SignIn
Kerala Kaumudi Online
Thursday, 06 August 2026 11.11 PM IST

ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകളോളം മുഷിയുമ്പോൾ സംഭവിക്കുന്നത്, പലരും തളർന്നുപോകുന്നതിന്റെ കാരണം ഇതാണ്

traffic
തിരുവനന്തപുരത്തെ ഗതാഗതകുരുക്ക്

ഒരു ദിവസം മുഴുവൻ ജോലി ചെയ്‌ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ജോലിയേക്കാളേറെ യാത്രാക്ലേശം നമ്മെ കൂടുതൽ തളർത്തുമെന്ന് പഠനങ്ങൾ. ട്രാഫിക് സിഗ്നലിലെ ചെറിയൊരു ബ്ലോക്ക് പോലും മാനസികമായി നമ്മെ തളർത്താനും ദേഷ്യം പിടിപ്പിക്കാനും കാരണമാകാറുണ്ട്. കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നാമെങ്കിലും, ജോലിസ്ഥലത്തെ അന്തരീക്ഷത്തിൽ നിന്നും ഇത്തരത്തിലുള്ള തിരക്കുപിടിച്ച റോഡുകളിലേക്ക് എത്തുമ്പോൾ നമ്മുടെ തലച്ചോറിന് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ്.

നാം എത്രത്തോളം ജോലി ചെയ്തു എന്നതുകൊണ്ട് മാത്രം മാനസികമായി ക്ഷീണം അനുഭവപ്പെടണമെന്നില്ല. ചുറ്റുപാടുകളിൽ നിന്നുള്ള സമ്മർദ്ദവും, എപ്പോഴും ശ്രദ്ധ ചെലുത്തേണ്ട സാഹചര്യങ്ങളൊക്കെ നമ്മെ തളർത്താറുണ്ട്. ശാരീരികമായി വലിയ പണിയൊന്നുമില്ലെങ്കിലും, എന്തുചെയ്യും എന്ന് മുൻകൂട്ടി കാണാൻ പറ്റാത്ത സാഹചര്യങ്ങൾ തലച്ചോറിന് ഭാരമുണ്ടാക്കുമെന്നാണ് അടുത്തിടെ 'നേച്ചർ ഹ്യൂമൻ ബിഹേവിയർ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ട്രാഫിക്ക് ബ്ലോക്കുകളിൽ മണിക്കൂറുകളോളം പെട്ടുപോകുമ്പോൾ പലരും അമിതമായി തളർന്നുപോകുന്നതിന്റെ കാരണം ഇതാണ്.

മിക്ക തൊഴിലിടങ്ങളിലെയും ജോലികളിൽ നിന്ന് വ്യത്യസ്തമായി, ഗതാഗതകുരുക്ക് വ്യക്തമായ പുരോഗതിയോ പൂർത്തീകരണമോ നൽകാത്ത, തുടർച്ചയായി ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ്. ഓരോ നിമിഷവും ചുറ്റുമുള്ള വാഹനങ്ങൾ, കാൽനടയാത്രക്കാർ, ട്രാഫിക് സിഗ്നലുകൾ, റോഡിലെ അവസ്ഥകൾ, പെട്ടെന്നുള്ള മറ്റ് അനക്കങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ മാറിക്കൊണ്ടിരിക്കേണ്ടി വരുന്നു. ഇങ്ങനെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാഗ്രത മാനസിക ആയാസം കൂട്ടുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മുൻകൂട്ടി അറിയാൻ കഴിയാത്ത അവസ്ഥ തലച്ചോറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ട്രാഫിക് ബ്ലോക്കിൽ അകപ്പെടുമ്പോൾ വാഹനം എപ്പോൾ നീങ്ങുമെന്നോ എപ്പോഴെത്തുമെന്നോ കൃത്യമായി പറയാൻ പറ്റില്ലല്ലോ. ഈ ആശങ്ക കാരണം തലച്ചോറ് എപ്പോഴും എന്താകും എന്നാലോചിച്ച് തലപുകച്ചുകൊണ്ടിരിക്കും. ഇത് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനോ ഉള്ള നമ്മുടെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയും. കാര്യങ്ങൾ നമ്മുടെ കൈയിലല്ലല്ലോ എന്ന തോന്നലാണ് മറ്റൊരു പ്രശ്നം. റോഡിലെ അവസ്ഥകൾ കാരണം നമ്മുടെ യാത്ര തടസപ്പെടുമ്പോൾ നമുക്ക് സ്വാഭാവികമായും ദേഷ്യവും നിരാശയും തോന്നും. ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ, അത് ശരീരത്തിൽ വലിയ മാനസിക സമ്മർദ്ദവും ക്ഷീണവും ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

traffic
ഗതാഗതകുരുക്ക്

തലച്ചോറിനുള്ളിൽ സംഭവിക്കുന്നത്

വണ്ടി എവിടെയെങ്കിലും ഇടിക്കുമോ എന്ന് നോക്കി റോഡിൽ കണ്ണും നട്ട് ഇരിക്കേണ്ടി വരുമ്പോൾ തലച്ചോറിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഗം കൂടുതൽ പണിയെടുത്ത് തുടങ്ങും. വണ്ടികൾ തടസപ്പെടുത്തുമ്പോഴും മറ്റുള്ളവരുടെ ദേഷ്യം കാണുമ്പോഴും തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങൾ പെട്ടെന്ന് ചൂടാകുന്നു. ഈ ബുദ്ധിമുട്ടുകൾ കാരണം ശരീരത്തിൽ 'കോർട്ടിസോൾ', 'അഡ്രിനാലിൻ' തുടങ്ങിയ സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടും. ഇത് നമ്മെ കൂടുതൽ സമ്മർദത്തിലാക്കും.

ഇങ്ങനെ ദീർഘനേരം ശ്രദ്ധിച്ച് ഇരിക്കുന്നത് കാരണം ഓർമ്മശക്തി, പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുക, തീരുമാനങ്ങൾ എടുക്കൽ എന്നിവയ്ക്കുള്ള ഊർജ്ജം തലച്ചോറിൽ ബാക്കി കാണില്ല. നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ തലച്ചോറ് ചെയ്യുന്ന സ്വാഭാവിക കാര്യങ്ങളാണെങ്കിലും, ട്രാഫിക്കിൽ ഇത് വളരെ നേരം നീണ്ടുനിൽക്കുന്നത് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയാലും നമ്മെ മാനസികമായി തളർത്തും.

ദിവസേനയുള്ള യാത്രാസമ്മർദ്ദം ശീലമായി മാറുമ്പോൾ, അത് താൽക്കാലികമായ ക്ഷീണത്തിനപ്പുറം വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം. ജോലിസ്ഥലത്ത് എത്തുമ്പോഴോ തിരിച്ചെത്തുമ്പോഴോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തോന്നുക,​ പെട്ടെന്ന് ദേഷ്യം വരികയും ചെറിയ കാര്യങ്ങൾ പോലും സഹിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാവുകയും ചെയ്യുക,​ പ്രത്യേകിച്ചും വൈകുന്നേരങ്ങളിലെ നീണ്ട യാത്രകൾക്ക് ശേഷം രാത്രി ഉറക്കം വരാതെ ബുദ്ധിമുട്ടുക,​ തലവേദനയോ മൈഗ്രെയ്ൻ പോലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാവുക,​ ആംഗ്‌സൈറ്റി ഉള്ളവരിൽ അതിന്റെ ലക്ഷണങ്ങൾ കൂടുതൽ കാണപ്പെടുക എന്നിവയൊക്കെ മനസിനെ മാത്രമല്ല ശരീരത്തിലെ പ്രവർത്തനങ്ങൾ താറുമാറാക്കാനും സാദ്ധ്യതയുണ്ട്. ഹൃദ്രോഗ സാദ്ധ്യത കൂട്ടാനും, ഉറക്കം കെടുത്തിക്കളയാനും, നമ്മുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും ബാധിക്കാനും ഇടയാക്കും.


ട്രാഫിക് ബ്ലോക്കുകൾ പൂർണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, കൃത്യസമയത്ത് യാത്ര തിരിച്ച്, പാട്ടുകളോ പോഡ്കാസ്റ്റുകളോ കേട്ട്, ശരീരത്തിന് സുഖകരമായ ഇരിപ്പുവശം പാലിച്ചാൽ യാത്രാസമ്മർദ്ദം ഒരു പരിധി വരെ കുറയ്ക്കാം. ലക്ഷ്യസ്ഥാനത്ത് എത്തിയ ഉടൻ അല്പം വിശ്രമിക്കുന്നതും നല്ല ഉറക്കവും വ്യായാമവുമൊക്കെ ശീലമാക്കുന്നതും തലച്ചോറിന് ആശ്വാസം നൽകും.

ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും കടുത്ത ക്ഷീണവും ദേഷ്യവുമൊക്കെ തുടരുകയാണെങ്കിൽ അതൊരു സ്വാഭാവിക കാര്യമായി തള്ളിക്കളയാതെ വിദഗ്ദ്ധ പരിശോധന തേടണം. ഈ അദൃശ്യമായ മാനസിക ഭാരം തിരിച്ചറിഞ്ഞ് ചെറിയ മാറ്റങ്ങൾ വരുത്തിയാൽ യാത്രാസമ്മർദ്ദം ഒഴിവാക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും സാധിക്കും.

English Summary

A recent study published in Nature Human Behaviour explains why the drive home after a full day of work often feels more mentally draining than the job itself. While physical effort is minimal, traffic congestion creates unique cognitive and emotional burdens that exhaust the brain.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAFFIC BLOCK, EXPLAINER, MENTAL STRESS, HEALTH IMPACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360