SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

ഓട്ടിസം മാറാൻ നീന്തിത്തുടങ്ങി: വേമ്പനാട്ടു കായലിൽ കുഞ്ഞു ഡാനിയേലിന് ലോകറെക്കാഡ്

READ ENGLISH VERSION
ph-1

കണ്ണൂ‌ർ: ഓട്ടിസത്തിന്റെ തളർച്ച മറന്ന് നാലുവയസുകാരൻ ഡാനിയേൽ വേമ്പനാട്ടുകായലിൽ നീന്തിയെടുത്തത് ലോകറെക്കാഡ്. അഞ്ചു കിലോമീറ്റർ നീന്തിയാണ് നേട്ടം സ്വന്തമാക്കിയത്. പത്തു വയസുവരെയുള്ള ഭിന്നശേഷിക്കാരിൽ കൂടുതൽ ദൂരം നീന്തിയ പ്രായം കുറഞ്ഞയാളെന്ന റെക്കാഡിനുടമയാണിപ്പോൾ ഡാനിയേൽ.

വാട്ടർ തെറാപ്പി (ജലചികിത്സ)ക്കായാണ് നീന്തൽ പരിശീലിച്ചത്.

മംഗളൂരുവിൽ താമസമാക്കിയ പ്രഫുൽ ജോസിന്റെയും അയർലന്റിൽ നഴ്സായ ഐശ്വര്യയുടെയും മകനാണ് കണ്ണൂർ പരിയാരം അലക്യംപാലം സ്വദേശി ഡാനിയേൽ. പരിയാരത്ത് താമസിക്കുന്ന അമ്മൂമ്മ മേച്ചിറാകത്ത് ഷാന്റി എം. ബാബുവിനൊപ്പമാണ് താമസം. മൂന്നാം വയസിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കോട്ടയത്തുള്ള ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ തെറാപ്പി ചെയ്തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.

ഇതിനിടയിലാണ് ഷാന്റി വാട്ടർ തെറാപ്പിയെക്കുറിച്ച് കേട്ടത്. തുടർന്ന് കോട്ടയത്തെ ജീവൻരക്ഷാ സ്വിമ്മിംഗ് അക്കാഡമിൽ നീന്തൽ പരിശീലനം ആരംഭിച്ചതോടെ ഡാനിയലിൽ മാറ്റങ്ങളുണ്ടായി. രാത്രിയിൽ തീരെ ഉറങ്ങാതിരുന്ന കുട്ടി നന്നായി ഉറങ്ങാൻ തുടങ്ങി. ആഹാരം കഴിക്കാനുള്ള മടിയും കരയുമ്പോൾ കണ്ണീർ വരാത്തതുമടക്കമുള്ള പ്രശ്നങ്ങളും മാറി.

നിലവിൽ സംസാരിക്കാൻ മാത്രമാണ് ബുദ്ധിമുട്ടുള്ളത്. എഴുത്തും ഡാനിയേലിന് വഴങ്ങിത്തുടങ്ങി. പരിയാരത്തുള്ള ഡ്രീം വെയ‌ർ ഇന്റർനാഷണൽ മോണ്ടിസോറി പ്രീ സ്‌കൂൾ വിദ്യാർത്ഥിയാണിപ്പോൾ. പയ്യന്നൂർ തപസ്യയിൽ കീ ബോർഡും പരിശീലിക്കുന്നുണ്ട്. ഡേവിഡ്, സാറ മറിയം എന്നിവർ സഹോദരങ്ങളാണ്.

 നീന്തൽ പഠിച്ചത് മൂന്നുദിവസം കൊണ്ട്

മൂന്ന് ദിവസം കൊണ്ടാണ് ഡാനിയൽ നീന്തൽ പഠിച്ചത്. ആദ്യ ദിവസം ‌ട്യൂബിലും തുടർന്നുള്ള ദിവസങ്ങളിൽ ഇവയുടെ സഹായമില്ലാതെയും നീന്തി. തുടർന്ന് ഡാനിയേലിന് അക്കാഡമി സൂപ്പർ സ്വിമ്മർ അവാർഡും നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 17ന് അഷ്ടമുടി കായലിൽ നീന്തലിൽ വേൾഡ് റെക്കാഡ് അറ്റംറ്ര് ട്രയൽ നടന്നിരുന്നു. അന്ന് രണ്ട് കിലോമീറ്റർ നീന്തിയാണ് വേൾഡ് റെക്കാഡ് മത്സരത്തിലേക്ക് യോഗ്യത നേടിയത്. സെപ്തംബർ 15നാണ് വേമ്പനാട്ടുകായലിൽ നീന്തി ഡാനിയേൽ റെക്കാഡിട്ടത്. സർക്കാരിന്റെ ഭിന്നശേഷി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്വിമ്മിംഗ് തെറാപ്പി കോഴ്സ് പൂർത്തിയാക്കിയ കുട്ടികളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. കോട്ടയം സ്വിമ്മിംഗ് അക്കാഡമിയിലെ ഗ്രാൻഡ് മാസ്റ്റർ അബ്ദുൾ കലാം ആസാദാണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DANIEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE