
കുടിച്ച വെള്ളത്തിൽ ദാഹം മാറിയാൽ
വെള്ളത്തെ പ്രാകുന്ന മനുഷ്യനാകുന്നു ഞാൻ
മുടിഞ്ഞവാക്കുകൾ പറഞ്ഞുനടക്കുമ്പോൾ
കഷ്ടകാലത്തിന്റെ കുരുക്കഴിക്കുവാൻ ,
മടുത്ത മാനസം കുറിച്ചതില്ലെന്നിൽ
കഴിഞ്ഞയോർമ്മയിൽ കുഴഞ്ഞ ജീവിതം ,
മടുപ്പു നേരങ്ങളിൽ ഉടുപ്പഴിയ്ക്കുമ്പോൾ
ഉരുണ്ടുവീണുഞാൻ എച്ചിലുരുളപോലവേ
ചുഴലിപോലുടലിൽ അഴലിഴയുമ്പോഴും
കുരലുമൗനത്തിൽ ചാരമാകുമ്പോഴും
അഴകുതീരാത്ത ചിതയിലൊരു നേരം
അനുഗ്രഹമായ് വരും മരണമാകും വരെ.
ശാപവാക്കുകൾ ശവമഞ്ചമാക്കുവാൻ
ശാപജന്മത്തിന്റെ ശാലയായി ജീവനിൽ..
കുറവുകണ്ടവർ കനവുകാണാതെ
കനത്തയോർമ്മതൻ കരളുകാണാതെ...
നരകനാരായമെഴുതിവച്ച ജാതക കവിത
പോലവേ ഭൂരാശിയിൽ ചിതറുന്നു മാനസം,
പൊലിഞ്ഞുപോയൊരു പരിഭ്രമത്തിന്റെ
പലിശപോലതിൽ പടരുന്നു ശ്വാസവും ,
മതിഭ്രമത്തിന്റെ മധുരം നുണയുമ്പോൾ
മതിമറന്നതിനുള്ളിൽ മറച്ച നേരങ്ങൾ ,
കളഞ്ഞ വാക്കും കല്ലുകടിച്ച പല്ലും
പുളഞ്ഞുകൊത്തും പറഞ്ഞുതീരാതെ...
ഉദിച്ചവിണ്ണിൽ ഉയർന്നതിൽ നിന്നും
ഉയിരിലാളും നൂറുന്മാദ വർഷങ്ങൾ ,
മറഞ്ഞുനിന്നതിൽ മലക്കം മറിയ്ക്കുന്ന
മരണനോവിന്റെ മാമലയ്ക്കിപ്പുറം ,
അനുഭവത്തിന്റെ അഗാധഗർത്തങ്ങൾ
തുലഞ്ഞുപോകുന്ന തകർന്ന നേരങ്ങളിൽ
പുണർന്നുകൊഞ്ചിച്ച നല്ലകാലത്തിന്റെ
നിഴലുമകലവേ പ്രാകിഞാൻ മനുഷ്യനായ്...!
നിബിൻ കള്ളിക്കാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |