SignIn
Kerala Kaumudi Online
Thursday, 30 July 2026 11.21 PM IST

ലിഫ്റ്റ് അപകടങ്ങൾക്ക് ഉത്തരവാദികളാകുന്നവർ ആരൊക്കെ?​ സുപ്രീം കോടതി വിധിയിലെ നിരീക്ഷണം ഇങ്ങനെ

lift-accident
ലിഫ്റ്റ് അപകടം

ലിഫ്റ്റ് അപകടങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും അതിന്റെ നിർമാതാക്കളും മെയിന്റനൻസ് ഏജൻസികളും കെട്ടിട ഉടമകളും ഒരുപോലെ വഹിക്കണമെന്ന് സുപ്രീം കോടതി വിധി. ലിഫ്റ്റുകളെ ഒരു 'പൊതു ഗതാഗത സംവിധാനമായി' കണക്കാക്കുന്നതിനാൽ, ഇതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഓട്ടിസ് എലിവേറ്റർ കമ്പനി (ഇന്ത്യ) ലിമിറ്റഡ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടായിരുന്നു വിധി. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ (എൻസിഡിആർസി) 2014 ലെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.

കോടതി വിധിയുടെ പ്രധാന വശങ്ങൾ പരിശോധിക്കാം:

2003 മാർച്ചിൽ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ ആസ്ഥാനത്ത് ലിഫ്റ്റ് തകരാറിലായി മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വിപിൻ ഹാൻ‌‌ഡ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. 2003 മാർച്ചിൽ ആറാം നിലയ്ക്കും ഏഴാം നിലയ്ക്കും ഇടയിൽ ലിഫ്റ്റ് കുടുങ്ങിപ്പോകുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വിപിൻ ഹാൻ‌‌ഡ ലിഫ്റ്റിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് വഴുതിവീഴുകയും, അദ്ദേഹത്തിന്റെ തല ലിഫ്റ്റിനും തറയ്ക്കും ഇടയിൽ കുടുങ്ങി ദാരുണമായി മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന 11 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.

രക്ഷാപ്രവർത്തനത്തിനിട‌യിൽ സംഭവിച്ച 'മനുഷ്യന്റെ പിഴവാണ്' അപകടത്തിന് കാരണമെന്നായിരുന്നു 'ഓട്ടിസ് എലിവേറ്റർ കമ്പനി' കോടതിയിൽ വാദിച്ചത്. വോൾട്ടേജ് വ്യതിയാനങ്ങൾ പരിഹരിക്കാൻ സ്റ്റെബിലൈസർ സ്ഥാപിക്കണമെന്ന് തങ്ങൾ മുൻപ് നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ അത് നടപ്പിലാക്കിയില്ലെന്നും കമ്പനി വാദിച്ചു. വോൾട്ടേജ് പ്രശ്നങ്ങൾ എട്ട് മാസത്തോളമായി പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പുണ്ടായ കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ലിഫ്റ്റിൽ ഏറെക്കാലമായി തകരാറുകൾ ഉണ്ടായിരുന്നതായും ഓടിസ് കമ്പനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും നിരീക്ഷിച്ചു. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനോ ലിഫ്റ്റ് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകനോ കമ്പനി തയ്യാറായില്ല.

supreme-court
 ന്യൂഡൽഹിയിലെ സുപ്രീം കോടതി കെട്ടിടം

ലിഫ്‌റ്റിനകത്തേക്ക് പ്രവേശിക്കുന്ന ആളുകൾ തങ്ങളുടെ സുരക്ഷയും വിശ്വാസവും ആ സംവിധാനത്തിന് മേലാണ് സമർപ്പിക്കുന്നത്. അതിനാൽ നിർമ്മാതാക്കളും അവ പരിപാലിക്കുന്ന ഏജൻസികളും കെട്ടിട ഉടമകളും സാധാരണ നൽകുന്ന ജാഗ്രതയെക്കാൾ കൂടുതൽ ഉയർന്ന ജാഗ്രത പുലർത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിപിൻ ഹന്ദയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമായി 3.01 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷന്റെ (എൻസിഡിആർസി) 2014ലെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. 2003 മാർച്ച് 20 മുതൽ പ്രതിവർഷം ഒമ്പത് ശതമാനം പലിശ സഹിതം തുക നൽകണമെന്നും, 90 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ പലിശ 12 ശതമാനമായി ഉയരുമെന്നും കോടതി ഉത്തരവിട്ടു.

ആരാണ് ഉത്തരവാദികൾ?

അപകടത്തിന് ഉത്തരവാദികളായവർ ആരാണെന്ന് കണ്ടെത്തേണ്ട ബാദ്ധ്യത യഥാർത്ഥത്തിൽ ഇരകൾക്കില്ല. ഉത്തരവാദികളായ ഏത് കക്ഷിയിൽ നിന്നും ഇരകൾക്ക് മുഴുവൻ നഷ്ടപരിഹാരവും തേടാം. പിന്നീട് അവർക്ക് പരസ്പരം തങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കനുസരിച്ച് തുക തീർപ്പാക്കാവുന്നതാണ്.

കേസിലെ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിനെയും തുടർച്ചയായ പരാതികൾ അവഗണിച്ച സർക്കാർ വകുപ്പിനെയും കോടതി വിമർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 70 ശതമാനം ഉത്തരവാദി എലിവേറ്റർ കമ്പനിക്കും, 25 ശതമാനം എംഇഎസിനും, അഞ്ച് ശതമാനം സർക്കാർ വകുപ്പിനുമാണ് കോടതി നിശ്ചയിച്ചത്.

English Summary

The Supreme Court has ruled that lift manufacturers, maintenance agencies, and building owners are jointly responsible for elevator accidents, categorizing lifts as public transport. The court upheld Rs 3.01 crore compensation for a diplomat's family in a 2003 lift fatality, holding Otis Elevator Company and other agencies liable for negligence and unaddressed defects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLAINER, LATESTNEWS, LIFT ACCIDENT, SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360