SignIn
Kerala Kaumudi Online
Thursday, 28 May 2026 12.35 PM IST

ആറ് വർഷത്തിന് ശേഷം മനഷ്യൻ ചന്ദ്രനിൽ സ്ഥിരതാമസമാക്കും,​ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് നാസ

ai-image
പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ: സയൻസ് ഫിക്ഷൻ സിനിമകളെ വെല്ലുന്ന തരത്തിൽ വൻ നഗരങ്ങൾക്ക് സമാനമായ താവളങ്ങൾ ചന്ദ്രനിൽ നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സ്വപ്ന പദ്ധതിക്കായി 1.6 ലക്ഷം കോടി രൂപയാണ് (20 ബില്യൺ ഡോളർ) ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ എഞ്ചിനീയറിംഗ് പര്യവേക്ഷണ ശ്രമങ്ങളിൽ ഒന്നാണിത്. അമേരിക്ക ചന്ദ്രനിലേക്ക് മടങ്ങിയെത്തുകയാണ്; ഇത്തവണ സ്ഥിരമായി ചന്ദ്രനിൽ താമസിക്കാൻ ഉറപ്പിച്ചാണ് ഞങ്ങളുടെ വരവ്'.- ജാരെഡ് ഐസക്മാൻ പറഞ്ഞു. 2032 ഓടെ സ്ഥിരമായ ഒരു മനുഷ്യ കോളനി ചന്ദ്രനിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളായുള്ള ഒരു റോഡ് മാപ്പാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രനിലെ ഏറ്റവും അപകടം പിടിച്ച അന്തരീക്ഷത്തിൽ നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഒന്നിലധികം കെട്ടിടങ്ങൾ ഈ താവളത്തിലുണ്ടാകും.

jarred-isaacman

ഒന്നാം ഘട്ടം

ഈ വർഷം ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിൽ ജെഫ് ബെസോസിന്റെ 'ബ്ലൂ ഒറിജിൻ' കമ്പനിയുടെ 'ബ്ലൂ മൂൺ മാർക്ക് 1' ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള ഷാക്കിൾട്ടൺ ക്രേറ്ററിന് സമീപം ഇറങ്ങും. തുടർന്ന് ആസ്‌ട്രോബോട്ടിക്, ഇൻട്യൂട്ടീവ് മെഷീൻസ് എന്നീ സ്വകാര്യ കമ്പനികളുടെ ലാൻഡറുകൾ ഉപയോഗിച്ച് 'ആസ്‌ട്രോലാബ്' നിർമ്മിച്ച ഒരു റോവർ ചന്ദ്രനിലെത്തിക്കും. ഈ ഘട്ടത്തിന്റെ അവസാനത്തോടെ 'മൂൺഫാൾ' ഹെലികോപ്‌റ്റർ ഡ്രോണുകളും റോവറുകളും ഉപയോഗിച്ച് ദക്ഷിണധ്രുവത്തിൽ വെള്ളത്തിന്റെയും മറ്റ് വിഭവങ്ങളുടെയും സാന്നിദ്ധ്യം നാസ വിശദമായി പരിശോധിക്കും.

രണ്ടാം ഘട്ടം

2029ഓടെ ആദ്യമായി മനുഷ്യരെ ചന്ദ്രനിലെ താവളത്തിൽ താമസിപ്പിക്കാൻ അയക്കും. 24 ലാൻഡിംഗുകളിലായി ഏകദേശം 60 ടൺ നിർമ്മാണ സാമഗ്രികൾ ചന്ദ്രനിലെത്തിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. താവളത്തിന് ആവശ്യമായിട്ടുള്ള തടസമില്ലാതെ ഊർജ്ജം ലഭ്യമാക്കാൻ 'ആറ്റോമിക് പവർ സിസ്റ്റങ്ങൾ' ആദ്യമായി ചന്ദ്രനിൽ സ്ഥാപിക്കും. ബഹിരാകാശ വസ്ത്രങ്ങൾ ധരിക്കാതെ തന്നെ ശാസ്ത്രജ്ഞർക്ക് 30 ദിവസം വരെ ഇരുന്ന് യാത്ര ചെയ്യാനും ഗവേഷണം നടത്താനും സാധിക്കുന്ന വായു മർദ്ദം ക്രമീകരിച്ച റോവറുകളും ലഭ്യമാക്കും.

മൂന്നാം ഘട്ടം
2032ഓടെ ചന്ദ്രനിൽ ശാസ്ത്രജ്ഞരുടെ സ്ഥിര താമസം സാദ്ധ്യമാക്കും. കൃത്യമായ ഇടവേളകളിൽ ഭൂമിയിൽ നിന്നും ശാസ്ത്രജ്ഞരുടെ പുതിയ സംഘങ്ങൾ മാറിമാറി ചന്ദ്രനിലെത്തും.

ai-image-

ചൊവ്വാ ദൗത്യത്തിലേക്കുള്ള ചവിട്ടുപടി

നാസയുടെ എക്കാലത്തെയും ലക്ഷ്യമായ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്ന ദൗത്യത്തിന്റെ ആദ്യ ചവിട്ടുപടിയാണ് ചാന്ദ്രനിലെ താവളം.അടുത്തിടെ സമാപിച്ച 'ആർട്ടെമിസ് II-ന്റെ വൻ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് നാസ പുതിയ പദ്ധതിയിലേക്ക് കടക്കുന്നത്. ആർട്ടെമിസ് II-ലെ നാല് ബഹിരാകാശ സഞ്ചാരികൾ 10 ദിവസത്തെ യാത്രയിൽ ചരിത്രത്തിൽ ഇതുവരെ ഒരു മനുഷ്യനും പോകാത്തത്ര ആഴത്തിൽ ബഹിരാകാശത്ത് സഞ്ചരിച്ച് റെക്കാർഡ് ഇട്ടിരുന്നു.


ഇതുവരെ നടന്ന അപ്പോളോ ദൗത്യങ്ങളിൽ ആകെ 80 മണിക്കൂർ മാത്രമാണ് മനുഷ്യൻ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചിട്ടുള്ളത്. എന്നാൽ പുതിയ മൂൺ ബേസ് വരുന്നതോടെ ശാസ്ത്രജ്ഞർക്ക് കൂടുതൽ കാലം ചന്ദ്രനിൽതാമസിക്കാനും ചൊവ്വാ ദൗത്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ ഒരുക്കണമെന്ന് പഠിക്കാനും സാധിക്കുമെന്ന് നാസയുടെ എക്സ്‌പ്ലോറേഷൻ സിസ്റ്റംസ് ഡയറക്ടർപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCIENCE, TECH, MOON BASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY