തിലെ അലർജിക്കും കാരണമായേക്കാം. ഗോതമ്പ് കഴിച്ചതിനുശേഷം ചർമ്മത്തിൽ ചൊറിച്ചിലും ചുവന്ന തടിപ്പും മറ്റും അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതുണ്ട്.
ഗോതമ്പിന്റെ അമിത ഉപഭോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. മൂക്കടപ്പ്, തുമ്മൽ, ശ്വാസതടസം എന്നിവയുണ്ടാകാനിടയാക്കാം. ചപ്പാത്തിയും പുട്ടും പൂരിയുമൊക്കെ ഉണ്ടാക്കാനായി ഗോതമ്പ് ഉപയോഗിക്കുമ്പോൾ പൊടി പാറി മൂക്കിനുള്ളിലൂടെ ശരീരത്തിനകത്ത് എത്തുന്നതും പ്രശ്‌നമാണ്. ഗോതമ്പ് അമിതമാകുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഉറക്കക്കുറവിനും കാരണമായേക്കാം. ക്ഷീണവും ശ്രദ്ധക്കുറവും അനുഭവപ്പെടാനും ഇടയുണ്ട്. ഗോതമ്പ് കഴിച്ചതിനുശേഷം തലവേദനയോ മൈഗ്രെയ്‌നോ അനുഭവപ്പെടുന്നത് അലർജിയുടെ ലക്ഷണങ്ങളാകാം. തൊണ്ടയിലെ വീക്കം, അണുബാധ, ചുണ്ടിലോ തൊണ്ടയിലോ നാവിലോ ചൊറിച്ചിൽ, നീർവീക്കം എന്നിവയും ഓറൽ അലർജി സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |