
ലാഭവിഹിതം ₹1.43 ലക്ഷം കോടി കവിഞ്ഞു
കൊച്ചി: രാജ്യത്തെ സ്റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്ത 55 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി ഉടമകൾക്ക് നൽകിയ ലാഭവിഹിതം 1.43 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതിൽ 89,501 കോടി രൂപയും മുൻനിര ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് സർക്കാരിന് 80,000 കോടി രൂപയിലധികം ലാഭവിഹിതമായി ലഭിച്ചു.
നിലവിലെ വ്യവസ്ഥകളനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങൾ അറ്റാദായത്തിന്റെ മുപ്പത് ശതമാനമോ അറ്റ ആസ്തിയുടെ നാല് ശതമാനമോ ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് നൽകണം. ഇതോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതി ഇതര വരുമാന മാർഗമായി പൊതുമേഖല കമ്പനികളുടെ ലാഭവിഹിതം മാറി. കോൾ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം ഓഹരി ഉടമകൾക്ക് കൈമാറിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16,669 കോടി രൂപയുടെ ലാഭവിഹിതം കമ്പനി നൽകി. ഇതിൽ 10, 310 കോടി രൂപ കേന്ദ്ര സർക്കാരിന് ലഭിച്ചു.
മൂന്ന് വർഷം സർക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടി
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി നൽകിയത് 2.5 ലക്ഷം കോടി രൂപയാണ്. ആറു വർഷമായി ബഡ്‌ജറ്റ് വിലയിരുത്തിയതിലും കൂടുതൽ തുക ഈയിനത്തിൽ പൊതുമേഖല കമ്പനികളിൽ നിന്ന് സർക്കാരിന് ലഭിച്ചു. 2025 സാമ്പത്തിക വർഷത്തിൽ 83,496 കോടി രൂപയും 2024 സാമ്പത്തിക വർഷത്തിൽ 82,451 കോടി രൂപയുമാണ് കമ്പനികൾ നൽകിയത്.
ലാഭവിഹിത മഴ
വർഷം: മൊത്തം ലാഭവിഹിതം
2023-24 1.34 ലക്ഷം കോടി രൂപ
2024-25 1.33 ലക്ഷം കോടി രൂപ
2025-26 1.43 ലക്ഷം കോടി രൂപ
വിതരണത്തിലെ വമ്പൻമാർ
കമ്പനി : ലാഭവിഹിതം
കോൾ ഇന്ത്യ: : 16,669 കോടി രൂപ
ഒ.എൻ.ജി.സി : 16,331 കോടി രൂപ
എസ്.ബി.ഐ : 16,015 കോടി രൂപ
എൻ.ടി.പി.സി : 8,727 കോടി രൂപ
പവർ ഗ്രിഡ് : 8,371 കോടി രൂപ
ബി.പി.സി.എൽ : 7,477 കോടി രൂപ
എൽ.ഐ.സി : 6,325 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |