SignIn
Kerala Kaumudi Online
Wednesday, 27 May 2026 2.41 PM IST

പച്ചപ്പുതപ്പും മരവീടുകളും; പ്രകൃതി ക്യാൻവാസിൽ വരച്ച മനോഹര ചിത്രം പോലെ ഒരു ഗ്രാമം!

shangarh

യാത്രകളെ അത്രമേൽ മനോഹരമാകുന്നത് അനുഭവങ്ങളാണ്. പല വിനോദസഞ്ചാര കേന്ദ്രങ്ങളും വാണിജ്യവൽക്കരിക്കപ്പെടുമ്പോൾ യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് നഷ്ടമാകുന്നത് ജീവിതത്തിൽ എന്നും ഓർമ്മയിൽ തങ്ങിനിൽക്കേണ്ട മനോഹരങ്ങളായ അനുഭവങ്ങളാണ്. എന്നാൽ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി പ്രകൃതിഭംഗിയും പരമ്പരാഗത ചാരുതയും ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലേക്ക് യാത്ര പോയാലോ?

തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി ശാന്തമായ ഒരു യാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഹിമാചൽ പ്രദേശിലെ ശാംഗഡ് ഗ്രാമം. തടാകങ്ങളും പച്ചപ്പുനിറഞ്ഞ പുൽമേടുകളും മരത്തടികൊണ്ട് നിർമ്മിച്ച പരമ്പരാഗത വീടുകളും മഞ്ഞുപുതച്ച മലനിരകളും കോർത്തിണക്കിയ ഈ ഗ്രാമം കാഴ്ച്ചക്കാരെ അതിശയിപ്പിക്കുന്നതാണ്.

shangarh

ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി പരന്നുകിടക്കുന്ന വിശാലമായ പച്ചപ്പുനിറഞ്ഞ പുൽമേടുകളാണ് പ്രധാന ആകർഷണം. ശാന്തമായ അന്തരീക്ഷം മനസിന് കുളി‌മയും സന്തോഷവും നൽകുന്നതാണ്. പച്ചപ്പ് നിറഞ്ഞ മനോഹരമായ വഴികളിലൂടെ ട്രക്കിങ്ങുകൾ നടത്താം. പ്രകൃതിഭംഗിക്കൊപ്പം ഗ്രാമത്തിലെ ജനങ്ങളുടെ ലളിതമായ ജീവിതരീതിയും പരമ്പരാഗത വാസ്തുവിദ്യയും സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. സുഖകരമായ തണുത്ത കാറ്റാണ് ശാംഗഡിന്റെ മറ്റൊരു പ്രധാന സവിശേഷത. വേനൽക്കാലത്താണ് ഇവിടേയ്ക്ക് സ‌ഞ്ചാരികൾ അധികമായി എത്താറുള്ളത്.

shangarh

മൺസൂൺ കാലത്ത് ഇവിടേയ്ക്കുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല. ഡിസംബർ മുതൽ ഫെബ്രുവരി വരെ മഞ്ഞുവീഴ്ച ഇഷ്ടപ്പെടുന്നവർക്ക് ഈ ഗ്രാമം ഒരു ശീതകാല സ്വർഗമായി മാറും. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ഈ സുന്ദരമായ പുൽമേട്. ശാംഗഡിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം കുളു ആണ്. അവിടെ നിന്നും ടാക്സി വഴി ശാംഗഡിൽ എത്താം. ചണ്ഡീഗഡ് ആണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും റോഡ് മാർഗ്ഗം യാത്ര ചെയ്യാം. മണാലി, കുളു എന്നിവിടങ്ങളിൽ നിന്നും ബസ് വഴിയോ ടാക്സി വഴിയോ ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIMACHAL PRADESH, SHANGARH, TRAVEL, TOURISM, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY