വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയെന്ന നേട്ടം സ്വന്തമാക്കി പിയ ദണ്ഡിയ. ഫ്ലോറിഡയിലെ 22-ാം കോൺഗ്രസ് മണ്ഡലത്തിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായാണ് അവർ മത്സരിച്ച് വിജയിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും വ്യവസായിയുമായ കേസി അസ്കറിനെയാണ് 39കാരിയായ പിയ പരാജയപ്പെടുത്തിയത്. 51.9 ശതമാനം വോട്ടുകൾ പിയയ്ക്ക് ലഭിച്ചു. പ്രമീള ജയ്പാലാണ് അമേരിക്കൻ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജ.
ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിലാണ് പിയ ജനിച്ചതും വളർന്നതും. പിയയുടെ മാതാപിതാക്കൾ 1980കളിൽ ജയ്പൂരിൽ നിന്ന് കുടിയേറിയവരാണ്. പിതാവ് ഡോ. രോഹിത് ദണ്ഡിയ അമേരിക്കയിൽ ഡോക്ടറായി ജോലി തുടർന്നപ്പോൾ മാതാവ് ജൂപ്പിറ്ററിൽ മോണ്ടിസോറി സ്കൂൾ ആരംഭിച്ചു.
ഇന്ത്യൻ പാരമ്പര്യവുമായി അടുത്ത ബന്ധം പുലർത്തിയാണ് പിയ വളർന്നത്. കുട്ടിക്കാലത്ത് ബന്ധുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അവരെ ഇന്ത്യയിലേക്ക് അയക്കാറുണ്ടായിരുന്നു. ഈ യാത്രകൾ തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് 2025ലെ ഒരു അഭിമുഖത്തിൽ പിയ വ്യക്തമാക്കിയിരുന്നു.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ പിയ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പഠനകാലത്ത് ഇന്ത്യയിലെത്തി ന്യൂഡൽഹിയിലെ ചേരിപ്രദേശങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലും ഇവർ പങ്കാളിയായിട്ടുണ്ട്. പിന്നീട് ടീച്ച് ഫോർ അമേരിക്കയുടെ ഭാഗമായി ബോസ്റ്റണിൽ അദ്ധ്യാപികയായി ജോലി നോക്കി. 28-ാം വയസിൽ ന്യൂയോർക്കിലെ ഹാർലെമിൽ ഡെമോക്രസി പ്രെപ് എൻഡ്യൂറൻസ് ഹൈസ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പലായി ചുമതലയേറ്റു.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയായിരുന്നു സ്കൂളിന്റെ ലക്ഷ്യം. സ്കൂളിലെ 86 ശതമാനം വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. 2020ൽ വൈറ്റ് ഹൗസ് ഫെലോയായും പ്രവർത്തിച്ച പിയ വൈറ്റ് ഹൗസ് ആഭ്യന്തര നയകൗൺസിലിലും യുഎസ് വിദ്യാഭ്യാസ വകുപ്പിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Pia Dandia has become the second Indian-origin woman elected to the US Congress, winning Florida’s 22nd Congressional District with 51.9% of the vote. She defeated Republican candidate and businessman Casey Askar. Born in Florida to parents who migrated from Jaipur, Dandia studied at Harvard and Boston University, worked as a teacher and later served in the White House.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |