SignIn
Kerala Kaumudi Online
Monday, 05 October 2026 12.25 PM IST

21 സ്വർണത്തിൽ 11ഉം നേടിയത് വനിതകൾ; ഏഷ്യൻ ഗെയിംസിൽ നിർണായകമായി ഇന്ത്യയുടെ പെൺകരുത്ത്

anahat-singh
സ്ക്വാഷ് പ്ലയർ അനഹാട്ട് സിംഗ്, ബോക്‌സർ ലവ്‌ലീന ബോറോഗോഹെയ്‌ൻ, എംഎംഎം അത്‌ലറ്റ് സൂചിക

നഗോയ: ഐച്ചി-നഗോയ എഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായത് വനിതാതാരങ്ങളുടെ പ്രകടനം. 495 അംഗ സംഘത്തിൽ 234 പേർ വനിതകളായിരുന്നു. ഇന്ത്യ നേടിയ 85 മെഡലുകളിൽ 38 എണ്ണം വനിതാ ഇനങ്ങളിൽനിന്നായിരുന്നു. ഇന്ത്യ നേടിയ 21 സ്വർണമെഡലുകളിൽ 11 എണ്ണവും സ്വന്തമാക്കിയത് വനിതാ താരങ്ങളാണ്. മിക്‌സഡ് ഇനങ്ങളിൽ മൂന്ന് സ്വർണം കൂടി ലഭിച്ചു.

2023ലെ ഏഷ്യൻ ഗെയിംസിൽ വനിതാ ഇനങ്ങളിൽ ഇന്ത്യ നേടിയ സ്വർണങ്ങളുടെ എണ്ണം ഒമ്പതായിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സ്വർണത്തിന്റെ വർദ്ധന. കണക്കുകളിൽ ചെറിയൊരു മാറ്റമല്ലേയുള്ളുവെന്ന് തോന്നാമെങ്കിലും ഇന്ത്യൻ വനിതാ കായികരംഗം കടന്നുപോകുന്ന വലിയ മാറ്റത്തിന്റെ സൂചനയാണിത്.

കാത്തിരിപ്പിന്റെ പര്യവസാനം

ഈ മെഡലുകളിൽ പലതും രാജ്യത്തിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ പര്യവസാനമായിരുന്നു. വനിതാ ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടെ മെഡൽ യാത്രയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ഭാരോദ്വഹത്തിൽ മീരാബായി ചാനുവിന്റെ വെള്ളിയും. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി നേടിയ വെള്ളിക്ക് ശേഷം ഇന്ത്യൻ ഭാരോദ്വഹനത്തിൽ ഏഷ്യൻ ഗെയിംസിൽ ഒരു മെഡൽ ലഭിക്കാൻ 28 വർഷം കാത്തിരിക്കേണ്ടിവന്നു.

വനിതാ ഹോക്കി ടീമിന്റെ സ്വർണമായിരുന്നു മറ്റൊരു നീണ്ട കാത്തിരിപ്പിന് അവസാനമിട്ടത്. 44 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസിൽ ഹോക്കിയിൽ സ്വർണം നേടിയത്

റെക്കോർഡുകൾ തിരുത്തിയെഴുതിയവർ

400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ വിത്യ രാംരാജിന്റെ പ്രകടനവും റെക്കോർഡുകൾ തിരുത്തിയെഴുതുന്നതായിരുന്നു. 54.75 സെക്കന്റിൽ ഫിനിഷ് ചെയ്‌ത വിത്യ, പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് മറികടന്നത്. ഒരുകാലത്ത് ഇതിഹാസതാരങ്ങൾ നേടിയ സ്‌കോറുകൾ സ്വന്തമാക്കുന്നത് അസാദ്ധ്യമാണെന്ന് കരുതിയിരുന്ന ഒരു തലമുറയിൽനിന്ന് ആ റോക്കോർഡുകൾ തകർക്കുന്ന പുതിയ തലമുറയുടെ ഊർജത്തിന്റെ പ്രതീകമായി വിത്യ മാറി.

വീണിടത്തുനിന്ന് തിരിച്ചുവന്നവർ

വനിതാ ബോക്‌സിംഗിലെ ലവ്‌ലീന ബോർഗോഹെയ്‌ന്റെയും പർവീൻ ഹൂഡയുടെയും സ്വർണനേട്ടങ്ങൾക്കുപിന്നിൽ തിരിച്ചുവരവിന്റെ കഥകളുണ്ടായിരുന്നു. പാരിസ് ഒളിമ്പിക്‌സിലെ നിരാശയ്‌ക്ക് പിന്നാലെയാണ് ലവ്‌ലീന 75 കിലോഗ്രാം വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്. ഇതോടെ മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ ബോക്‌സിംഗ് വിഭാഗത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്‌ലീന മാറി.

പർവീൻ ഹൂഡയുടെ തിരിച്ചുവരവ് അതിലും കടുത്തതായിരുന്നു. ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ നേടിയ വെങ്കലം നിയമലംഘനം നടത്തിയെന്ന പേരിൽ സസ്‌പെൻഷനിലായതോടെ നഷ്‌ടമായിരുന്നു. പാരിസ് ഒളിമ്പിക്‌സിലും താരത്തിന് പങ്കെടുക്കാനായില്ല. പക്ഷേ, തിരിച്ചുവരവിനായി മറ്റൊരു വേദി കാത്തുനിൽക്കുകയായിരുന്നു. പുതിയ 65 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച പർവീൻ സ്വർണനേട്ടത്തോടെയാണ് നഷ്‌ടങ്ങളെ മറികടന്നത്.

ശരീരത്തിന്റെ പരിമിതികൾക്കപ്പുറം

മെഡൽ നേട്ടത്തിലേക്കുള്ള ചില യാത്രകളിൽ ഒപ്പം മത്സരിക്കുന്ന എതിരാളികളെ മാത്രമല്ല, സ്വന്തം ശരീരം സൃഷ്‌ടിക്കുന്ന തടസങ്ങളെപ്പോലും നേരിടേണ്ടിവരും. ഏഷ്യൻ ഗെയിംസിന് തൊട്ടുമുൻപ് ഇൻഫ്ലുവൻസ ബി ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയതിനുപിന്നാലെ മത്സരത്തിനെത്തിയ ട്രാപ് ഷൂട്ടർ നീരു ധന്ധ വനിതകളുടെ വ്യക്തിഗത ട്രാപ്പിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്.

ലോംഗ് ജമ്പിൽ വെള്ളി നേടിയ ആൻസി സോജന്റെ പോരാട്ടവും വ്യത്യസ്‌തമായിരുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം നേരിടുന്ന കാര്യം നേരത്തെതന്നെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ശരീരഭാരം കൃത്യമായി നിയന്ത്രിക്കേണ്ട കായിക ഇനത്തിൽ ഈ ആരോഗ്യപ്രശ്‌നം വലിയ വെല്ലുവിളിയാണ്. എന്നാൽ, അത്തരം തടസങ്ങളെ മറികടന്നാണ് 6.53 മീറ്റർ ചാടിയ ആൻസി വെള്ളി സ്വന്തമാക്കിയത്. രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് ആൻസിക്ക് സ്വർണം നഷ്‌ടമായത്.

മാറ്റം

ഇന്ത്യൻ വനിതാ താരങ്ങളുടെ നേട്ടങ്ങളെ ഒറ്റപ്പെട്ട വിജയങ്ങളായി കാണാനാകില്ല. അതിന് പിന്നിൽ മാറിവരുന്ന ഒരു കായികസംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുണ്ട്. കൂടുതൽ പെൺകുട്ടികൾ കായികരംഗത്തേക്ക് എത്തുന്നതിന്റെ സൂചനയാണത്. വനിതാ കായികതാരങ്ങൾ സമൂഹത്തിൽ അംഗീകാരം വർദ്ധിക്കുന്നതായി വേണം മനസിലാക്കാൻ. എന്നാൽ, മുന്നിലുള്ള ദൂരം ഇനിയും വലുതാണ്.

English Summary

Indian women athletes played a key role in India’s Asian Games success, winning 11 of the country’s 21 gold medals. Their achievements, record-breaking performances and inspiring comebacks highlight the growing strength of women’s sports in India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA WOMENSCRICKET ASIANGAMES GOLDMEDAL, WOMEN IN ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE