SignIn
Kerala Kaumudi Online
Monday, 28 September 2026 9.46 PM IST

ചരിത്രനേട്ടം; ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി സ്റ്റാർഷിപ്പ്, 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും വിന്യസിച്ചു

space-x-star-ship-
സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്

ടെക്സസ്: ചരിത്രത്തിലാദ്യമായി സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. 14-ാം പരീക്ഷണ വിക്ഷേപണത്തിലാണ് സ്റ്റാർഷിപ്പ് നിർണായക നേട്ടം കൈവരിച്ചത്. ഇന്ന് ടെക്‌സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. മുമ്പ് നടത്തിയ 13 പരീക്ഷണങ്ങളും സബ് ഓർബിറ്റൽ ദൗത്യങ്ങളായിരുന്നെങ്കിലും ഇത്തവണ ആദ്യമായി ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

ഏകദേശം 40നില കെട്ടിടത്തിന്റെ ഉയരമുള്ള സ്റ്റാർഷിപ്പ് വാഹനത്തിൽ സൂപ്പർ ഹെവി ബൂസ്റ്ററും മുകളിൽ സ്റ്റാർഷിപ്പ് പാർട്ടുമാണുള്ളത്. വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർഷിപ്പിന്റെ മൂന്ന് പ്രധാന എൻജിനുകളിൽ ഒന്ന് പ്രതീക്ഷിച്ചതിലും നേരത്തെ പ്രവർത്തനം നിർത്തി. ഇതോടെ ദൗത്യം ഭ്രമണപഥത്തിലെത്താതെ അവസാനിക്കുമെന്ന ആശങ്കയുണ്ടായി.

എന്നാൽ എൻജിനീയർമാരുടെ വിലയിരുത്തലിന് ശേഷം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമം തുടരാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സ്റ്റാർഷിപ്പ് വിജയകരമായി ഓർബിറ്റൽ ബേൺ പൂർത്തിയാക്കി ഭ്രമണപഥത്തിലെത്തി. പുതിയ റോക്കറ്റ് സംവിധാനത്തിന്റെ വികസനത്തിലെ നിർണായക പരീക്ഷണമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ പുതിയ തലമുറയിലെ 26 സ്റ്റാർലിങ്ക് വി-3 ഉപഗ്രഹങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വിന്യസിച്ചു. ഏകദേശം 269 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹങ്ങൾ വിന്യസിച്ചത്. വിക്ഷേപണത്തിന് ശേഷം 10 മണിക്കൂർ കൊണ്ട് ഭൂമിയെ ആറ് തവണ വലംവയ്ക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പേടകത്തിന്റെ സാങ്കേതിക അവസ്ഥകൾ പരിശോധിച്ച ശേഷം ദൗത്യം മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെ പസഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്യിക്കാൻ സ്‌പേസ് എക്സ് തീരുമാനിക്കുകയായിരുന്നു

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ കൂടുതൽ വേഗത്തിലും വലിയ തോതിലും ഭ്രമണപഥത്തിലെത്തിക്കുകയാണ് സ്റ്റാർഷിപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഉപഗ്രഹ വിക്ഷേപണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതോടൊപ്പം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ശേഷിയും വികസിപ്പിക്കുകയാണ് സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. ആളുകളെയും ചരക്കുകളും ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുന്നതിനുള്ള പ്രധാന വിക്ഷേപണ സംവിധാനമായി സ്റ്റാർഷിപ്പിനെ വികസിപ്പിക്കുകയാണ് സ്‌പേസ് എക്‌സ്.

English Summary

SpaceX's Starship rocket successfully reached Earth's orbit for the first time during its 14th test launch from Starbase, Texas. Despite an initial engine issue, the mission proceeded, deploying 26 new-generation Starlink V-3 satellites at 269 km altitude. The vehicle later landed in the Pacific Ocean ahead of schedule. This marks a critical step for future space endeavors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPACEX STARSHIP, STARSHIP ORBIT, STARLINK V3 SATELLITES, SPACEX LAUNCH, STARSHIP FLIGHT 14
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE