ചെണ്ടമേളത്തിന്റെ താളത്തിനനുസരിച്ച് താളംപിടിക്കുന്ന കാഴ്‌ച മലയാളികൾക്ക് പരിചിതമാണ്. ഉത്സവപ്പറമ്പുകളിലും ഘോഷയാത്രകളിലും മേളം കൊട്ടിക്കയറുമ്പോൾ ആവേശത്തോടെ ചുവടുവയ്‌ക്കുന്നവരും ആർപ്പുവിളിക്കുന്നവരും നിരവധിയാണ്. എന്നാൽ, മേളത്തിന്റെ താളക്കൊഴുപ്പിൽ സ്വയംമറന്ന് ചുവടുവയ്‌ക്കുന്ന ഒരു കുരുന്നിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഈ മേളപ്രേമിയുടെ പ്രായം നാല് വയസിൽ താഴെയാണെന്നറിയുമ്പോഴാണ് കൗതുകം ഇരട്ടിക്കുന്നത്.
മേളക്കാർ അടുത്തേക്കെത്തേണ്ട താമസം അവനും അവരിലൊരാളായി മാറി. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചുവടുവയ്‌ക്കാൻ തുടങ്ങിയ അവന്റെ ആവേശം മേളം മുറികുന്നതനുസരിച്ച് വർദ്ധിക്കാൻ തുടങ്ങി. കാണികളുടെയും മേളക്കാരുടെയും വീര്യം ഇതോടെ ഇരട്ടിയായി. മേളക്കാർ അവന് ചുറ്റും കൂടിനിന്ന് കൊട്ടാൻ തുടങ്ങി. അതിനിടെയിൽ മേളക്കാരിൽ ഒരാൾ ആ മിടുക്കന് തന്റെ ചെണ്ട കൈമാറി. പിന്നെ ഒട്ടും മടിക്കാതെ അവനും കൊട്ടാൻ തുടങ്ങി. കുഞ്ഞിക്കൈയ്‌ക്കാകുന്ന വിധത്തിൽ അവൻ കൊട്ടിത്തുടങ്ങിയപ്പോൾ ചുറ്റും കൂടിനിന്നവരുടെ ആർപ്പുവിളിയും കൈയടിയും ഉയർന്നു. കാഴ്‌ചക്കാരുടെ മുഴുവൻ ശ്രദ്ധയും അവനിലേയ്‌ക്കായി.
നിരവധിപേരാണ് കുട്ടിക്കുറുമ്പന് ആശംസകളുമായി രംഗത്തെത്തുന്നത്. കുഞ്ഞിന്റെ ആത്മവിശ്വാസവും ആവേശവും കാണുമ്പോൾ തന്നെ രോമാഞ്ചം വരുന്നതായി പലരും അഭിപ്രായപ്പെടുന്നത്. അതിനിടെയിൽ ചിലരാകട്ടെ ചെണ്ടമേളം നടക്കുന്ന സ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ചു. മേളത്തിന്റെ വലിയ ശബ്‌ദം കുട്ടികളുടെ കേൾവിശക്തിയെ ദോഷമായി ബാധിക്കാമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ അപ്പോഴും കുരുന്നിന്റെ മേളപ്രേമത്തെയും പ്രകടനത്തെയും പ്രശംസിക്കാൻ അവർ മറക്കുന്നില്ല.
A little boy under four steals the spotlight with his energetic dance to chendamelam beats, even trying his hand at the chenda and winning cheers from the crowd.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |