
മുതിർന്നവർ മാത്രമല്ല, കുട്ടികളും ബിസിനസിലൂടെ പണം സമ്പാദിക്കുന്ന കാലമാണിത്. ഒഴിവുസമയങ്ങളിൽ അച്ചാറും മറ്റും വിറ്റ് ചെറുസമ്പാദ്യം കണ്ടെത്താനും വീട്ടുകാരെ സഹായിക്കാനുമായി ഇറങ്ങിത്തിരിച്ച ധാരാളം കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ അങ്ങനൊരു മിടുക്കന്റെ കുഞ്ഞിക്കടയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒമ്പതാംക്ലാസുകാരനായ യാസിനാണ് വഴിയരികിൽ വ്യത്യസ്‌തങ്ങളായ ടോയ്‌ക്കാറുകൾ വിൽക്കുന്ന ചെറിയ കട ഒരുക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മൺകടയ്‌ക്ക് സമീപമാണ് യാസിന്റെ ഷോപ്. പല വലിയ കമ്പനികളുടെയും മിനിയേച്ചർ മോഡലുകൾ ഇവിടെയുണ്ട്
കാറുകളോട് പ്രിയമുള്ള യാസിനോട് ചേട്ടൻ നിസാമാണ് ഇത്തരത്തിലൊരു കടയിടാൻ ഉപദേശിച്ചത്. വേനലവധിക്കാലത്താണ് യാസിൻ കച്ചവടം ആരംഭിച്ചത്. നിരവധിപേരാണ് യാസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. യൂത്തിന്റെ പൾസറിഞ്ഞാണ് അവൻ കച്ചവടത്തിലേക്കിറങ്ങിയതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. അതേസമയം, ചിലരാകട്ടെ ഇതെല്ലാം വിൽക്കാതെ സൂക്ഷിച്ച് വയ്‌ക്കാനും പറയുന്നുണ്ട്. കുട്ടികൾക്കിടയിൽ ബിസിനസ് ആശയങ്ങൾ വളർത്തുന്നതിൽ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും ഒരാൾ അഭിപ്രായപ്പെട്ടു. കുട്ടികൾക്കെന്നും പറഞ്ഞ് ഈ കാറുകൾ വാങ്ങുന്നവരിൽ പലരും തൊണ്ണൂറുകളിൽ ജനിച്ചവരായിരിക്കുമെന്നും ചിലർ പറയുന്നുണ്ട്.
ഈ അടുത്ത കാലത്താണ് കമ്പനി കാറുകളുടെ മിനിയേച്ചർ ടോയ് മോഡലുകളോട് ആളുകൾക്ക് പ്രിയം വർദ്ധിച്ചത്. കുട്ടികളെക്കാൾ കൂടുതലായി ഇവ വാങ്ങുന്നത് ചെറുപ്പക്കാരാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. വഴിയരികിൽ ഇത്തരം കാറുകൾ വിൽക്കുന്നിടത്തെല്ലാം ചെറുപ്പക്കാർ തിക്കിത്തിരക്കുന്നത് അതിന് തെളിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |