SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.29 PM IST

ആരോഗ്യത്തിന് ഏറ്റവും മികച്ച ഉപ്പ് ഏതെന്ന് അറിയണ്ടേ? ഇക്കാര്യം ശ്രദ്ധിക്കാൻ മറക്കരുത്

salt
പ്രതീകാത്മക ചിത്രം

അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ് ഉപ്പ്. ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ശരീരത്തിലെ അയഡിന്റെ അളവ് നിലനിർത്തുന്നതിലും ഉപ്പിന് പ്രധാന പങ്കുണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കും (മെറ്റബോളിസം) ആവശ്യമായ ഘടകമാണ് അയഡിൻ. എന്നാൽ വിപണിയിൽ പലതരത്തിലുള്ള ഉപ്പുകൾ ലഭ്യമാകുമ്പോൾ ഇതിൽ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്.

പിങ്ക്‌ സാൾട്ട്, ഇന്തുപ്പ്, കല്ലുപ്പ്, കടലുപ്പ് തുടങ്ങി പല പേരുകളിലുള്ള ഉപ്പുകൾ വിപണിയിലുണ്ട്. ഇവയിൽ ചിലതിൽ ധാരാളം ധാതുക്കളുണ്ടെന്നും സാധാരണ ഉപ്പിനെക്കാൾ മികച്ചതാണെന്നും പ്രചാരണമുണ്ട്. എന്നാൽ, എല്ലാ ഉപ്പുകളിലും ആവശ്യത്തിന് അയഡിൻ അടങ്ങിയിരിക്കണമെന്നില്ല. ഹൈദരാബാദ് സ്വദേശിയും ക്യാൻസർ സർജനുമായ ഡോ. അർജുൻ ശങ്കരൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിലാണ് വിവിധതരം ഉപ്പുകളെക്കുറിച്ചും അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നത്. ശരീരത്തിൽ അയഡിന്റെ കുറവുണ്ടാകുന്നത് ഗോയിറ്റർ, ഹൈപ്പർ തയറോഡിസം, ഓർമ്മക്കുറവ്, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് കാരണമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1. വെളുത്ത ഉപ്പ്

വെളുത്ത ഉപ്പ് ബ്ലീച്ച് ചെയ്‌തതാണെന്ന ധാരണ തെറ്റാണെന്ന് ഡോക്‌ടർ പറയുന്നു. ശുദ്ധമായ ഉപ്പ് സ്വാഭാവികമായും വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഉപ്പിന്റെ ഭൂരിഭാഗവും കടൽവെള്ളത്തിൽനിന്ന് ഉൽപാദിപ്പിക്കുന്നതാണ്. വെയിലത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷം അവയിൽ അയഡിൻ ചേർക്കുന്നു. ഇന്ത്യയിൽ ഭക്ഷ്യാവശ്യത്തിനായി വിൽക്കുന്ന വെളുത്ത ഉപ്പിൽ അയഡിൻ ചേർത്തിട്ടുണ്ടോയെന്ന് പാക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തണം. ദൈനംദിന ഉപയോഗത്തിന് ഇത്തരം ഉപ്പുകളാണ് ഉപയോഗിക്കേണ്ടത്.

2. ഇന്തുപ്പ്, പിങ്ക് സാൾട്ട്, കറുത്ത ഉപ്പ്

സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളെ തുടർന്ന് പിങ്ക് സാൾട്ടിനും ഇന്തുപ്പിനും ദൈനംദിന പാചകത്തിൽ പ്രചാരം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, ഇവയിൽ അയഡിന്റെ അളവ് വളരെ കുറവായിരിക്കാം. പിങ്ക് സാൾട്ടും ഇന്തുപ്പും പാറകളിൽനിന്ന് ലഭിക്കുന്ന ഉപ്പുകളാണ്. ഇവയിൽ ചെറിയ അളവിൽ അധിക ധാതുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ ആരോഗ്യത്തിന് വലിയ പോഷണഗുണം നൽകുന്നില്ല. കറുത്ത ഉപ്പിലും അയഡിന്റെ അളവ് വളരെ കുറവാണ്. അതിനാൽ, ഇത്തരം ഉപ്പുകൾ ദൈനംദിന ഉപയോഗത്തിന് പകരം വ്യത്യസ്‌ത രുചിക്കായി ഇടയ്‌ക്കിടെ മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഡോക്‌ടർ നിർദേശിക്കുന്നത്.

3. കടൽ ഉപ്പ്

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഉപ്പിന്റെ വലിയൊരു ഭാഗവും കടലുപ്പാണ്. എന്നാൽ, കടലുപ്പാണെന്നതുകൊണ്ടുമാത്രം അയഡിൻ ആവശ്യത്തിന് ഉണ്ടാകണമെന്നില്ല. പാക്കറ്റിൽ 'അയഡൈസ്‌ഡ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം.

4. കുറഞ്ഞ സോഡിയം അടങ്ങിയ ഉപ്പ്

ഉയർന്ന രക്ത സമ്മർദമുള്ളവർക്ക് സോഡിയത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് കുറഞ്ഞ അളവിൽ സോഡിയം അടങ്ങിയ ഉപ്പ് സഹായകമായേക്കാം. സാധാരണ ഉപ്പിലെ സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചാണ് ഇത്തരം ഉപ്പുകൾ നിർമ്മിക്കുന്നത്. ഇതിലൂടെ ഉപ്പിന്റെ രുചി നിലനിർത്തിക്കൊണ്ട് സോഡിയത്തിന്റെ അളവ് കുറയ്‌ക്കാൻ സാധിക്കും.

എന്നാൽ, വൃക്കരോഗമുള്ളവർ, രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ, പൊട്ടാസ്യം അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർ ഡോക്‌ടറുടെ നിർദേശം തേടിയശേഷം മാത്രമേ ഇത്തരം ഉപ്പ് ഉപയോഗിക്കാൻ പാടുള്ളെന്ന് ഡോ. ശങ്കരൻ മുന്നറിയിപ്പ് നൽകുന്നു.

ഉപ്പിന്റെ നിറത്തെക്കാൾ അതിൽ അടങ്ങിയിരിക്കുന്ന അയഡിന്റെ അളവിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഡോക്‌ടർ പറയുന്നു. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്‌ക്കും അയഡിൻ അത്യാവശ്യമാണ്. ആവശ്യത്തിന് അയഡിൻ ലഭിക്കുന്നത് ചില തൈറോയ്‌ഡ് ക്യാൻസറുകളുടെ സദ്ധ്യത കുറയ്‌ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദൈനംദിന പാചകത്തിന് അയഡിൻ ചേർത്ത ഏത് ഉപ്പും തിരഞ്ഞെടുക്കാം. ഉപ്പിന്റെ പായ്‌ക്കറ്റിൽ 'അയോഡൈസ്‌ഡ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.


English Summary

Iodised salt is the best choice for daily cooking as it supports thyroid health. Limit total salt intake to less than one teaspoon a day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALT FOR HEALTH, HEALTH CARE, TYPES OF SALT, HEALTH TIPS, GOOD FOOD FOR HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE