SignIn
Kerala Kaumudi Online
Saturday, 24 October 2026 7.30 PM IST

മദ്യത്തിന്റെ ഗന്ധം പോലുമറിയാത്തവർക്കും ഗുരുതരമായ കരൾ രോഗങ്ങൾ, തീൻമേശകളിൽ വേണം മാറ്റം

liver-disease
പ്രതീകാത്മക ചിത്രം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രാസപരീക്ഷണശാല ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം 'കരൾ' എന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുക, രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക തുടങ്ങി അഞ്ഞൂറിലേറെ സുപ്രധാന ധർമ്മങ്ങളാണ് ഓരോ നിമിഷവും കരൾ നിർവ്വഹിക്കുന്നത്. ഒക്ടോബർ മാസം ലോകമെമ്പാടും കരൾ രോഗ ബോധവൽക്കരണ മാസമായി ആചരിക്കുമ്പോൾ, മാറുന്ന ജീവിതശൈലി നമ്മുടെ കരളിനെ എത്രത്തോളം അപകടത്തിലാക്കുന്നു എന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
മദ്യപിക്കുന്നവരിൽ മാത്രം കരൾ രോഗം കണ്ടിരുന്ന കാലം ഇന്ന് മാറിമറിഞ്ഞു. മദ്യത്തിന്റെ ഗന്ധം പോലുമറിയാത്ത, കാഴ്ചയിൽ പൂർണ്ണ ആരോഗ്യവാന്മാരെന്ന് തോന്നുന്നവരിൽ പോലും ഗുരുതരമായ കരൾ രോഗങ്ങൾ വർദ്ധിച്ചുവരികയാണ്.

ലക്ഷണങ്ങളില്ലാത്ത അധിനിവേശം

രോഗം അവസാന ഘട്ടത്തിൽ എത്തും വരെ യാതൊരു സൂചനകളും നൽകാത്തതുകൊണ്ട് വൈദ്യശാസ്ത്രം കരളിനെ 'നിശ്ശബ്ദനായ വില്ലൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റ് പല അവയവങ്ങൾക്കും തകരാർ സംഭവിക്കുമ്പോൾ തുടക്കത്തിൽ തന്നെ വേദനയായോ മറ്റ് ബുദ്ധിമുട്ടുകളായോ ശരീരമത് പ്രകടിപ്പിക്കാറുണ്ട്. എന്നാൽ കരളിന്റെ പ്രവർത്തനശേഷി 80 ശതമാനത്തോളം നശിച്ചാൽ മാത്രമേ രോഗലക്ഷണങ്ങൾ പുറത്തുവരികയുള്ളൂ. അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, കണ്ണിനും ചർമ്മത്തിനും മഞ്ഞനിറം, വയറ്റിലും കാലിലും നീര് വരിക, രക്തം ഛർദ്ദിക്കുക എന്നിവയെല്ലാം രോഗം മൂർച്ഛിച്ചതിന്റെ ലക്ഷണങ്ങളാണ്. ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറൽ അണുബാധകൾ പോലും വർഷങ്ങളോളം ലക്ഷണങ്ങളില്ലാതെ ശരീരത്തിൽ തുടരുകയും പിന്നീട് സിറോസിസ് അല്ലെങ്കിൽ കാൻസർ ആയി മാറുകയും ചെയ്യാം. അതിനാൽ വർഷത്തിലൊരിക്കലെങ്കിലും ലിവർ ഫംഗ്ഷൻ ടെസ്റ്റും (LFT) അൾട്രാസൗണ്ട് സ്കാനിംഗും ചെയ്യുന്നത് രോഗനിർണ്ണയത്തിന് അനിവാര്യമാണ്.

ഫാറ്റി ലിവർ: പുതിയ കാലത്തിന്റെ മഹാമാരി

ഇന്ന് കേരളത്തിൽ ഏറ്റവും വേഗത്തിൽ പടരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). അമിതമായ അന്നജവും കൊഴുപ്പും അടങ്ങിയ പാശ്ചാത്യ ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് ഇതിന്റെ പ്രധാന വില്ലന്മാർ. ഊർജ്ജമായി മാറാത്ത കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുകയും, പിന്നീട് നീർക്കെട്ട് ഉണ്ടാക്കുന്ന 'നാഷ്' (NASH) എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ഇത് ദീർഘകാലം തുടർന്നാൽ കരളിൽ വടുക്കൾ വീഴുന്ന ഫൈബ്രോസിസിനും തുടർന്ന് കരൾ ചുരുങ്ങുന്ന സിറോസിസിനും കാരണമാകും. ഇന്ന് മദ്യപിക്കാത്ത വീട്ടമ്മമാരിലും ചെറുപ്പക്കാരിലും സിറോസിസ് വ്യാപകമാകാൻ കാരണം ഈ ഫാറ്റി ലിവറാണ്.

ബാല്യത്തെ കാർന്നുതിന്നുമ്പോൾ

മുതിർന്നവരെ മാത്രമല്ല, കുട്ടികളെയും ഫാറ്റി ലിവർ ഇന്ന് ഗുരുതരമായി ബാധിക്കുന്നുണ്ട്. മൈതാനങ്ങളിലെ കളികൾ ഉപേക്ഷിച്ച് മൊബൈൽ ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കും മുന്നിൽ ഒതുങ്ങിക്കൂടുന്ന തലമുറയാണ് ഇന്നുള്ളത്. വ്യായാമമില്ലായ്മയ്ക്കൊപ്പം ബേക്കറി പലഹാരങ്ങളുടെയും ജങ്ക് ഫുഡിന്റെയും അമിത ഉപയോഗം കൂടിയാകുമ്പോൾ കുട്ടികളിൽ വളരെ വേഗം പൊണ്ണത്തടി വർദ്ധിക്കുകയും കരളിൽ കൊഴുപ്പടിയുകയും ചെയ്യുന്നു. ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്ന ഈ മാറ്റങ്ങൾ യൗവനത്തിൽ എത്തുമ്പോഴേക്കും ഗുരുതരമായ കരൾ രോഗങ്ങളായി പരിണമിക്കാം. അതിനാൽ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും ദിവസവും ഒരു മണിക്കൂറെങ്കിലും കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

തീൻമേശകളിൽ വേണം മാറ്റം

കരളിനെ സംരക്ഷിക്കാൻ ആദ്യം വേണ്ടത് നമ്മുടെ ഭക്ഷണശീലങ്ങളിലെ പൊളിച്ചെഴുത്താണ്:

കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറയ്ക്കുക. വെളുത്ത ചോറിന് പകരം തവിടുള്ള ധാന്യങ്ങൾ, ഓട്സ്, ഗോതമ്പ് എന്നിവ ശീലമാക്കുക. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിലെ ആന്റി ഓക്സിഡന്റുകൾ കരളിന് കരുത്തേകും. ബേക്കറി സാധനങ്ങൾ, മൈദ വിഭവങ്ങൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ, സംസ്കരിച്ച മാംസം എന്നിവ പൂർണ്ണമായും ഒഴിവാക്കുക. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ പ്രതിദിനം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുക. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കൃത്യമായി നിയന്ത്രിച്ചു നിർത്തുക.

വ്യായാമവും മദ്യവർജ്ജനവും

ചിട്ടയായ ഭക്ഷണക്രമത്തിനൊപ്പം ദിവസവും 30 മുതൽ 45 മിനിറ്റ് വരെ വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ എയറോബിക് വ്യായാമങ്ങൾ ചെയ്യണം. അമിതവണ്ണമുള്ളവർ ശരീരഭാരത്തിന്റെ പത്ത് ശതമാനമെങ്കിലും കുറയ്ക്കുന്നത് ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സഹായിക്കും. കൂടാതെ, മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് കരളിന്റെ ആരോഗ്യത്തിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. പുകവലിയും മറ്റ് ലഹരി ഉപയോഗങ്ങളും കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

സ്വയം ചികിത്സ ഒഴിവാക്കുക

ചെറിയ പനിക്കോ വേദനയ്ക്കോ പോലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കുന്ന ശീലം പലർക്കുമുണ്ട്. വേദനസംഹാരികളുടെ അമിത ഉപയോഗം കരളിനെ തകർക്കും. അതുപോലെ തന്നെ ശാസ്ത്രീയ അടിത്തറയില്ലാത്ത ഒറ്റമൂലികളും പച്ചമരുന്നുകളും ഉപയോഗിക്കുന്നത് അക്യൂട്ട് ലിവർ ഫെയിലിയർ പോലുള്ള പെട്ടെന്നുള്ള കരൾ സ്തംഭനത്തിന് കാരണമാകാറുണ്ട്.

തീരുമാനങ്ങൾ നമ്മുടേതാണ്

കരൾ രോഗ ചികിത്സയിൽ ഇന്ന് റോബോട്ടിക് സർജറി, ലിവർ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ അത്യാധുനിക സങ്കേതികവിദ്യകൾ ലഭ്യമാണ്. എന്നാൽ ഈ ചികിത്സകൾ സങ്കീർണ്ണവും ചിലവേറിയതുമാണ്. അതുകൊണ്ടുതന്നെ അത്തരം അവസ്ഥകളിലേക്ക് എത്തുന്നതിന് മുൻപ് നമ്മുടെ അവയവത്തെ സംരക്ഷിച്ചു നിർത്തുക എന്നതാണ് ബുദ്ധി. ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്സിനുകൾ കൃത്യമായി എടുക്കുകയും, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ ഒരു പരിധി വരെ കരൾ രോഗങ്ങളെ നമുക്ക് പടിക്ക് പുറത്ത് നിർത്താം. ആരോഗ്യമുള്ള ഒരു കരൾ ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു ജീവിതം സാധ്യമാകൂ. മാറ്റങ്ങൾ ഇന്നേ തുടങ്ങാം.

ലേഖകൻ

ഡോ. ബൈജു സേനാധിപൻ
(പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്‌സ് ഓഫ് കേരള)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIVER DISEASE CAUSES, NON ALCOHOLIC LIVER DISEASE, FATTY LIVER DISEASE, HEALTHY EATING HABITS, LIVER HEALTH TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE