ന്യൂഡൽഹി: ഇന്ത്യയിൽ കാണപ്പെടുന്ന വിവിധയിനം മൂർഖൻ പാമ്പുകളുടെയും രാജവെമ്പാലകളുടെയും വിഷത്തിനെതിരെ പുതിയ ആന്റിവെനം വികസിപ്പിച്ച് ശാസ്‌ത്രജ്ഞർ. പരീക്ഷണഘട്ടത്തിലുള്ള ഈ മരുന്ന് പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്ത് പ്രതിവർഷം ഒരു ലക്ഷത്തിലേറെ പേർ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയോളം മരണങ്ങളും സംഭവിക്കുന്നത് ഇന്ത്യയിലാണ്. നിലവിൽ ഉപയോഗിക്കുന്ന ആന്റിവെനങ്ങൾ വ്യത്യസ്‌തയിനങ്ങളിലുള്ള പാമ്പുകളുടെ വിഷത്തിനെതിരെ ഒരു പോലെ ഫലപ്രദമാകാത്തതാണ് പ്രധാന വെല്ലുവിളി.
സാധാരണ പാമ്പിൻ വിഷത്തിനെതിരെയുള്ള ആന്റിവെനങ്ങൾ നിർമ്മിക്കുന്നത് കുതിരയുടെ രക്തത്തിൽനിന്നാണ്. എന്നാൽ , പാമ്പിന്റെ ഇനം, വിഷത്തിന്റെ സ്വഭാവം തുടങ്ങിയവയ്‌ക്കനുസരിച്ചാകും അതിന്റെ ഫലപ്രാപ്‌തിയിൽ വ്യത്യാസമുണ്ടാകും. ചിലരിൽ അലർജി ഉൾപ്പെടെയുള്ള പാർശ്വഫലങ്ങളും ഇവ കാരണമാകാം.
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റിവെനം ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് പ്രത്യേക ആന്റിബോഡി ഘടകങ്ങൾ ഉപയോഗിച്ചാണ് പുതിയ ആന്റിവെനം തയ്യാറാക്കിയിരിക്കുന്നത്. 'നാനോബോഡി' അഥവാ വിഎച്ച്‌എച്ച് എന്നാണ് ഇവ അറിയപ്പെടുന്നത്. മൂർഖൻ പാമ്പിന്റെയും രാജവെമ്പാലയുടെയും വിഷത്തിലെ പ്രധാനപ്പെട്ട മൂന്ന് വിഷഘടകങ്ങളെ ലക്ഷ്യമിട്ടാണ് നാനോബോഡികൾ രൂപകൽപ്പന ചെയ്‌തത്. ആൽഫാ ന്യൂറോ ടോക്‌സിൻ, സൈറ്റോടോക്‌സിൻ, ഫോസ്‌ഫൊലിപേസ് എ2 എന്നിവയാണവ.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ പുതിയ ആന്റിവെനം ഫലപ്രദമാണെന്ന് കണ്ടെത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്‌തയിനം പാമ്പുകളുടെ വിഷവും പരീക്ഷണത്തിന് ഉപയോഗിച്ചു. പാമ്പിൻ വിഷത്തിലെ വ്യത്യാസങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പുതിയ ആന്റിവെനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് പാമ്പിന്റെ കടിയേറ്റാലും ഫലപ്രദമാകുന്ന 'ബ്രോഡ് സ്‌പെക്‌ട്രം' ആന്റിവെനം വികസിപ്പിക്കാൻ ഈ കണ്ടെത്തൽ വഴിയൊരുക്കിയേക്കും.
എന്നാൽ, പുതിയ ആന്റിവെനം മനുഷ്യരിൽ ഉപയോഗിക്കാൻ ഇനിയും സമയമെടുക്കും. ഇതുവരെ എലികളിൽ മാത്രമാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. മനുഷ്യരിൽ ഉപയോഗിക്കുന്നതിന് മുൻപ് വിശദമായ സുരക്ഷാ പരിശോധനകളും ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട്.
Scientists led by the Indian Institute of Science (IISc) have developed a new, recombinant nanobody-based antivenom targeting cobras and king cobras.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |