SignIn
Kerala Kaumudi Online
Friday, 16 October 2026 6.41 PM IST

'അമ്പട കേമാ'! ട്രാഫിക്കിൽ കുടുങ്ങാതിരിക്കാൻ വേറിട്ട തന്ത്രം; ഓഫീസിലേക്ക് പറന്നെത്തി യുവാവ്

man-flying-paramotor
പാരാമോട്ടോറിൽ പറക്കുന്ന യുവാവ്

വാഷിംഗ്‌ടൺ: ദൈനംദിന യാത്രയിൽ നേരിടേണ്ടിവരുന്ന ഗതാഗതക്കുരുക്ക് പലർ‌ക്കും വലിയ തലവേദനയാണ്. തിരക്കേറിയ റോഡുകളിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരുന്നത് ജോലിക്കുള്ള ഊർജവും സമയവും വലിയ രീതിയിൽ നഷ്‌ടപ്പെടുത്താറുണ്ട്. എന്നാൽ ട്രാഫിക്കിൽനിന്ന് രക്ഷപ്പെടാനായി വ്യത്യസ്‌തമായൊരു വഴി കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ജേക്കബ് ഹട്‌സ്ലർ.

കാറിലോ ബസിലോ യാത്രചെയ്യുന്നതിന് പകരം പാരാമോട്ടോറിൽ പറന്നാണ് അദ്ദേഹം ജോലിസ്ഥലത്തെത്തുന്നത്. വെറും 20 മിനിറ്റുകൊണ്ട് ഓഫീസിലെത്തുന്ന ഇദ്ദേഹത്തിന്റെ യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എയർ ട്രാഫിക് കൺട്രോളറായി ജോലിചെയ്യുന്ന ഹട്‌സ്ലർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തന്റെ വ്യത്യസ്‌തമായ യാത്രാരീതി വിശദീകരിക്കുന്നത്. പറക്കാനുള്ള താൽപര്യവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് അദ്ദേഹത്തിന്റെ യാത്ര.

പാരാമോട്ടോറിൽ ആകാശയാത്ര

വായുവിൽ മുന്നോട്ട്‌ കുതിക്കാൻ സഹായിക്കുന്ന ഫാൻ (പ്രൊപ്പല്ലർ) ഘടിപ്പിച്ച മോട്ടോർ ബാക്ക് പാക്കും പാരാഗ്ലൈഡിംഗ് ചിറകും ഉപയോഗിച്ച് പറക്കാൻ സഹായിക്കുന്ന ഉപകരണമാണ് പാരാമോട്ടർ. പുറത്ത് മോട്ടോറും പ്രൊപ്പല്ലറും ഘടിപ്പിച്ച ശേഷം ഓടി വായുവിലേക്ക് ഉയരാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ഹട്‌സ്ലർ വിശദീകരിക്കുന്നു. പറക്കാനായി പാരാജെറ്റ് മാവെറിക് എന്ന മോട്ടോർ സംവിധാനവും ഓസോൺ സിറോക്കോ 3 എന്ന 18 മീറ്റർ ചിറകുമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. വേഗത, പ്രവർത്തനക്ഷമത, നിയന്ത്രണസൗകര്യം എന്നിവയുടെ മികച്ച സംയോജനമാണ് ഈ സംവിധാനമെന്നും അദ്ദേഹം പറയുന്നു.

ഹട്‌സ്ലലറിന്റെ യാത്ര

അപാർട്മെന്റ് സമുച്ചയത്തിന് മുന്നിലെ റോഡിലെ നടന്നെത്തിയാണ് ഹട്‌സ്ലർ യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നത്. തുടർന്ന് പാരാഗ്ലൈഡിംഗ് ചിറക് നിവർത്തി പരിശോധിച്ചശേഷം പറന്നുയരും. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിലെത്താൻ ഏകദേശം 20 മിനിറ്റ് മതിയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. എന്നാൽ, യാത്രയ്‌ക്കിടെ വ്യോമയാനനിയമങ്ങളും സുരക്ഷാനടപടികളും കൃത്യമായി പാലിക്കേണ്ടതുണ്ട്.

ക്ലാസ് ഡെൽറ്റ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുൻപ് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ഇരുവശത്തേക്കുമുള്ള ആശയവിനിമയം സ്ഥാപിക്കണമെന്നും ഹട്‌സ്ലർ വിശദീകരിക്കുന്നു. തുടർന്ന് ടവറിലെ സഹപ്രവർത്തകരുമായി ബന്ധപ്പെടുകയും വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്ത് ഇറങ്ങുന്നതിനുള്ള അനുമതി തേടുകയും ചെയ്യുന്നു. ഹട്‌സ്ലറുടെ അഭ്യർത്ഥനയ്‌ക്ക് ടവറിൽനിന്ന് ലഭിക്കുന്ന മറുപടി ലഭിക്കും. കാറ്റിന്റെ വേഗത കുറവാണെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഇറങ്ങണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നത് ഹട്‌സ്ലർ പങ്കുവച്ച വീഡിയോയിലുണ്ട്.

വ്യത്യസ്‌തമായ ഈ യാത്രാരീതി സോഷ്യൽമീഡിയോ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഹട്‌സ്ലർ പങ്കുവച്ച വീഡിയോ ഇതിനോടകം ഒരു കോടിയിലധികം കാഴ്‌ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു യാത്ര ഏറെ ആവേശകരമാണെന്നും ഓഫീസിലെത്താൻ ഇതിലും മികച്ച യാത്രാമാർഗമില്ലെന്നുമാണ് നിരവധിപേർ അഭിപ്രായപ്പെടുന്നത്. സ്വന്തം ഓഫീസിലേക്കും ഇതുപോലെ പറന്നെത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അതേസമയം, മഴയുള്ളപ്പോഴും ശക്തമായ കാറ്റുള്ളപ്പോഴും ഇത്തരത്തിൽ യാത്ര ചെയ്യാനാകുമോയെന്നും ഇതിന് എങ്ങനെയാണ് നിയമപരമായി അനുമതി ലഭിക്കുന്നതെന്നും ചിലർ സംശയം ഉന്നയിച്ചു.


English Summary

An air traffic controller from Colorado, Jacob Hutzler, has gone viral for flying a paramotor to work, reaching the airport tower in just 20 minutes while avoiding road traffic. His unique commute has amazed social media users and sparked questions about safety and aviation regulations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAN FLIES, HOW TO AVOID TRAFFIC, PARAMOTOR FLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE