ബംഗളുരുവിലെ വാടകനിരക്ക് സോഷ്യൽ മീഡിയയിൽ നിരവധി തവണ ചർച്ചകൾക്ക് വിധേയമായതാണ്. ഇതിൽ ഏറ്റവും പുതിയതാണ് ബംഗളുരു സ്വദേശി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരത്തിലെ വാടക നിരക്ക് കുത്തനെ ഉയർന്നതോടെ സ്വകാര്യ മേഖലയിലെ ശമ്പളവും ജീവിതച്ചെലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് ബംഗളുരു സ്വദേശിയുടെ പ്രതികരണം. ന്യുതിപ്പസന്ദ്ര, ഇന്ദിരാനഗർ തുടങ്ങിയ പ്രദേശങ്ങളിലെ വാടക നിരക്കുകളെ കുറിച്ചാണ് വിമർശനം ഉയർന്നത്. നിലവിലെ ശമ്പള നിലവാരം കണക്കാക്കുമ്പോൾ സ്വകാര്യ മേഖലയിലെ ശമ്പളം ഇപ്പോഴും ഐ.ടി മേഖലയിലെ ആദ്യകാല വളർച്ചയുടെ കാലഘട്ടത്തിൽ കുടുങ്ങി കിടക്കുന്നത് പോലെയാണെന്നും അതേസമയം വീടുകളുടെ വാടക , ഭാവിയിലേക്ക് കുതിച്ചുപോയതായും അദ്ദേഹം പരിഹസിച്ചു.
ശമ്പളം 2006ലെ , വാടക 2046ലേതു പോലെ എന്ന രീതിയിലായിരുന്നു താരതമ്യം. ന്യൂ തിപ്പസാന്ദ്രയിലും ഇന്ദിരനഗരിലുമുള്ള പ്രതിമാസ ചെലവുകൾ പരിശോധിച്ചപ്പോൾ കോർപ്പേററ്റ് ജീവിതവും നിലവിലെ വാടക വിപണിയും തമ്മിലുള്ള അബ്‌സല്യൂട്ട് മാത്തമാറ്റിക്കൽ കോമഡി മനസിലായെന്നും യുവാവ് പറഞ്ഞു.
ഒരു ബെഡ്റൂം ഫ്ലാറ്റിന് പോലും 22000 മുതൽ 24000 രൂപ വരെ വാടകയും ഒന്നരലക്ഷം രൂപ വരെ അഡ്വാൻസും ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടെന്നും പോസ്റ്റിൽ പറയുന്നു. 15 വർഷത്തിലധികം പഴക്കമുള്ള വീടുകൾക്ക് പോലും ടെക്ക് കോറിഡോർ മേഖലയിലേതിന് സമാനമായ നിരക്കുകൾ ഊടാക്കുന്നുവെന്നാണ് യുവാവിന്റെ ആരോപണം.
കമ്പനി നിങ്ങൾക്ക് പഴയ കാലത്തെ നിരക്കിൽ ശമ്പളം നൽകുന്നു. വീട്ടുടമ ഭാവിയിലെ നിരക്കിൽ വാടക ഈടാക്കുന്നു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും 90കളിലെ പഴയ സോഫ്‌ട്‌വെയറിലാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു പോസ്റ്റിലെ പരിഹാസം.
പോസ്റ്റ് ശ്രദ്ധ നേടിയതോടെ യുവാവിനെ പിന്തുണച്ച് നിരവധി പേർ കമന്റ് ചെയ്തു. സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് ബംഗളുരുവിലെ വാടകവിപണിക്ക് ഒരു റിയാലിറ്റി ചെക്ക് ആവശ്യമാണെന്നാണ് പലരുടെയും ആവശ്യം. ബംഗളുരുവിലെ അധിക ജീവിതച്ചെലവ് കണക്കിലെടുത്ത്. കമ്പനികളുമായി ശമ്പളം ചർച്ച ചെയ്യുമ്പോൾ കുറഞ്ഞത് 20 ശതമാനം അധികശമ്പളം ആവശ്യപ്പെടണമെന്നായിരുന്നു മറ്റൊരു പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |