കാഴ്ചയിൽ കൗതുകമുണർത്തുന്നതും സ്വഭാവത്തിലും രൂപത്തിലും മറ്റ് പക്ഷികളിൽ നിന്ന് ഏറെ വ്യത്യസ്തനുമാണ് ഹോട്സീൻ. ശരീരത്തിലെ ദുർഗന്ധമാണ് ഇവയുടെ പ്രധാനസവിശേഷത. അസഹ്യമായ ദുർഗന്ധമാണ് ഇവ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്നത്. മാംസത്തിനും ദുസ്വാദാണ്. അതിനാൽ തന്നെ ഇവയെ മറ്റ് ജീവികൾ വേട്ടയാടുന്നത് വളരെ കുറവാണ്.
തെക്കേ അമേരിക്കയിൽ ആമസോൺ, ഒറിനോക്കോ നദികളുടെ ചുറ്റുമുള്ള കാടുകളിലാണ് ഈ പക്ഷികൾ താമസിക്കുന്നത്. ഇലകളും പഴങ്ങളും പൂക്കളുമൊക്കെയാണ് ഇവയുടെ ആഹാരം. പത്തുമുതൽ അമ്പതുവരെ പക്ഷികളുടെ ചെറുസംഘങ്ങളായി ഇവ കഴിയുന്നു. രണ്ടുമുതൽ ഏഴുമീറ്റർ വരെ ഉയരമുള്ള ചെറുവൃക്ഷങ്ങളിലാണ് ഇവ താമസിക്കുന്നത്.
ചുള്ളിക്കമ്പികൾ ചേർത്തുവച്ചുണ്ടാക്കുന്ന ചെറിയതട്ടുകളാണ് ഇവയുടെ കൂടുകൾ. ആണും പെണ്ണും ചേർന്നുണ്ടാക്കുന്ന ഈ കൂടിനുള്ളിൽ പെൺപക്ഷി ഒരു തവണ രണ്ടുമൂന്നുമുട്ടകളിടുന്നു. വെള്ളനിറമുള്ള മുട്ടയിൽ തവിട്ടുപുള്ളികൾ ഉണ്ടാവും. മുട്ടവിരിയുന്നതിന് 28 ദിവസം വേണ്ടിവരും.
മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കന്നുകാലികൾ അയവെട്ടുന്നതുപോലെയൊരു രീതിയിലാണ് ഇവ ഭക്ഷണം ദഹിപ്പിക്കുന്നത്. ഇവയുടെ അന്നനാളിയിൽ തന്നെയാണ് ആഹാരം ദഹിപ്പിക്കാനുള്ള ഈ അറകൾ. ഇവയിലുള്ള പ്രത്യേക ബാക്ടീരിയകൾ ഭക്ഷണം ദഹിപ്പിക്കാൻ സഹായകമാകും. ചില ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ് ശരീരദുർഗന്ധം ലഭിച്ചത്. ഭക്ഷണം ദഹിക്കാൻ 45 മണിക്കൂറെങ്കിലുമെടുക്കും. ഇതിനാൽ തന്നെ ഈ പക്ഷികൾ അധികം പറക്കാറില്ല. തെക്കേ അമേരിക്കയിലെ ഗയാന എന്ന രാജ്യത്തിന്റെ ദേശീയ പക്ഷിയാണ് ഹോട്സീൻ.
The Hoatzin is one of the world's strangest birds, known for its unusual body odour and unique digestive system. Native to the forests surrounding the Amazon and Orinoco rivers in South America, it feeds mainly on leaves, fruits and flowers. Unlike most birds, the Hoatzin digests food through fermentation in specialised chambers in its foregut, similar to the process in cattle.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |