
കൊച്ചി: വാഹന വില്പനയിൽ വമ്പൻ കുതിപ്പുമായി ഇന്ത്യ. വൈദ്യുത വാഹനങ്ങളുടെ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും വില്പന ജൂലായിൽ റെക്കാഡ് വളർച്ച കൈവരിച്ചു. 25,91,138 വാഹനങ്ങളാണ് ജൂലായിൽ രജിസ്റ്റർ ചെയ്തത്. 2025 ജൂലായിലേക്കാൾ 25.89 ശതമാനമാണ് വളർച്ചയെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) കണക്കുകൾ പറയുന്നു.
ഇരുചക്ര വാഹനങ്ങളുടെ വില്പന 28.25 വർദ്ധിച്ച് 18,18,289 യൂണിറ്റായി. യാത്രാവാഹന വില്പന 19.13 ശതമാനം വർദ്ധിച്ച് 4,16,555 യൂണിറ്റിലെത്തി. വാണിജ്യ വാഹനങ്ങൾ 24.04 ശതമാനം വളർച്ചയോടെ 99,666 യൂണിറ്റ് കൈവരിച്ചു. ത്രിചക്രവാഹനങ്ങൾ 16.16 ശതമാനം വളർന്ന് 1,33,778 യൂണിറ്റും രേഖപ്പെടുത്തി. ട്രാക്ടർ വില്പന 28.10 ശതമാനം വർദ്ധിച്ച് 1,17,349 യൂണിറ്റായി.
യാത്രാവാഹനങ്ങളിൽ സി.എൻ.ജി, ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളുടെ ആകെ വിഹിതം 40.59 ശതമാനമായി. പെട്രോൾ വാഹനങ്ങളുടെ 41.68 ശതമാനത്തോട് ഇവ അടുത്തെത്തിയതാണ് പ്രത്യേകത. ജൂലായിൽ പാസഞ്ചർ വാഹനങ്ങളുടെ വൈദ്യുതവാഹന വ്യാപനം 12.7 ശതമാനമായി വർദ്ധിച്ചു.
ഡീലർമാർക്ക് ആശങ്ക
യാത്രാവാഹനങ്ങൾ ഡീലർമാരുടെ പക്കൽ തുടരുന്നത് (ഡീലർ ഇൻവെന്ററി) 33 മുതൽ 35 ദിവസമായി ഉയർന്നത് ആശങ്കയായി. ഷോറൂമിൽ വില്പനയ്‌ക്ക് സൂക്ഷിക്കുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതാണ് ഡീലർ ഇൻവെന്ററി. വില്പന വർദ്ധിക്കുമ്പോഴും കൂടുതൽ ദിവസം വാഹനം കിടക്കുന്നതാണ് ഡീലർമാരുടെ ആശങ്ക.
കേരളത്തിലെ ഓണം, രാജ്യമെങ്ങും സ്വാതന്ത്ര്യദിനം, രക്ഷാബന്ധൻ തുടങ്ങിയവ മൂലം ഉത്സവകാലങ്ങളിൽ ആവശ്യകത വർദ്ധിക്കുന്നത് ആഗസ്റ്റിലെ വില്പന വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ.
ഇ.വിയിൽ വൻകുതിപ്പ്
വൈദ്യുത വാഹന വില്പനയിൽ ജൂലായിൽ 66 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 3,27,901 വൈദ്യുത വാഹനങ്ങളാണ് വിറ്റഴിയപ്പെട്ടത്. രാജ്യത്ത് വിൽക്കുന്ന എട്ടു വാഹനങ്ങളിൽ ഒരെണ്ണം വൈദ്യുതവാഹനം എന്നതാണ് വളർച്ച.
രാജ്യത്തെ ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. ചരക്കുകൾ കയറ്റുന്ന വാണിജ്യ വാഹനങ്ങൾ 3.57 ശതമാനമായി മാറി. മുച്ചക്ര വൈദ്യുത വാഹനങ്ങളിൽ 65.1ഉം യാത്രാവാഹനങ്ങളിൽ 83 ശതമാനവും വീതമാണ് വളർച്ച. ദേശീയപാതകളിലുൾപ്പെടെ ചാർജിംഗ് സംവിധാനങ്ങൾ വർദ്ധിച്ചത് വൈദ്യുത വാഹന വ്യാപനത്തിന് വേഗത കൂട്ടിയെന്ന് ഫാഡ ഭാരവാഹികൾ പറഞ്ഞു.
വൈദ്യുത വാഹന വില്പന
മുച്ചക്രം 78,421
ഇരുചക്രം 1,94,963
യാത്രാവാഹനം 33,524
വാണിജ്യം 3,360
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |