SignIn
Kerala Kaumudi Online
Monday, 06 July 2026 1.14 PM IST

പാകിസ്ഥാനും ചൈനയ്‌ക്കും ഇനി ഇന്ത്യയെ തൊടാനാകില്ല; കടലിനടിയിൽ പുത്തൻ മാർഗമൊരുങ്ങുന്നു

submarine
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണത്തിനായി അത്യാധുനിക സെൻസർ ശൃംഖല ഒരുക്കാനൊരുങ്ങി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്റെയും അന്തർവാഹിനികളുടെ സാന്നിദ്ധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നീക്കം. കടലിനടിയിലെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാനായി ഒരു ഫൈബർ ഒപ്‌റ്റിക് നിരീക്ഷണ ഗ്രിഡ് നിർമിക്കാനുള്ള നടപടികളും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ആരംഭിച്ചു.

സമുദ്രത്തിനടിയിൽ സ്ഥാപിക്കുന്ന ഈ ഫൈബർ ഒപ്‌റ്റിക് ശൃംഖലയ്‌ക്ക് 'അണ്ടർവാട്ടർ ഫൈബർ ഒപ്‌റ്റിക് സെൻസിംഗ് സിസ്റ്റം' എന്നാണ് പേരിട്ടിരിക്കുന്നത്. ഡിആർഡിഒയുടെ കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ലാബായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ നിർമാണം, വിന്യാസം, കമ്മീഷനിംഗ് എന്നിവയ്‌ക്കായി പങ്കാളികളെ കണ്ടെത്താനുള്ള താൽപ്പര്യപത്രം ലാബ് പുറപ്പെടുവിച്ചുകഴിഞ്ഞു. കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുന്ന സെൻസർ നോഡുകളെ ഫൈബർ ഒപ്‌റ്റിക് കേബിളുകൾ വഴി കരയിലെ നിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്‌ത് ശത്രു അന്തർവാഹിനികളെ കണ്ടെത്താനാകും.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് ആണവ അന്തർവാഹിനികളുടെയും ഗവേഷണ കപ്പലുകളുടെയും കടന്നുകയറ്റം വർദ്ധിച്ചിട്ടുണ്ട്. ഭാവിയിലെ അന്തർവാഹിനി നീക്കങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് ചൈനയുടെ ഗവേഷണ കപ്പലുകൾ ഈ മേഖലയിലെത്തുന്നത്. പാകിസ്ഥാൻ പുതുതായി പുറത്തിറക്കിയ എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുള്ള ചൈനീസ് നിർമിത ഹംഗോർ - ക്ലാസ് അന്തർവാഹിനികൾ ആഴ്‌ചകളോളം വെള്ളത്തിനടിയിൽ കഴിയാൻ ശേഷിയുള്ളവയാണ്. ഇത് ഇന്ത്യയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്.

ഇന്ത്യയുടെ അന്തർവാഹിനി നവീകരണ പദ്ധതികൾക്കും ആണവ അന്തർവാഹിനി നിർമാണത്തിനും വർഷങ്ങളുടെ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, കടലിനടിയിലെ ഈ സംവിധാനം നാവികസേനയുടെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. സെൻസർ ശൃംഖല മുഖേനെ 24 മണിക്കൂറും തുടർച്ചയായി നിശബ്‌ദമായി നിരീക്ഷണം നടത്താനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA UFOSS, UNDERWATER FIBER OPTIC SENSING SYSTEM, UNDERWATER SURVEILLANCE, UFOSS TECHNOLOGY, INDIA DEFENCE TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360