
കൊച്ചി: ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്നതിനാൽ ഇന്ത്യൻ കമ്പനികൾക്ക് നെഞ്ചിടിപ്പേറുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിന് അടുത്തെത്തി. യു.എസ് വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 105 ഡോളർ കവിഞ്ഞു, ഇതോടെ രാജ്യത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എണ്ണ വിലയിൽ ബാരലിന് പത്ത് ഡോളർ വർദ്ധനയുണ്ടായാൽ ഇന്ത്യയുടെ വാർഷിക ഇറക്കുമതി ചെലവിൽ 1200 മുതൽ 1,300 കോടി ഡോളറിന്റെ വർദ്ധനയുണ്ടാകും. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകാനും എണ്ണ വിലക്കുതിപ്പ് കാരണമാകും.
എണ്ണവിലയിലെ കുതിപ്പ് ആഗോള വിപണികളിൽ കനത്ത സമ്മർദ്ദമാണ് സൃഷ്‌ടിക്കുന്നത്. ഇന്നലെ അമേരിക്കയിലെ പ്രധാന ഓഹരി സൂചികകൾ കനത്ത തകർച്ച നേരിട്ടു. നാസ്ദാക്ക്, എസ് ആൻഡ് പി എന്നിവയെല്ലാം കനത്ത നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നാണയ വിപണിയിൽ സമ്മർദ്ദം
പശ്ചിമേഷ്യയിലെ സംഘർഷം അമേരിക്കൻ ഡോളറിന് കൂടുതൽ കരുത്ത് പകരുകയാണ്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ ഉയർത്തുമെന്ന പ്രതീക്ഷയിൽ യു.എസ് ബോണ്ടുകളുടെ മൂല്യം ഉയരുന്നതാണ് നാണയ വിപണികളെ മുൾമുനയിലാക്കുന്നത്. ഇന്നലെ അവധി ആയതിനാൽ രൂപയുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഇന്ന് രൂപ ഡോളറിനെതിരെ കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |