മഴക്കാലത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഒന്നാണ് പാമ്പുകളുടെ ശല്യം. ഭക്ഷണവും സുരക്ഷിതമായ ഇടവും തേടിയാണ് ഇവ മഴക്കാലത്ത് പുറത്തിറങ്ങുന്നു. എന്നാൽ നിങ്ങൾപോലും ശ്രദ്ധിക്കാതെ പോകുന്ന ചില തെറ്റുകളാണ് പാമ്പുകളെ വീട്ടിലേക്ക് ആകർഷിക്കുന്നതെന്ന് അറിയാമോ? അവ എന്തൊക്കെയാണെന്ന് നോക്കാം.
വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയശേഷം മിക്കവരും ആ പാത്രം പുറത്തുതന്നെ വയ്ക്കുന്നു. ഈ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ എലികളും മറ്റ് ചെറിയ ജീവികൾ എത്തുന്നു. ഇവയെ പിന്തുടർന്ന് പാമ്പുകളും എത്താൻ സാദ്ധ്യതയുണ്ട്. അതിനാൽ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയശേഷം ആ പാത്രം കഴുകി സൂക്ഷിക്കുക.
മിക്ക വീടുകളിലും എലി ശല്യമുണ്ട്. പക്ഷേ പലരും ഇത് അവഗണിക്കുന്നു. എന്നാൽ എലികളാണ് പാമ്പുകളുടെ പ്രധാന ആഹാരമെന്ന കാര്യം ഓർക്കണം. പലപ്പോഴും ഇവയെ തേടിയാണ് പാമ്പുകൾ വീട്ടിൽ എത്തുന്നത്. അതിനാൽ എലികളെ പൂർണമായും വീട്ടിൽനിന്ന് തുരത്താൻ ശ്രദ്ധിക്കുക.
മഴക്കാലത്ത് പാമ്പിന്റെ മാളങ്ങളിൽ വെള്ളം കയറുന്നത് പതിവാണ്. അതിനാൽ അവ സുരക്ഷിത താവളങ്ങൾ തേടി പുറത്തിറങ്ങുന്നു. നിങ്ങളുടെ വീട്ടിനോട് ചേർന്ന് മരക്കമ്പുകൾ അടുക്കുന്ന സ്ഥലം, പാറക്കല്ലുകൾ, പുല്ലുകൾ എന്നിവയിൽ അവ അഭയം തേടാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.
വീട്ടിനോട് ചേർന്ന് വെള്ളക്കെട്ടോ ഡ്രെയിനേജോ വാട്ടർ ടാങ്കുകളോ ഉണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ഇതിന് അടുത്ത് പാമ്പിന്റെ സാന്നിദ്ധ്യം കൂടുതലായിരിക്കും. അതിനാൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |