SignIn
Kerala Kaumudi Online
Sunday, 04 October 2026 5.34 PM IST

വേഗത്താരമായ ഇടുക്കിക്കാരി ഇന്ത്യയ്ക്ക് വേണ്ടി തന്ത്രങ്ങൾ മെനയും, സൈക്ലിംഗ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി കെസിയ

kesia
കെസിയ വർഗീസ്

കൊച്ചി: രാജ്യാന്തര സൈക്ലിംഗ് മത്സരങ്ങളിൽ വേഗതാരമായ ഇടുക്കിക്കാരി കെസിയ വർഗീസ് ഇന്ത്യൻ ടീമിനുവേണ്ടി തന്ത്രങ്ങൾമെനയും. 2028 ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തെ സജ്ജമാക്കുകയെന്ന ദൗത്യമാണ് ഇന്ത്യൻ സൈക്ലിംഗ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഈ 35കാരിക്ക് മുന്നിലുള്ളത്. ഇന്റർനാഷണൽ സൈക്ലിംഗ് യൂണിയന്റെ (യു.സി.ഐ) സ്വിറ്റ്സർലൻഡ് ആസ്ഥാനത്ത് നടന്ന ലെവൽ 3 കോച്ചിംഗ് കോഴ്‌സ് പാസായ ആദ്യ മലയാളി വനിതയാണ് കെസിയ.


അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റായ കെസിയയ്ക്ക് ഡൽഹിയിൽ പരിശീലകയുടെ റോൾ ഏറ്റെടുക്കാൻ ഇനിയാവശ്യം സർക്കാർ അനുമതി മാത്രം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരം സ്പോർട്സ് കൗൺസിലിലൂടെയായിരുന്നു സൈക്ളിംഗിലേക്ക് എത്തിയത്. 13 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ആറ് അന്താരാഷ്ട്ര മെഡലുകളും 84 ദേശീയ മെഡലുകളും കരസ്ഥമാക്കി. യു.സി.ഐയുടെ ലെവൽ 1, ലെവൽ 2 കോഴ്‌സുകൾ പൂർത്തിയാക്കിയശേഷമാണ് ലെവൽ 3 കോഴ്സിനെത്തിയത്. ഒരുവർഷം കേരള സൈക്ലിംഗ് ടീമിന്റെ കോച്ചായും പ്രവർത്തിച്ചു.


കഠിന പരിശീലനം

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഐ.ഒ.സി ഒളിമ്പിക് സോളിഡാരിറ്റി സ്‌കോളർഷിപ്പ് വഴിയാണ് കെസിയ, വേൾഡ് സൈക്ലിംഗ് സെന്റർ സംഘടിപ്പിച്ച സമ്പൂർണ വനിതാ ലെവൽ 3 കോച്ചിംഗ് ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള മികച്ച 12 വനിതാ പരിശീലകർക്കായിരുന്നു പ്രവേശനം. തീവ്രപരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് സൈക്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയിൽ നിന്നുള്ള നിയോഗം തേടിയെത്തിയത്. പി.എം.വർഗീസ്- സൂസമ്മ ദമ്പതികളുടെ മകളാണ്. തമ്മനം സ്വദേശിയും സംഗീതജ്ഞനുമായ റോണിയാണ് ഭർത്താവ്.


3 ലെവൽ കോച്ചിംഗ്

ലെവൽ 1- സൈക്ലിംഗ് കോച്ചിംഗിന്റെ പ്രാഥമിക പഠനം. 2 ദിവസത്തെ കോഴ്‌സ്

ലെവൽ 2- പെർഫോമൻസ് ഉയർത്താൻ പാകപ്പെടുത്തുന്ന പരിശീലനം. കോഴ്സ് കാലാവധി 10 ദിവസം

ലെവൽ 3- മികച്ച പരിശീലനം നൽകാൻ പ്രാപ്തമാക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും പെർഫോമൻസ് വിലയിരുത്താനും പഠിപ്പിക്കും. 22 ദിവസത്തെ കോഴ്‌സ്.


ഇന്ത്യൻ താരങ്ങളെ രാജ്യാന്തര നേട്ടങ്ങളിലേക്ക് നയിക്കുകയാണ് പ്രധാന ലക്ഷ്യം.
- കെസിയ വർഗീസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KESIA CYCLING COACH, IDUKKI CYCLIST, INDIAN CYCLING TEAM, KESIA ASSISTANT COACH, KERALA CYCLING NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY